
ചെന്നൈ: ഹിന്ദി രാജ്യവ്യാപകമായി ഔദ്യോഗിക ഭാഷയാക്കാനുള്ള പാർലമെന്‍ററി സമിതി ശുപാർശക്കെതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി. ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ പാർലമെൻ്ററി സമിതിയുടെ ശുപാർശകൾ നടപ്പാക്കരുതെന്ന് പ്രമേയം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്‍റെ അഭാവത്തിലാണ് പ്രമേയം പാസാക്കിയത്. ചോദ്യോത്തര വേള സമയത്ത് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ സ്പീക്കർ അനുവദിച്ചിരുന്നില്ല.
ഇതേ തുടര്‍ന്ന് സഭയിൽ ബഹളമുണ്ടായതോടെ പ്രതിപക്ഷത്തെ സഭയിൽ നിന്ന് പുറത്താക്കാൻ സ്പീക്കർ എം.അപ്പാവു ഹൗസ് മാർഷലുകളോട് ആവശ്യപ്പെടുകയായിരുന്നു. ഇത് സഭയിൽ വലിയ ബഹളത്തിന് ഇടയാക്കി. പ്രമേയത്തിനെതിരെ പ്രതിഷേധിച്ച ബിജെപി എംഎൽഎമാർ സഭ ബഹിഷ്കരിച്ചു. അതേസമയം അണ്ണാ ഡിഎംകെ വിമത നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒ.പനീർശെൽവം പ്രമേയത്തെ സ്വാഗതം ചെയ്തു.
ഏകീകൃത സിവിൽ കോഡ്: നിയമ കമ്മീഷൻ്റെ പരിഗണനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ദില്ലി: ഏകീകൃത സിവിൽ കോഡ് സംബന്ധിച്ചുള്ള വിഷയങ്ങൾ നിയമ കമ്മീഷന്റെ പരിഗണനയിലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ പാർലമെന്റിന് നിർദ്ദേശം നൽകാൻ കോടതിക്കോ സർക്കാരിനോ ആകില്ലെന്നെന്നും കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഭരണഘടനയുടെ അനുഛേദം നാൽപത്തിനാല് അനുസരിച്ച് ഒരു മതേതരത്വരാജ്യമെന്ന് നിലയിൽ ഇന്ത്യയെ ശക്തിപ്പെടുത്തുക എന്നതാണ് സർക്കാരുകളുടെ ചുമതല. എന്നാൽ വൈവിധ്യമായ വ്യക്തിനിയമങ്ങൾ ഇന്ത്യയിൽ ഒരോ വിഭാഗങ്ങൾക്കുമിടയിലുണ്ട്. ഈ സാഹചര്യത്തിൽ ഇതെല്ലാം കണക്കിലെടുത്ത് മാത്രമേ സിവിൽ കോഡ് നടപ്പാക്കാനാകൂ. ഇതിന് വിശദമായ ചർച്ചയും പഠനവും ആവശ്യമാണെന്നും ഇതെല്ലാം നിയമകമ്മീഷന്റെ പരിഗണനയിൽ വരുമെന്നും കേന്ദ്രം വ്യക്തമാക്കി. അതിനാൽ കോടതിക്ക് മുന്നിൽ എത്തിയ സിവിൽ കോഡ് സംബന്ധിച്ചുള്ള ഹർജിക്ക് സാധുതയില്ലെന്നും ഇത് തള്ളണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു. ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യയായ ആണ് കേസിലെ ഹർജിക്കാരൻ