
കണ്ണൂർ സി പി എമ്മിൽ കലാപക്കൊടി ഉയർത്തിയ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ബഹുജന മാർച്ചും രാഷ്ട്രീയ വിശദീകരണ യോഗവും നടത്തി. ഗോവിന്ദന്‍റെ തട്ടകമായ മലപ്പട്ടത്താണ് സി പി എം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ജില്ലയിലെ പ്രമുഖ നേതാക്കളായ എം വി ജയരാജൻ, പി ജയരാജൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. ടി കെ ഗോവിന്ദൻ മാഷിനൊപ്പം ഇപ്പോൾ അദ്ദേഹത്തിനൊപ്പം അദ്ദേഹം മാത്രമാണെന്ന അവസ്ഥയാണെന്നും സ്വന്തം ബന്ധുക്കൾ പോലും കൂടെയില്ലെന്നും രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ പരിഹസിച്ചു. ആന്തൂരിലെ സാജന്റെ മരണത്തിൽ പി കെ ശ്യാമള ടീച്ചർക്ക് പങ്കില്ലെന്ന് കോടതിയും പൊലീസും വ്യക്തമാക്കിയതാണെന്നും അദ്ദേഹം ആവർത്തിച്ചു. നേതാക്കളെ സേവിച്ച് സ്ഥാനാർത്ഥിയാകാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ കഴിയുമെന്ന് ടി കെ ഗോവിന്ദനോട് ആരാണ് പറഞ്ഞതെന്നും എം വി ജയരാജൻ ചോദിച്ചു.
ടി കെ ഗോവിന്ദൻ ശത്രുവിന്റെ കോടാലിക്കൈയായി മാറിയെന്നാണ് പി ജയരാജൻ അഭിപ്രായപ്പെട്ടത്. കുടുംബവാഴ്ചയെക്കുറിച്ച് സംസാരിക്കുന്ന കോൺഗ്രസുകാർ ഉമാ തോമസിനെ സ്ഥാനാർത്ഥിയാക്കിയതിനെക്കുറിച്ച് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി ടി തോമസ് മരിക്കുന്നവരെ എന്തായിരുന്നു അവർക്ക് കോൺഗ്രസുമായുള്ള ബന്ധം എന്ന് പറയണമെന്നു പി ജയരാജൻ ആവശ്യപ്പെട്ടു. പാർട്ടിയെ വെല്ലുവിളിച്ച് തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്ന ഗോവിന്ദനെ രാഷ്ട്രീയമായി നേരിടുമെന്ന പ്രഖ്യാപനത്തോടെയാണ് പ്രതിഷേധ യോഗം അവസാനിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam