
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പാർട്ടി വിട്ട മുൻ നേതാവും തളിപ്പറമ്പ് എംഎൽഎയുമായ ടി.കെ. ഗോവിന്ദൻ. യഥാർത്ഥ പരാജയ കാരണങ്ങളാണോ സിപിഎം ഇപ്പോൾ ചർച്ച ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. പരാജയങ്ങൾ ഉണ്ടാകുമ്പോൾ ഇത്തരം ചില 'അഭ്യാസങ്ങൾ' മുൻപും സിപിഎം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. അന്യരല്ല, യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരായ പാർട്ടി അണികൾ തന്നെയാണ് ഇത്തവണ സിപിഎമ്മിനെതിരെ വോട്ട് ചെയ്തത്. നേതൃത്വത്തിന്റെ അഹങ്കാരത്തിനും ജനവിരുദ്ധ സമീപനത്തിനുമെതിരെയാണ് ജനങ്ങൾ വിധി എഴുതിയതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളിലൊന്നായ പയ്യന്നൂരിലും, നിരവധി രക്തസാക്ഷികളുടെ വീരചരിത്രമുള്ള തളിപ്പറമ്പിലുമാണ് ഇത്തവണ ഇടതുപക്ഷം പരാജയപ്പെട്ടത്. ഇത് പാർട്ടിയെ സംബന്ധിച്ച് വലിയ ആത്മപരിശോധനയ്ക്ക് വഴിതുറക്കേണ്ടതാണ്. എന്നാൽ പള്ളിയിൽ നിന്നുള്ള നിർദ്ദേശം കാരണമാണ് ഇടതുപക്ഷം പരാജയപ്പെട്ടതെന്ന് ചില വിദഗ്ധന്മാർ പറയുന്നു. ന്യൂനപക്ഷ വർഗ്ഗീയത ഉറഞ്ഞുതുള്ളിയതാണ് പരാജയത്തിന് കാരണമെന്നാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പറയുന്നത്. ഇതൊന്നുമല്ല യഥാർത്ഥ വസ്തുതയെന്ന് ടി.കെ. ഗോവിന്ദൻ വ്യക്തമാക്കി.
സിപിഎമ്മിനെ നയിക്കുന്നത് അന്ധത ബാധിച്ച നേതൃത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യ മര്യാദകൾ അംഗീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറായില്ല. താഴെത്തട്ടിലുള്ള പാർട്ടി അണികളുടെയോ ജനങ്ങളുടെയോ ചർച്ചകളും ആവശ്യങ്ങളും കേൾക്കാൻ ഒട്ടും തയ്യാറാകാതിരുന്നതാണ് ഈ വലിയ പരാജയത്തിന് കാരണം. കഴിഞ്ഞ എൽഡിഎഫ് സർക്കാർ നല്ല കാര്യങ്ങൾ ചെയ്തിട്ടും എന്തുകൊണ്ടാണ് ജനങ്ങൾ ഇത്രയും വലിയ തിരിച്ചടി നൽകിയതെന്ന് പാർട്ടി ചിന്തിക്കണം. പാർട്ടിയുടെ നട്ടെല്ലായ അടിസ്ഥാന വർഗ്ഗത്തെ പൂർണ്ണമായും മറന്നു പ്രവർത്തിച്ചതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. ഇത്രയും വലിയ തിരിച്ചടി നേരിട്ടിട്ടും ഈ തെറ്റുകളിൽ നിന്ന് പാഠം പഠിക്കാൻ സിപിഎം നേതൃത്വം ഇപ്പോഴും തയ്യാറാകുന്നില്ലെന്നും ടി.കെ. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam