'ക്യാമറ കണ്ണിലെ അഴിമതി, 'കൊട്ട' പ്രതിഷേധം, രാഹുലിന് ഇളവില്ല, ചക്രവാത ചുഴിയും ചുഴലി ഭീഷണിയും'-10 വാർത്ത

Published : May 03, 2023, 05:58 PM ISTUpdated : May 03, 2023, 06:04 PM IST
'ക്യാമറ കണ്ണിലെ അഴിമതി, 'കൊട്ട' പ്രതിഷേധം, രാഹുലിന്  ഇളവില്ല, ചക്രവാത ചുഴിയും ചുഴലി ഭീഷണിയും'-10 വാർത്ത

Synopsis

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, പൊതുതാൽപര്യമുള്ള പൊതു പദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം രജിസ്ട്രേഷൻ ചെയ്യുമ്പോൾ മുദ്ര വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ്, മലയാലപ്പുഴയിൽ വീണ്ടും ആഭിചാരക്രിയ, ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് പിക് അപ്പ് വാനിന് ഫൈൻ-  അറിയാം ഇന്നത്തെ പ്രധാന 10 വാർത്തകള്‍.

1. പൊതു പദ്ധതികൾക്കുള്ള ഭൂമി കൈമാറ്റം; മുദ്ര വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ്

പൊതുതാൽപര്യമുള്ള പൊതു പദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം രജിസ്ട്രേഷൻ ചെയ്യുമ്പോൾ മുദ്ര വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ്.  ബിപിഎൽ ലിസ്റ്റിൽപ്പെടുന്ന ഭൂരഹിതർക്ക് ദാനമായോ വിലക്കോ വാങ്ങി നൽകുന്ന ഭൂമിക്ക് ഇളവുണ്ടാകും. 10 സെന്റ് വരെയുള്ള ഭൂമിക്കാണ് ഇളവ്. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.  ഭൂരഹിതരായ ബി.പി.എൽ കാറ്റഗറിയിൽ വരുന്ന കുടുംബങ്ങൾക്ക് വീട് വയ്ക്കുന്നതിന് കേരള സ്റ്റാമ്പ് ആക്ടിൽ നിഷ്കർഷിച്ചിരിക്കുന്ന ''കുടുംബം" എന്ന നിർവ്വചനത്തിൽ വരുന്ന ബന്ധുക്കൾ ഒഴികെയുള്ള ആൾക്കാർ ദാനമായോ വിലയ്ക്ക് വാങ്ങിയോ കൊടുക്കുന്ന കുടുംബമൊന്നിന് 10 സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസ്ട്രേഷനാവശ്യമായ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഇളവ് നൽകും. 

2. ജോലി സമയത്ത്  യെച്ചൂരിയുടെ പ്രസംഗം കേൾക്കാൻ സെക്രട്ടേറിയറ്റ് ജീവനക്കാരെ ഇറക്കി സിപിഎം അനുകൂല സംഘടന

സെക്രട്ടറിയേറ്റിൽ ജോലി സമയത്ത് സെമിനാർ നടത്തി സിപിഎം അനുകൂല സംഘടന. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസംഗം കേൾക്കാനാണ് ജീവനക്കാരെ ഇറക്കിയത്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ആണ് ജോലി സമയത്ത് പരിപാടി നടത്തിയത്. ഉച്ചയ്ക്ക് 1.15 മുതൽ 2.15 വരെയാണ് ഉച്ചഭക്ഷണ ഇടവേള. എന്നാൽ ഒന്നേകാലിന് തുടങ്ങിയ പരിപാടി സമാപിച്ചത് 2.54നാണ്. ഈ സമയത്തൊക്കെയും ജീവനക്കാർ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. സെക്രട്ടേറിയറ്റിനോട് ചേർന്നുള്ള സെൻട്രൽ സ്റ്റേഡിയത്തിലായിരുന്നു അസോസിയേഷന്റെ സുവർണ ജൂബിലി കോൺഫറൻസ് നടന്നത്.

3. അപകീർത്തി കേസ്: രാഹുൽ നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി; ഇളവ് തേടിയുള്ള ഹര്‍ജി തള്ളി

മോദി പരാമര്‍ശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി. ഇളവ് തേടി രാഹുൽ നൽകിയ ഹർജി റാഞ്ചി കോടതി തള്ളി. മോദി പരാമർശത്തിൽ രാഹുലിനെതിരെ റാഞ്ചിയിലും ഒരാൾ പരാതി നൽകിയിരുന്നു. പ്രദീപ് മോദിയെന്നയാളാണ് കോലാർ പ്രസംഗത്തിനെതിരെ കോടതിയെ സമീപിച്ചത്. മോദി പരാമര്‍ശത്തില്‍ രാഹുലിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ കേസുണ്ട്.  

4. 'മൂടി വെക്കാനാകില്ല ഈ അഴിമതി'; ട്രാഫിക് ക്യാമറ കൊട്ടകൊണ്ട് മറച്ച് പികെ ഫിറോസിന്‍റെ പ്രതിഷേധം

എഐ ക്യാമറ ക്രമക്കേടിൽ സംസ്ഥാന സർക്കാരിനെതിരെ  പ്രതിഷേധവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ട്രാഫിക് ക്യാമറ കൊട്ടകൊണ്ട് മറിച്ച് പ്രതീകാത്മക പ്രതിഷേധവുമായാണ് പികെ ഫിറോസ് സർക്കാരിനെതിരെ രംഗത്തെത്തിയത്. കൊട്ടിയിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായായിരുന്നു ലീഗ് നേതാവിന്‍റെ കൊട്ട കൊണ്ടുള്ള പ്രതിഷേധം. പുതിയ പ്രതിഷേധ രീതി പികെ ഫിറോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ട്രാഫിക് ക്യാമറയെ മുളകൊണ്ടുണ്ടാക്കിയ കൊട്ടകൊണ്ട് മറച്ച്, മൂടി വെക്കാനാകില്ല ഈ അഴിമതിയെന്ന കുറിപ്പോടെ ഫിറോസ് പ്രതിഷേധത്തിന്‍റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചു. 

5. ചുഴലി ഭീഷണി! ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത, മഴ സാഹചര്യം മാറും

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശനിയാഴ്ച രൂപപ്പെടുന്ന ചക്രവാതച്ചുഴി 8 ാം തീയതിയോടെ അതി തീവ്ര ന്യൂനമർദ്ദമായി മാറിയേക്കുമെന്നാണ് വ്യക്തമാകുന്നത്. അങ്ങനെയെങ്കിൽ ഇത് പിന്നീട് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. എന്നാൽ ചുഴലിക്കാറ്റിന്‍റെ സ്വാധീനപ്രദേശത്തിലും ശക്തിയും എങ്ങനെയാകുമെന്നത് വ്യക്തമായിട്ടില്ല. 

6.  മലയാലപ്പുഴയിൽ വീണ്ടും ആഭിചാര വിവാദം; മുമ്പ് പൊലീസ് പിടിയിലായ സ്ത്രീയുടെ വീട്ടിൽ, പ്രതിഷേധം

പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിൽ വീണ്ടും ആഭിചാരക്രിയകൾ. മുമ്പ് പോലീസ് പിടിയിലായ ശോഭനയുടെ വീട്ടിൽ ആണ് പൂജകൾ നടക്കുന്നത്. പൂജകളുടെ പണം നൽകിയില്ലെന്നു ആരോപിച്ച് പത്തനാപുരം സ്വദേശികളെ പൂട്ടിയിട്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്. മന്ത്രവാദ കേന്ദ്രത്തിലേക്ക് സിപിഎം പ്രതിഷേധം നടത്തി. മൂന്നുപേരെയാണ് ഇവർ വീട്ടിനുള്ളിൽ പൂട്ടിയിട്ടത്.  മൂന്ന് പേരിൽ 7 വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. പത്തനാപുരം സ്വദേശികളെ ആണ് പൂട്ടിയിട്ടത്. പത്തനാപുരത്തെ തട്ടിപ്പ് കേസിലെ പ്രതിയുടെ കുടുംബം ആണ് മന്ത്രവാദ കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. അഞ്ചു ദിവസം ആയി പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നു കുടുംബം പറഞ്ഞു. 

7. എംവിഡിയില്‍ നിന്ന് പ്രസാഡിയോക്ക് മുമ്പും കരാർ, മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കി രേഖകൾ

റോഡ് ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കുന്ന കൂടുതൽ രേഖകൾ പുറത്ത്. വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് നേരത്തെ ഊരാളുങ്കലിന് നൽകിയ കരാറിൽ ഉപകരാര്‍ നൽകിയത് പ്രസാഡിയോക്ക് ആയിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു. പ്രസാഡിയോ കമ്പനി രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച ഫിനാൻഷ്യൽ റിപ്പോര്‍ട്ടിൽ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ പേരുണ്ടെന്ന വിവരവും വെളിപ്പെട്ടു. 

8. അരിക്കൊമ്പൻ മടങ്ങി വരുമോയെന്ന് ഹൈക്കോടതി, സാധ്യതകൾ അറിയിച്ച് വനംവകുപ്പ്

കാടിനുള്ളിൽ തുറന്ന് വിട്ട അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരികെ വരാൻ സാധ്യത ഇല്ലേയെന്ന് ഹൈക്കോടതി. പുതിയ ഭക്ഷണരീതി ശീലമാകും വരെ ഇത്തരം സാധ്യത മുന്നിൽ കാണണമെന്ന് നിരീക്ഷിച്ച കോടതി കൃത്യമായ നിരീക്ഷണം തുടരണമെന്നും വനം വകുപ്പിന് നിർദ്ദേശം നൽകി. അരിക്കൊമ്പൻ ദൗത്യത്തിൽ തൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി ദൗത്യ സംഘത്തിലെ മുഴുവൻ അംഗങ്ങളെയും അഭിനന്ദിച്ച് കത്തയച്ചു. മനുഷ്യ- മൃഗ സംഘർങ്ങൾ പരിഹരിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

9. സമര പന്തലിലെത്തിയ പി ടി ഉഷയെ തടഞ്ഞ് വിമുക്തഭടൻ; മാധ്യമങ്ങളോട് പ്രതികരണമില്ല

ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ​ഗുസ്തിതാരങ്ങളെ സന്ദ‍‍ർശിക്കാനായി സമര പന്തലിൽ പി ടി ഉഷയെത്തി. ​ഗുസ്തിതാരങ്ങളുടെ സമരം നീണ്ടുപോവുന്നതിനിടെയാണ് പിടി ഉഷ രം​ഗത്തെത്തിയിരിക്കുന്നത്. നേരത്തെ, താരങ്ങൾക്കെതിരെയായിരുന്നു പിടി ഉഷയുടെ നിലപാട്. അതിനിടെ, സമരക്കാരോട് സംസാരിച്ച് പുറത്തിറങ്ങിയ പിടി ഉഷ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. പന്തലിൽ നിന്ന് പുറത്ത് പോവുന്നതിനിടെ പിടി ഉഷയുടെ വാഹനം വിമുക്തഭടൻ തടഞ്ഞു. സമരം ചെയ്യുന്നവരിലൊരാളായിരുന്നു വിമുക്ത ഭടൻ. 

10. ഹെൽമറ്റില്ലാതെ 'പിക് അപ് വാൻ' ഓടിച്ചു, യുവാവിനോട് പിഴയടക്കാൻ നോട്ടീസയച്ച് എംവിഡി!

ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് പിക് അപ്പ് വാനിന് പിഴചുമത്തുമോ? ഇല്ലാ എന്നായിരിക്കും മറുപടി. എന്നാൽ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ സ്വദേശി ബഷീന് കിട്ടി മോട്ടോര്‍ വാഹനവകുപ്പിന്‍റെ വിചിത്ര നോട്ടീസ്. ഹെൽമറ്റില്ലാതെ ഓടിക്കുന്ന ബൈക്കിന്‍റെ ചിത്രം സഹിതമാണ് പിക്കപ്പ് വാൻ രജിസ്ട്രേഷൻ നമ്പറിൽ ചെലാൻ നോട്ടീസ് അയച്ചത്. അമ്പരപ്പ് വിട്ടുമാറിയിട്ടില്ല ബഷീറിന്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് ബഷീറിന്‍റെ മൊബൈലിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് ആറ്റിങ്ങൽ ഓഫീസിൽ നിന്ന് സന്ദേശമെത്തിയത്.  500 രൂപ പിഴ ഒടുക്കണമെന്നായിരുന്നു നിര്‍ദേശം.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടുപ്പിച്ച് നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും
തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല