
സ്വാതന്ത്ര്യദിനാഘോഷ പുലരിയിലേക്കാണ് ഇന്ന് രാജ്യം കടക്കുന്നത്. 79-ാം സ്വാതന്ത്ര്യദിനമാണ് രാജ്യം ഇന്നാഘോഷിക്കുന്നത്. അതോടൊപ്പം ദേശീയവും അന്തർദേശീയവും പ്രാദേശികവുമായി പ്രാധാന്യമുള്ള നിരവധി സംഭവങ്ങൾക്കും ഇന്ന് സാക്ഷ്യം വഹിക്കും. കോൺഗ്രസിന്റെ രാജ്യവ്യാപക വോട്ടര്‍ പട്ടിക സമരത്തിനുമൊപ്പം ഇന്ത്യ-യുഎസ് താരിഫ് പ്രതിസന്ധി അയവില്ലാതെ തുടരുന്നു. കേരളത്തിലാകട്ടെ പാലങ്ങളുടെ തകർച്ചയിൽ സംസ്ഥാന സർക്കാറിനെതിരെ കടുത്ത ഭാഷയിലാണ് പ്രതിപക്ഷത്തിന്റെ വിമർശനം. അറിയാം ഇന്നത്തെ പ്രധാന വാര്‍ത്തകൾ.
ഇന്ന് സ്വാതന്ത്ര്യദിനം
79-ാം സ്വതന്ത്ര്യ ദിനം ഓപ്പറേഷൻ സിന്ദൂറിൻറെ കൂടി വിജയമായി ആഘോഷിക്കാൻ കേന്ദ്ര സർക്കാർ. രാവിലെ 7.30ക്ക് പ്രധാനമനത്രി ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തും. ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി പ്രസംഗത്തിൽ ഓപ്പറേഷൻ സിന്ദൂറിൻറെ വിജയത്തിൽ സേനകളെ അഭിനന്ദിക്കും. ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി സേന ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറക്കും. അതിഥികൾക്കുള്ള ക്ഷണക്കത്തിലും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള പരാമർശമുണ്ട്. പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്ന സ്ഥലത്തും ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പുഷ്പാലങ്കാരം ഉണ്ടാകും. സ്വാതന്ത്ര്യദിന ആഘോഷങ്ങൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനം അതീവ സുരക്ഷാ വലയത്തിലാണ്. ദില്ലിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ വർധിപ്പിച്ചു. സുരക്ഷയുടെ ഭാഗമായി ഇരുപതിനായിരത്തോളം പോലീസ്, അർദ്ധസൈനിക ഉദ്യോഗസ്ഥരെയും വിന്യസിച്ചു. കൂടാതെ സിസിടിവി നിരീക്ഷണവും ആന്റി ഡ്രോൺ സംവിധാനവും ചെങ്കോട്ടയുടെ പരിസരപ്രദേശങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. ദില്ലിയിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി പുതിയ എഐസിസി ആസ്ഥാനമായ ഇന്ദിര ഭവനിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ത്രിവർണ്ണ പതാക ഉയർത്തും.
കേരളത്തിലും ആഘോഷം
സ്വാതന്ത്ര്യ ദിനാഘോഷം സംസ്ഥാനത്തും വിവിധ പരിപാടികളോടെ ആഘോഷിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി രാവിലെ 8 ന് ദേശീയ പതാക ഉയർത്തും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. പരേഡ് കമാൻഡർ അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങൾ പരേഡിൽ അണിചേരും. തുടർന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ, ഫയർ സർവ്വീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും. ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ അവതരിപ്പിക്കും.
അയയാതെ ഇന്ത്യ-യുഎസ് താരിഫ് പ്രതിസന്ധി, ട്രംപ്-പുടിന്‍ കൂടിക്കാഴ്ച
താരിഫ് പ്രശ്നത്തിൽ ഇന്ത്യയും യുഎസ്എയും ഇനിയും പരിഹാരത്തിലെത്തിയില്ല എന്നതും ഇന്നത്തെ പ്രധാന സംഭവ വികാസമാണ്. അമേരിക്ക-റഷ്യ ചർച്ചയിലും ഇന്ത്യക്കെതിരെ യുഎസ് ചുമത്തിയ താരിഫ് പ്രധാന വിഷയമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ ട്രംപ് വിട്ടുവീഴ്ചക്കൊരുങ്ങില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ട്രംപ്-പുടിൻ ചർച്ച പ്രതീക്ഷിച്ച ഫലം കാണ്ടില്ലെങ്കില്‍ താരിഫ് പ്രശ്നം ഇന്നും ചൂടേറിയ വാർത്ത തന്നെയായിരിക്കും.
വോട്ടർ പട്ടിക ക്രമക്കേട്, കോൺഗ്രസ് സമരം തുടരും
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ കോൺഗ്രസിൻ്റെ രാജ്യവ്യാപക പ്രക്ഷോഭം തുടരും സെപ്റ്റംബർ 7 വരെ നീണ്ടുനിൽക്കുന്ന പ്രചാരണ റാലികളും സംഘടിപ്പിക്കുന്നു. ബീഹാറിലെ എസ്ഐആറിൽ ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ പട്ടിക ജില്ലാതലത്തിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി നിർദ്ദേശം. ഒഴിവാക്കിയവർക്ക് പരാതിയുണ്ടെങ്കിൽ ആധാർ രേഖയായി അംഗീകരിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചതോടെ പ്രതിപക്ഷ സമരത്തിന് ആക്കം കൂടും.
തോരായിക്കടവ് പാലത്തിന്റെ ബീം തകർന്ന സംഭവം, റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
കോഴിക്കോട് തോരായിക്കടവ് പാലം നിര്‍മ്മാണത്തിനിടെ ബീം തകര്‍ന്നുവീണ സംഭവത്തില്‍ കേരള റോഡ് ഫണ്ട് യൂണിറ്റ് പ്രൊജക്ട് ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ പ്രാഥമിക വിവരങ്ങള്‍ പ്രൊജക്ട് ഡയറക്ടര്‍ക്ക് ഇന്നലെ സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു. കിഫ്ബിയില്‍ നിന്നും ഇരുപത്തിന് നാല് കോടിയോളം രൂപ ഫണ്ട് വകയിരുത്തി കേരള റോഡ് ഫണ്ട് യൂണിറ്റിന്റെ നേരിട്ടുള്ള മേല്‍ നോട്ടത്തിലാണ് പ്രവൃത്തി നടക്കുന്നത്.
കേരളത്തിൽ മഴ
ബംഗാൾ ഉൾകടലിന് മുകളിൽ രൂപപ്പെട്ട ന്യൂന മർദ്ദം ശക്തിയാർജ്ജിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 3 ദിവസം മഴ ഭീഷണി തുടരും. ഇത് പ്രകാരം 3 ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.