ബഫർസോൺ ഹർജികൾ മൂന്നംഗ ബഞ്ചിന്, കളി കഴിഞ്ഞിട്ടും വിവാദം ഒഴിയുന്നില്ല; ഇന്നത്തെ പ്രധാന 10 വാർത്തകൾ

By Web TeamFirst Published Jan 16, 2023, 5:59 PM IST
Highlights

ഇന്നത്തെ പ്രധാന 10 വാർത്തകൾ അറിയാം...

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇന്ത്യ - ശ്രീലങ്ക ഏകദിനവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കേരളത്തിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടത്. ഉയർന്ന ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത് കെഎസ്എ ആണെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ വിശദീകരിച്ചപ്പോൾ കാണികൾ കുറഞ്ഞതിന്റെ പഴി സർക്കാരിന്റെ തലയിൽ കെട്ടി വയ്ക്കരുതെന്നാണ് മന്ത്രി എം ബി രാജേഷ് പറഞ്ഞത്. കൂടാതെ, ബഫർ സോൺ വിധിയിൽ ഭേദഗതിക്ക് വഴിയൊരുങ്ങുന്നു എന്നതും ഇന്നത്തെ പ്രധാന വാർത്തയാണ്. വിധിയിൽ ഇളവ് തേടി  കേന്ദ്രവും കേരളവും അടക്കം നല്കിയ  ഹർജികൾ സുപ്രീംകോടതി മൂന്നംഗബെഞ്ചിന് വിട്ടിട്ടുണ്ട്. ഇന്നത്തെ പ്രധാന 10 വാർത്തകൾ അറിയാം...

ബഫർസോൺ ഹർജികൾ മൂന്നംഗ ബഞ്ചിന്

ബഫർ സോൺ വിധിയിൽ ഭേദഗതിക്ക് വഴിയൊരുങ്ങുന്നു. വിധിയിൽ ഇളവ് തേടി  കേന്ദ്രവും കേരളവും അടക്കം നല്കിയ  ഹർജികൾ സുപ്രീംകോടതി മൂന്നംഗബെഞ്ചിന് വിട്ടു. വിധിയിൽ മാറ്റം വരുത്തും എന്ന സൂചന ജസ്റ്റിസ് ബിആർ ഗവായിയുടെ നേതൃത്വത്തിലുള്ള ബഞ്ച് നല്കി. 

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ കാണാതായ വോട്ടുപെട്ടി കണ്ടെത്തി

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ കാണാതായ വോട്ടുപെട്ടി കണ്ടെത്തി. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ നിന്നാണ് പെട്ടി കണ്ടെത്തിയത്. തർക്കത്തെ തുടർന്ന് എണ്ണാതെ വെച്ച സ്പെഷ്യൽ തപാൽ വോട്ട് പെട്ടികളിൽ ഒന്നാണ് പെരിന്തൽമണ്ണ ട്രഷറിയിൽ നിന്ന് കാണാതായത്. 

കേരളത്തിൽ 7 മണ്ഡലങ്ങൾ ലക്ഷ്യമിട്ട് ബിജെപി

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏഴ് മണ്ഡലങ്ങൾ ലക്ഷ്യമിട്ട് ബിജെപി. നരേന്ദ്രമോദിക്ക് കേരളത്തിൽ 36 ശതമാനം ജനപിന്തുണയുണ്ടെന്നും ലീഗിനോട് സിപിഎം കാട്ടുന്ന പ്രണയം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രകാശ് ജാവദേക്കർ എം പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തരൂർ വിവാദം; പരസ്യപ്രസ്താവനകൾ വിലക്കി എഐസിസി

തരൂർ വിവാദം തുടരുന്ന സാഹചര്യത്തിൽ പരസ്യപ്രസ്താവനകൾ പാടില്ലെന്ന് എഐസിസി. തരൂരോ, മറ്റ് നേതാക്കളോ പരസ്പര വിമർശനങ്ങൾ ഉന്നയിക്കരുതെന്നാണ് എഐസിസി നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. സാഹചര്യം നിരീക്ഷിക്കാൻ താരിഖ് അൻവറിന് എഐസിസി നിർദ്ദേശം നല്‍കിയിട്ടുണ്ട്.

ഉയർന്ന ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത് കെസിഎ; തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നും കായിക മന്ത്രി

ഇന്ത്യ - ശ്രീലങ്ക ഏകദിന മത്സരത്തിന് കാര്യവട്ടത്ത് ഉയർന്ന ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത് കേരള ക്രിക്കറ്റ് അസോസിയേഷനാണെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. സർക്കാരിന് കെസിഎക്ക് മേൽ നിയന്ത്രണമില്ലെന്നും മന്ത്രി. 

ക്രിക്കറ്റ് മാച്ചിൽ കാണികൾ കുറഞ്ഞ സംഭവം; പഴി സർക്കാരിന്റെ തലയിൽ കെട്ടി വയ്ക്കരുതെന്ന് മന്ത്രി എം ബി രാജേഷ്

ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് മാച്ചിൽ കാണികൾ കുറഞ്ഞതിന്റെ പഴി സർക്കാരിന്റെ തലയിൽ കെട്ടി വയ്ക്കരുതെന്ന് മന്ത്രി എം ബി രാജേഷ്. അതിന് ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. വിനോദ നികുതി കൂട്ടി എന്നതും ശരിയല്ല. വിനോദ നികുതി 24 % ത്തിൽ നിന്നും 12% ആക്കി ഇളവ് നൽകിയിരുന്നു. അത് കെസിഎയ്ക്ക് അറിയാം. മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും മന്ത്രി.

കാര്യവട്ടം ഏകദിനം: ' മന്ത്രിയെ ആയിരുന്നു ബഹിഷ്കരിക്കേണ്ടിയിരുന്നത്, ഒഴിഞ്ഞ സ്റ്റേഡിയം രാജ്യമാകെ ശ്രദ്ധിച്ചു'

കാര്യവട്ടം ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞതില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി രംഗത്ത്. ക്രിക്കറ്റ് ആവേശം ജനങ്ങൾക്ക് എന്നും ഉണ്ട് . മന്ത്രി വിവരക്കേട് പറഞ്ഞത് കൊണ്ട് ചിലർ സ്റ്റേഡിയം ബഹിഷ്കരിച്ചു. കേരളത്തിൽ ക്രിക്കറ്റ് നന്നായി വളരുന്ന കാലത്താണ് ഇങ്ങനെ ഒരു അവസ്ഥ വന്നത്. മന്ത്രിയെ ആയിരുന്നു പ്രതിഷേധക്കാർ ബഹിഷ്കരിക്കേണ്ടിയിരുന്നതെന്നും തരൂർ.

500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവം; പൊലീസ് കേസെടുത്തു

കളമശ്ശേരിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. അഴുകിയ ഇറച്ചി കൊച്ചിയിലെത്തിച്ച ജുനൈസിനെ പ്രതിയാക്കിയാണ് അന്വേഷണം തുടങ്ങിയത്. സംഭവത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം അന്വേഷണം നടത്തുന്ന കേരള ലീഗൽ സർവ്വീസ് അതോറിറ്റിയ്ക്ക് നഗരസഭ റിപ്പോർട്ട് കൈമാറി.

ജല്ലിക്കെട്ടിനിടെ കാള കൊമ്പിൽത്തൂക്കി എറിഞ്ഞു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

തമിഴ്നാട്ടിൽ മാട്ടുപ്പൊങ്കൽ ആഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന ജല്ലിക്കെട്ടുകളിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മധുര പാലമേടിലും ട്രിച്ചി സൂരിയൂരിലും പുരോഗമിക്കുന്ന ജല്ലിക്കെട്ടുകളിലാണ് രണ്ട് പേർ മരിച്ചത്. 

ജോഷിമഠിൽ വിള്ളൽ വീണ കെട്ടിടങ്ങളുടെ എണ്ണം വീണ്ടും കൂടി

ജോഷിമഠിൽ വിള്ളൽ വീണ കെട്ടിടങ്ങളുടെ എണ്ണം വീണ്ടും കൂടി. എണ്ണൂറിലധികം കെട്ടിടങ്ങളിൽ വിള്ളൽ രൂപപ്പെട്ടതായി ജില്ലാഭരണകൂടം അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സംഘം പ്രശ്ന ബാധിത മേഖലകൾ സന്ദർശിച്ചു. 

click me!