
തിരുവനന്തപുരം: ആർഎസ്‍പി നേതാവ് ടി.ജെ.ചന്ദ്രചൂഡനെ അനുസ്മരിച്ച് രാഷ്ര്ടീയ കേരളം. കേരള, ദേശീയ രാഷ്ട്രീയങ്ങളിൽ എല്ലാ കാലവും ഇടതുപക്ഷ നിലപാട് ഉയർത്തിപ്പിടിച്ച ആർഎസ്‍പി നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇടതുപക്ഷ മുന്നണിയോട് ഇണങ്ങിയപ്പോഴും പിണങ്ങിയപ്പോഴും അദ്ദേഹം വ്യക്തിബന്ധങ്ങൾ സൂക്ഷിച്ചിരുന്നുവെന്ന് ഗോവിന്ദൻ പറഞ്ഞു.
കേരളത്തിന് നഷ്ടമായത് നിശ്ചയദാർഢ്യവും നേതൃപാടവവുമുള്ള ഒരു തലമുതിർന്ന നേതാവിനെയാണ് എന്ന് സ്പീക്കർ എ.എൻ.ഷംസീർ അനുസ്മരിച്ചു. ആർഎസ്‍പി മുൻ ദേശീയ ജനറൽ സെക്രട്ടറി എന്ന നിലയ്ക്ക് മാത്രമല്ല കേരളത്തിന്റെ രാഷ്ട്രീയ - സാംസ്കാരിക മേഖലകളിൽ പ്രാസംഗികനും എഴുത്തുകാരനും പണ്ഡിതനുമെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നും സ്പീക്കർ അനുസ്മരിച്ചു.
ആർഎസ്പി ദേശീയ നേതാവ് പ്രൊഫ ടിജെ ചന്ദ്രചൂഡൻ അന്തരിച്ചു
പൊതുനയത്തിന്റെ അടിസ്ഥാനത്തിൽ ഇടതു പ്രസ്ഥാനങ്ങളോട് ചേർന്ന് പ്രവർത്തിച്ചയാളാണ് ചന്ദ്രചൂഡൻ എന്ന് എളമരം കരീം അനുസ്മരിച്ചു. വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ആളായിരുന്നു ചന്ദ്രചൂഡനെന്നും എളമരം കരീം പറഞ്ഞു.
എല്ലാവരോടും സ്നേഹത്തോടും സൗഹൃദത്തോടും പെരുമാറുന്ന വലിയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ചന്ദ്രചൂഡനെന്ന് ധനമന്ത്രി കെ .എൻ.ബാലഗോപാൽ പറഞ്ഞു. വിദ്യാർത്ഥി ആയിരുന്നപ്പോഴേ അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഇടതുപക്ഷത്തിന് നിർണായക സംഭാവനകൾ നൽകിയ നേതാവാണ് അദ്ദേഹമെന്ന് പി.രാജീവ് അനുസ്മരിച്ചു. ആർഎസ്‍പിക്ക് മാത്രമല്ല എല്ലാവർക്കും വലിയ നഷ്ടമാണ് ടി.ജെ.ചന്ദ്രചൂഡന്റെ വിയോഗമെന്ന് മുൻ മന്ത്രി കെ.കെ.ശൈലജ അനുസ്മരിച്ചു.
ടി.ജെ.ചന്ദ്രചൂഡന്റെ വിയോഗം വേദനിപ്പിക്കുന്നതാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ദീർഘകാലം അദ്ദേഹവുമായി പ്രവർത്തിക്കാൻ കഴിഞ്ഞതായും യെച്ചൂരി പറഞ്ഞു. ഇടത് നിലപാട് ഉയർത്തിപ്പിടിച്ച നേതാവാണ് ടി.ജെ.ചന്ദ്രചൂഡനെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു. ആർജവത്തോടെ രാഷ്ട്രീയ നിലപാട് സ്വീകരിച്ച നേതാവാണ് അദ്ദേഹം. പ്രത്യാഘാതം നോക്കാതെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനായി നിലകൊണ്ടു. മുന്നണിയിൽ നിൽക്കുമ്പോൾ സിപിഎമ്മിന്റെ ഇടത് വ്യതിയാനത്തെ തുറന്നെതിർക്കാൻ ആർജ്ജവം കാണിച്ച നേതാവാണ് അദ്ദേഹമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.