കോര്‍പ്പറേഷന്റെ ഭാഗം കേൾക്കാതെയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിറക്കിയതെന്നും നഷ്ടം കണക്കാക്കാതെയാണ് 100 കോടി രൂപ പിഴ വിധിച്ചതെന്നും അനിൽ കുമാർ കുറ്റപ്പെടുത്തി.

കൊച്ചി: ബ്രഹ്മപുരം തീ പിടുത്തവുമായി ബന്ധപ്പെട്ട ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിനെതിരെ കൊച്ചി മേയര്‍ എം അനിൽ കുമാർ. കോര്‍പ്പറേഷന്റെ ഭാഗം കേൾക്കാതെയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിറക്കിയതെന്നും നഷ്ടം കണക്കാക്കാതെയാണ് 100 കോടി രൂപ പിഴ വിധിച്ചതെന്നും അനിൽ കുമാർ കുറ്റപ്പെടുത്തി. ഇത് അംഗീകരികാനാവില്ലെന്നും ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കുമെന്നും അനിൽ കുമാർ കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതിയിൽ കേസ് നിൽക്കുന്നത് പോലും ദേശീയ ഹരിത ട്രൈബ്യൂണല്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

തീ പിടുത്തത്തില്‍ നഷ്ടം എത്രയാണ് എന്ന് കണക്കാക്കാതെ, എങ്ങിനെ 100 കോടി പിഴ നിശ്ചയിച്ചു എന്നായിരുന്നു കൊച്ചി മേയറുടെ ചോദ്യം. യുഡിഎഫ് കോർപ്പറേഷൻ ഭരിച്ച 2018ൽ ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴ വിധിച്ചിരുന്നു. ഹൈക്കോടതിയിൽ പോയി അവർ സ്റ്റേ വാങ്ങുകയായിരുന്നു. കാലങ്ങളായി തുടരുന്ന സിസ്റ്റത്തിന്റെ വീഴ്ചയാണ് ബ്രഹ്മപുരത്തിന്റെ പരാജയം. ഇപ്പോൾ സംഭവിച്ച വീഴ്ചയല്ലെന്നും മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

Also Read: ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർപറേഷന് 100 കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ

ബ്രഹ്മപുരം തീപിടുത്തത്തില്‍ കൊച്ചി കോർപ്പറേഷന് നൂറ് കോടി രൂപാണ് ദേശീയ ഹരിത ട്രൈബ്യൂണൽ പിഴയിട്ടത്. ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ ഒരു മാസത്തിനുള്ളില്‍ തുക അടക്കണം എന്നാണ് ഉത്തരവ്. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ തുക വിനിയോഗിക്കണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി വേണമെന്നും ഉത്തരവില്‍ ട്രൈബ്യൂണൽ നിർദ്ദേശിച്ചു. മാലിന്യ സംസ്കരണത്തിന് നടപടികൾ സ്വീകരിക്കാത്തിന് സർക്കാരിനും കോർപ്പറേഷനും കടുത്ത വിമർശനമാണ് ട്രൈബ്യൂണൽ ഉയർത്തിരിക്കുന്നത്.

തിരുവനന്തപുരം, കൊച്ചി അടക്കമുള്ള നഗരങ്ങളിൽ മാലിന്യ സംസ്കരണത്തിന് മതിയായ സംവിധാനമില്ലെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവില്‍ പറയുന്നു. സുപ്രീംകോടതി വിധികളുടെ ലംഘനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ട്രിബ്യൂണല്‍ വിമര്‍ശിച്ചു. കേന്ദ്രഫണ്ട്, വേൾഡ് ബാങ്ക് വായ്പ ചെലവാക്കല്‍ മാത്രമല്ല സർക്കാരിന്‍റെ ജോലിയെന്ന കടുത്ത വിമർശനവും ഉത്തരവിൽ ഉന്നയിക്കുന്നു.