
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വ്യക്തമായ ആധിപത്യം നൽകിയ ഏക കോർപറേഷനായിരുന്നു കണ്ണൂർ. എന്നാൽ മേയർ സ്ഥാനത്തെ ചൊല്ലി തർക്കം തുടങ്ങിയതോടെ അത്യന്തം നാടകീയമായാണ് അന്തിമ തീരുമാനത്തിലേക്ക് എത്തിയത്. സമവായമുണ്ടാക്കാൻ തുടർച്ചയായി നടത്തിയ യോഗങ്ങൾ പരാജയപ്പെട്ടതോടെ കോൺഗ്രസ് കൗൺസിലർമാരുടെ ഇടയിൽ വോട്ടെടുപ്പ് നടത്തി. ഒരു വോട്ടിന് പികെ രാഗേഷിനെ തോൽപ്പിച്ച ടിഒ മോഹനൻ നഗരത്തിന്റെ മേയറാകും.
കോൺഗ്രസിന്റെ 20 കൗൺസിലർമാർ ഡിസിസി ഓഫീസിൽ പത്തുമണിയോടെ എത്തിയത് മുതൽ എങ്ങും പിരിമുറുക്കമായിരുന്നു. മേയർ സ്ഥാനത്തേക്ക് കണ്ണുവച്ച കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജും കോർപ്പറേഷനിലെ കക്ഷിനേതാവായിരുന്ന ടിഒ മോഹനനും മുൻ ഡെപ്യൂട്ടി മേയർ പികെ രാഗേഷും കഴിഞ്ഞ ദിവസങ്ങളിലൊക്കെയും ഈ കൗൺസിലർമാരോട് സംസാരിക്കുന്നുണ്ടായിരുന്നു. ടി സിദ്ദിഖിനെ നിരീക്ഷകനാക്കി നടത്തിയ രഹസ്യ ബാലറ്റിൽ മോഹനൻ ഒരു വോട്ടിന് ജയിച്ചു.
ഒൻപത് പേരുടെ പിന്തുണ രാഗേഷിന് കിട്ടിയത് നേതാക്കളെ അമ്പരപ്പിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടന്ന കാര്യം നേതാക്കൾ പുറത്തുവന്ന് നിഷേധിച്ചു. കണ്ണൂർ മുനിസിപ്പലിറ്റി ആയിരുന്ന സമയത്ത് വൈസ് ചെയർമാൻ കൂടിയായ മോഹനന് കൗൺസിലർമാരോടുള്ള വ്യക്തിബന്ധമാണ് നേട്ടമായത്. മേയർ പദവി മുസ്ലി ലീഗുമായി പങ്കുവയ്ക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. ഡപ്യൂട്ടി മേയറെ ഇന്ന് വൈകിട്ട് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രഖ്യാപിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam