RTPCR Test : എയർപോർട്ടുകളിൽ ആർടിപിസിആറിന്‍റെ പേരിൽ പകൽക്കൊള്ള, പരിഹാരം വേണമെന്നും ടി എൻ പ്രതാപൻ എം പി

By Anver SajadFirst Published Dec 6, 2021, 5:03 PM IST
Highlights

കേരളത്തിൽ തന്നെ ആർ ടി ഓതി സി ആർ ടെസ്റ്റുകൾക്ക് 500 രൂപ നിശ്ചയിച്ചിട്ടുള്ളതാണ്. എന്നാൽ കൊച്ചി എയർപോർട്ടിലെ ഫീസ് 2490 വരെ വരുന്നുണ്ടെന്ന് യാത്രക്കാർ പരാതി പറയുന്നു

ദില്ലി: ആർ ടി പി സി ആർ ടെസ്റ്റുകൾക്ക് (RTPCR Test) വേണ്ടി എയർപോർട്ടുകളിലുള്ള (Airport) സംവിധാനങ്ങൾ പകൽകൊള്ള നടത്തുകയാണെന്ന് ടി എൻ പ്രതാപൻ എം പി (T N Prathapan MP) ലോകസഭയിൽ റൂൾ 377 പ്രകാരമുള്ള സബ്മിഷനിലൂടെ പരാതിപ്പെട്ടു. സാധാരണ ആർ ടി പി ആർ ടെസ്റ്റ് ചെയ്യാൻ വേണ്ടതിന്റെ നാലും അഞ്ചും ഇരട്ടിയാണ് എയർപോർട്ടുകളിൽ ടെസ്റ്റിങ് ഫെസിലിറ്റികളിൽ ഈടാക്കുന്നത്.

കൊവിഡ് മഹാമാരിക്ക് ശേഷം എയർപോർട്ടിലെത്തുന്ന യാത്രക്കാർക്ക് പരിശോധനക്ക് വേണ്ടി സൗകര്യപ്പെടുത്തിയ ഇത്തരം സംവിധാനങ്ങൾ ഭൂരിഭാഗവും സ്വകാര്യ ലാബുകളുടേതാണ്. കേരളത്തിൽ തന്നെ ആർ ടി ഓതി സി ആർ ടെസ്റ്റുകൾക്ക് 500 രൂപ നിശ്ചയിച്ചിട്ടുള്ളതാണ്. എന്നാൽ കൊച്ചി എയർപോർട്ടിലെ ഫീസ് 2490 വരെ വരുന്നുണ്ടെന്ന് യാത്രക്കാർ പരാതി പറയുന്നു. മഹാമാരിക്കാലത്ത് ആരോഗ്യമേഖലകളിൽ തീവെട്ടിക്കൊള്ള നടക്കുന്നു എന്ന പരാതികൾ ഉയർന്നപ്പോൾ കോടതികൾ ഇടപെട്ടാണ് പരിശോധനാ ഫീസ് നിശ്ചയിച്ചത്. ഇത് എയർപോർട്ടിനകത്ത് ബാധകമാകാത്ത സ്ഥിതി അംഗീകരിക്കാനാവില്ല.

അന്വേഷിച്ചിടത്തോളം രാജ്യത്തെ ഒട്ടുമിക്ക എയർപോർട്ടുകളുടെയും സ്ഥിതിയിതാണ്. പ്രവാസികളായ യാത്രക്കാർക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പ്രത്യേകിച്ചും യു എ എയിലേക്കുള്ള യാത്രക്കാർക്ക് ആർ ടി പി സി ആർ എടുക്കേണ്ട സാഹചര്യങ്ങളുണ്ടായിരുന്നു. കൊച്ചിയിൽ നിന്നുമാത്രം ആഴ്ചതോറും നൂറ് കണക്കിന് വിമാന സർവ്വീസുകൾ യു എ എയിലേക്കുണ്ട്. എയർപോർട്ടിന് പുറത്തെ പരിശോധനാ ഫീസിന്റെ നാലും അഞ്ചും ഇരട്ടി ഈടാക്കി ഇത്രയധികം യാത്രക്കാരിൽ നിന്ന് കൊള്ളലാഭമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നത്.

എയർപോർട്ട് അതോറിറ്റിക്ക് ഇത് സംബന്ധിച്ച കൃത്യമായ നിർദ്ദേശങ്ങൾ കൊടുക്കണം. എയർപോർട്ടിന് പുറത്ത് അതാത് സംസ്ഥാനങ്ങൾ നിശ്ചയിച്ച ഫീസ് മാത്രമേ എയർപോർട്ടിനകത്തും ഈടാക്കാവൂ എന്ന് തീരുമാനിക്കണമെന്നും ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു.

click me!