Asianet News MalayalamAsianet News Malayalam

കളമശ്ശേരിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവം; പൊലീസ് കേസെടുത്തു

അഴുകിയ ഇറച്ചി കൊച്ചിയിലെത്തിച്ച ജുനൈസിനെ പ്രതിയാക്കിയാണ് അന്വേഷണം തുടങ്ങിയത്. സംഭവത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം അന്വേഷണം നടത്തുന്ന കേരള ലീഗൽ സർവ്വീസ് അതോറിറ്റിയ്ക്ക് നഗരസഭ റിപ്പോർട്ട് കൈമാറി.

police take case on 500 kilogram stale meat seized from Kochi
Author
First Published Jan 16, 2023, 8:51 AM IST

കൊച്ചി: കളമശ്ശേരിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. അഴുകിയ ഇറച്ചി കൊച്ചിയിലെത്തിച്ച ജുനൈസിനെ പ്രതിയാക്കിയാണ് അന്വേഷണം തുടങ്ങിയത്. സംഭവത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം അന്വേഷണം നടത്തുന്ന കേരള ലീഗൽ സർവ്വീസ് അതോറിറ്റിയ്ക്ക് നഗരസഭ റിപ്പോർട്ട് കൈമാറി.

പൊതുജനാരോഗ്യത്തിനും ജീവനും ഭീഷണിയാകുകയും വിധം ബോധപൂർവ്വം പ്രവർത്തിച്ചു എന്നതടക്കം രണ്ട് വകുപ്പുകൾ ചേർത്താണ് ജുനൈസിനെതിരെ കളമശ്ശേരി പൊലീസ് കേസ് എടുത്തിട്ടുള്ളത്. നഗരസഭ സെക്രട്ടറി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവിലാണ്. പൊലീസ് അന്വേഷിക്കുന്നത് രണ്ട് പ്രധാന കാര്യങ്ങളാണ്. ഒന്ന് ജുനൈസ് കൊച്ചിയിലേക്ക് അഴുകിയ ഇറച്ചി കൊണ്ടുവന്നത് എവിടെ നിന്ന് ആരൊക്കെ സഹായികളായി, രണ്ട് ജുനൈസിൽ നിന്ന് അഴുകിയ ഇറച്ചി വാങ്ങി ഷവർമ വിളമ്പിയവർ ആരൊക്കെ എന്നും. ജുനൈസിനെ കണ്ടെത്തി മൊഴി എടുത്താൽ മാത്രമാണ് ഇതിലേക്ക് അന്വേഷണം എത്തുക. പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. കൈപ്പടമുകളിൽ ജുനൈസിന് സുനാമി ഇറച്ചി ഇടപാടിനായി വീട് വാടകയ്ക്ക് നൽകിയ വ്യക്തിയെക്കുറിച്ചും അന്വേഷണ ഉണ്ടാകും. ജുനൈസിന്‍റെ അറസ്റ്റിനായി മണ്ണാർക്കാട് അടക്കം പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. 

Also Read: കളമശ്ശേരിയിൽ പഴകിയ മാംസം പിടിച്ച സംഭവം; ഇടപെട്ട് ഹൈക്കോടതി, അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം

ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നിലവിൽ ചേർത്തിട്ടുള്ളത്. എന്നാൽ അന്വേഷണ പുരോഗതി അനുസരിച്ച് കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിശോധിക്കുമെന്ന് കളമശ്ശേരി പൊലീസ് വ്യക്തമാക്കി. പ്രതിയ്ക്കെതിരെ കർശന നടപടി വേണമെന്ന് എഡിഎമ്മും നഗരസഭയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെ ഹൈക്കോടതി നിർദ്ദേശ പ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന കേരള ലീഗൽ സർവ്വീസ് അതോറിറ്റിയക്ക് നഗരസഭ സെക്രട്ടറി റിപ്പോർട്ട് കൈമാറി. ജുനൈസ് പഴകിയ ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതും നഗരസഭ ലൈസൻസ് വാങ്ങാതെയാണെന്നും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇറച്ചി സൂക്ഷിച്ചതെന്നുമാണ് മറുപടി നൽകിയിട്ടുള്ളത്. കെൽസയുടെ അന്വേഷണം പൂർത്തിയായാൽ ഹൈക്കോടതി സംഭവത്തിൽ തുടർന്നടപടികളിലേക്ക് കടക്കും.

Follow Us:
Download App:
  • android
  • ios