
തിരുവനന്തപുരം: ടി.എൻ.ഗോപകുമാറിന്‍റെ ഓർമകൾക്ക് ഇന്ന് എട്ടാണ്ട്. വേദനിക്കുന്ന മനുഷ്യനൊപ്പം നിൽക്കലാണ് മാധ്യമപ്രവർത്തനമെന്ന അടിസ്ഥാനപാഠത്തെ മലയാള ദൃശ്യമാധ്യമ ലോകത്തിന്‍റെ അടിത്തൂണായി ഉറപ്പിച്ച പ്രിയപ്പെട്ട എഡിറ്റർ, ഇന്നും നികത്തപ്പെടാത്ത വിടവാണ്.
ടിഎന്‍ ഗോപകുമാര്‍, വാര്‍ത്തയുടെ നേര്‍വെളിച്ചം തേടി നിര്‍ഭയം നിരന്തരം യാത്ര തുടര്‍ന്നൊരാള്‍. നാല് പതിറ്റാണ്ട്, വേദനിക്കുന്നവരുടെയും കഷ്ടപ്പെടുന്നവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും നേര്‍ക്ക് തെളിമയാര്‍ന്നൊരു കണ്ണാടിയുമായി അദ്ദേഹമുണ്ടായിരുന്നു. കാഴ്ചകള്‍ക്കപ്പുറം എന്തെല്ലാം കാണാനുണ്ടെന്ന് ടിഎന്‍ജി നമുക്ക് കാട്ടിത്തന്നു. നമ്മള്‍ പ്രത്യക്ഷത്തില്‍ കാണുന്നതും കേള്‍ക്കുന്നതും പലതും ശരിയായ കാര്യങ്ങളല്ലെന്ന് ഉദാഹരണ സഹിതം അദ്ദേഹം പറഞ്ഞ് കൊണ്ടേയിരുന്നു. ഓരോ ശ്രമത്തിലും അത് പലര്‍ക്കും കരുത്തായി. കൈ പിടിച്ചുയര്‍ത്തലായി. ജീവിക്കാനുള്ള പ്രേരണയായി.
ഒരു കരുതലും ഒരു തലോടലും, ഒരു സാന്ത്വനവും വേണ്ടിടത്തേക്കൊക്കെ സ്നേഹസമ്പന്നമായൊരു അദൃശ്യകരം നമ്മളെ തേടി വന്നു. തന്‍റെ മാധ്യമപ്രവര്‍ത്തനത്തിനായി പുതിയ ഭാഷയും ദൃശ്യസംസ്കാരവും അദ്ദേഹം സൃഷ്ടിച്ചു. വാര്‍ത്തയും വാര്‍ത്താസംസ്കാരവും വാര്‍ത്താവതരണ രീതിയുമൊക്കെ അനുദിനം മാറിമറിഞ്ഞ് കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തും ടിഎന്‍ജിയുടെ താരപ്പകിട്ടിന് മാറ്റ് കുറയാത്തത് അദ്ദേഹം മുറുകെ പിടിച്ച മൂല്യങ്ങളുടെ കരുത്ത് കൊണ്ട് തന്നെയാണ്.
ഇന്ത്യന്‍ എക്സ്പ്രസിലൂടെ മാധ്യമ പ്രവര്‍ത്തനം തുടങ്ങി മാതൃഭൂമിയിലും ഇന്ത്യ ടുഡേയിലും ബിബിസി റേഡിയോയിലും ഉള്‍പ്പടെ അദ്ദേഹം പ്രവര്‍ത്തിച്ചു. തുടക്കകാലം മുതല്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ മുഖമായി. എഡിറ്റര്‍ ഇന്‍ ചീഫായി. മാധ്യമപ്രവര്‍ത്തനത്തിനൊപ്പം എഴുത്തിലും സിനിമയിലും ടിഎന്‍ജി തിളങ്ങി. ശുചീന്ദ്രം രേഖകള്‍, മുനമ്പ് കണ്ണകി, ശംഖുമുഖം കൗന്തേയം, പാലും പഴവും തുടങ്ങിയവ ശ്രദ്ധേയകൃതികളാണ്. കാഴ്ചകളും കാഴ്ചപ്പാടുകളും എല്ലാം മാറിമറിയും, പുതിയ പരീക്ഷണങ്ങള്‍ വന്നുകൊണ്ടേയിരിക്കും, പുതിയ പരീക്ഷണങ്ങള്‍ക്കായി സദാ നമ്മള്‍ തയ്യാറായിരിക്കണം. വിടപറയും മുന്‍പ് ടിഎന്‍ജി പറഞ്ഞ വാക്കുകളാണ്. കാലത്തിനപ്പുറം സഞ്ചരിച്ച ധിഷണ കൊണ്ട് വഴികാട്ടിയായ പ്രിയ ടിഎന്‍ജി, ഓര്‍മകള്‍ക്ക് മുന്നില്‍ ആദരം.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam