
ചെന്നൈ: മുതിർന്ന മാധ്യമപ്രവർത്തകൻ (Senior Journalist) ബിആർപി ഭാസ്കറിന് (BRP Bhaskar) ഇന്ന് തൊണ്ണൂറാം പിറന്നാൾ. ഏഷ്യാനെറ്റിന്‍റെ വാർത്താവിഭാഗം രൂപപ്പെടുത്തിയവരിൽ പ്രധാനിയായ അദ്ദേഹം നിരവധി ദേശീയ ദിനപ്പത്രങ്ങളിലും വാർത്താ ഏജൻസികളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ചെന്നൈയിൽ വിശ്രമജീവിതം നയിക്കുന്ന ബിആർപിക്ക് പ്രായത്തിന്‍റെ ബുദ്ധിമുട്ടുകളുണ്ടെങ്കിലും സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തിലെ എല്ലാ ചലനങ്ങളിലും സാമൂഹിക മാധ്യമങ്ങളിലൂടെ സജീവമാണ്.
ഏഷ്യാനെറ്റ് ന്യൂസിന്‍റെ ദൃശ്യപാഠം പരുവപ്പെടുത്തിയവരിൽ പ്രധാനിയാണ് ബിആർപി ഭാസ്കർ. അച്ചടി മാധ്യമത്തിന്‍റെ വലിയ അനുഭവസമ്പത്തുമായി മലയാളം ടെലിവിഷനിലെത്തി വാർത്തയുടെ ദൃശ്യഭാഷ നിർമ്മിച്ച ആദ്യ തലമുറക്കാരൻ. ഇക്കാണുന്ന ടെലിവിഷൻ വാർത്തയെ ഇതേപടിയാക്കിയവരിൽ ഒരാൾ. ഹിന്ദു, സ്റ്റേറ്റ്സ്മാൻ, പേട്രിയട്ട്, യുഎൻഐ, ഡെക്കാൻ ഹെറാൾഡ് തുടങ്ങി ചെറുതും വലുതുമായ നിരവധി ഡിജിറ്റൽ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. അരനൂറ്റാണ്ട് പിന്നിട്ട മാധ്യമജീവിതം ബിആർപി ഭാസ്കർ തൊണ്ണൂറാം വയസിലും തുടരുകയാണ്. പിന്നിട്ട ജീവിതവഴിയിലെ ഏതെങ്കിലും ഒരു കാര്യം എടുത്തുപറയാനില്ല. ജീവിതത്തെ അതിന്‍റെ സമഗ്രതയിൽ കാണുമ്പോൾ സംതൃപ്തി മാത്രമാണ് ബിആര്‍പി ഭാസ്കറിനുള്ളത്.
കാഴ്ചയുടെ തെളിമ കുറഞ്ഞതിൽ മാത്രമേ സങ്കടമുള്ളൂ. വായനയുടേയും എഴുത്തിന്‍റേയും ലോകത്തുനിന്ന് എന്നാലും മാറിനിൽക്കാൻ വയ്യ. വാർത്തകളറിയുന്നത് ടെലിവിഷനിലൂടെയാണ്. കമ്പ്യൂട്ടറിലാണ് ഇപ്പോൾ വായനയേറെയും. വെബ്സൈറ്റുകളിൽ നിന്ന് വായിക്കേണ്ട ഭാഗം കോപ്പി ചെയ്ത് വേർഡിൽ പോസ്റ്റ് ചെയ്ത് 72 പോയിന്‍റ് അക്ഷരങ്ങളിൽ വലുതാക്കി വായിക്കും. അച്ഛൻ എ കെ ഭാസ്കറിന്‍റെ പത്രമായ നവഭാരതത്തിൽ അദ്ദേഹമറിയാതെ മറ്റൊരു പേരിൽ എഴുതിത്തുടങ്ങിയതാണ്. രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും വിവിധ മാധ്യമങ്ങളിൽ അദ്ദേഹം കാലത്തെ പകർത്തി. ഇപ്പോഴും ചില ഓൺലൈൻ മാഗസിനുകളിൽ വീഡിയോ കോളങ്ങൾ ചെയ്യുന്നു. ചുറ്റുപാടുകൾക്കനുസരിച്ച് മാറിത്തീർന്ന് മാറുന്ന കാലത്തെ നിരന്തരമായ വിമർശനബുദ്ധിയോടെ പരിശോധിച്ചുകൊണ്ടിരിക്കണമെന്ന് ബിആർപി പറയുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ എല്ലാവരും വാർത്താപ്രവർത്തകരാകുന്ന കാലമാണിത്. വാർത്തയുടെ ജനാധിപത്യവൽക്കരണമാണ് സംഭവിക്കുന്നത്. പക്ഷേ എന്തും ഉത്തരവാദിത്തമില്ലാതെ പറയാം എന്ന നില മാറണം. സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാൻ ഒരു സ്വതന്ത്ര സംവിധാനം വരണം. അത് സർക്കാർ നിയന്ത്രണത്തില്‍ ആകരുതെന്നും ബിആര്‍പി പറഞ്ഞു.
ജനാധിപത്യം നിരന്തരം അപകടത്തിലാകുന്ന കാലത്താണ് നമ്മുടെ സമകാലിക ജീവിതം. എല്ലാവരേയും എല്ലാ കാലത്തും കബളിപ്പിക്കാം എന്നാണ് പുതിയ കാലം തെളിയിക്കുന്നത്. പക്ഷേ രാജ്യം വർഗീയതയ്ക്ക് അടിയറ പറഞ്ഞുവെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മകൾ ബിന്ദു ഭാസ്കറിനൊപ്പം വിശ്രമജീവിതം നയിക്കാൻ അഞ്ച് വർഷം മുമ്പാണ് ചെന്നൈയിലേക്ക് ബിആര്‍പി താമസം മാറ്റിയത്. മകൾ മൂന്നുകൊല്ലം മുമ്പ് അർബുദം ബാധിച്ച് മരിച്ചു. ഭാര്യ രമയ്ക്കും മരുമകൻ ഡോ.കെ എസ് ബാലാജിക്കുമൊപ്പമാണ് ഇപ്പോൾ താമസം. നവതി തികയുമ്പോൾ പ്രത്യേക ആഘോഷമൊന്നുമില്ല. കാലം കടന്നുപോകുന്നു, പ്രായമേറുന്നു. അതിൽ തനിക്ക് പങ്കില്ലല്ലോ എന്നാണ് ബിആർപിയുടെ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam