Today’s News Headlines സുപ്രധാന ഭരണഘടനാ ഭേദഗതി ബിൽ, ബന്ധം ഊഷ്മളമാക്കാൻ ഇന്ത്യയും ചൈനയും, മോദിയുടെ ബിരുദം, വേടന്‍റെ വാദം; ഇന്നത്തെ പ്രധാന വാർത്തകൾ

Published : Aug 20, 2025, 08:25 AM IST
loksabha

Synopsis

ഇന്നത്ത പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ അറിയാം

സുപ്രധാനമായൊരു ഭരണഘടനാ ഭേദഗതി ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ഗുരുതര കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായി 30 ദിവസം ജയിലിൽ കിടന്നാൽ 31ാം ദിവസം മന്ത്രിമാർക്ക് അധികാരം നഷ്ടമാകുന്ന ബില്ലാണ് ഇന്ന് ലോക്സഭ പരിഗണിക്കുക. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ നാമനിർദേശ പത്രിക നൽകുന്നതും ഇന്നാണ്. എറണാകുളത്ത് വട്ടിപ്പലിശക്കാരിയുടെ ഭീഷണിയിൽ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിലെ തുടർ വാർത്തകൾ ഇന്നുണ്ടാകും. നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്ന സെൻട്രൽ വിവരാവകാശ കമ്മീഷന്‍റെ ഉത്തരവിനെതിരെ ദില്ലി സർവകലാശാല നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും. ഇന്നറിയാനുള്ള പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

മന്ത്രിമാർ അറസ്റ്റിലായി 30 ദിവസം ജയിലിൽ കിടന്നാൽ സ്ഥാനം നഷ്ടമാകും; ബിൽ ഇന്ന് ലോക്സഭയിൽ

അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ. അഞ്ച് വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇത് ബാധകമായിരിക്കും. തുടർച്ചയായി 30 ദിവസം ഒരു മന്ത്രി പൊലീസ്, ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നാൽ 31-ാം ദിവസം മന്ത്രിസഭയിൽ നിന്ന് നീക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശുപാർശ ഗവർണർക്ക് നൽകിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും. അതേസമയം ജയിൽ മോചിതരായാൽ സ്ഥാനത്ത് തിരികെ വരുന്നതിന് തടസമില്ലെന്നും ബിൽ പറയുന്നു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: സി പി രാധാകൃഷ്ണൻ ഇന്ന് പത്രിക നൽകും

എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ ഇന്ന് നാമനിർദേശ പത്രിക നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചന്ദ്രബാബു നായിഡു അടക്കമുള്ള നേതാക്കളും സി പി രാധാകൃഷ്ണന് ഒപ്പം ഉണ്ടാകും. ഇന്ത്യ സഖ്യത്തിലെ എംപിമാരുടെ യോഗം ഇന്ന് സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡിയുടെ സാന്നിധ്യത്തിൽ ചേരും. ബിഹാറിലെ യാത്രയിൽ നിന്ന് ഇടവേളയെടുത്ത് എത്തുന്ന രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും. നാളെ സുദർശൻ റെഡ്ഡി നാമനിർദേശ പത്രിക നൽകും.

വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ വീട്ടമ്മയുടെ സംസ്കാരം ഇന്ന്

എറണാകുളം കോട്ടുവള്ളിയിൽ വട്ടിപ്പലിശക്കാരിയായ അയൽവാസിയിൽ നിന്നുണ്ടായ ഭീഷണിയെ തുടർന്ന് പുഴയിൽ ചാടി ജീവനൊടുക്കിയ വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന്. ഇന്നലെ ഉച്ചയോടെയാണ് വീടിനു സമീപത്തെ പുഴയിൽ ചാടി ആശ ജീവനൊടുക്കിയത്. റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയും അയൽവാസിയുമായ ബിന്ദു, അമിത പലിശ ഈടാക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതിൽ മനം നൊന്താണ് ജീവനൊടുക്കിയതെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തി. കടം വാങ്ങിയ 10 ലക്ഷം രൂപയ്ക്ക് പകരമായി 30 ലക്ഷത്തോളം രൂപ നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ബിന്ദുവും ഭർത്താവ് പ്രദീപും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

മോദിയുടെ ബിരുദം: വിവരങ്ങൾ വെളിപ്പെടുത്തണമെന്ന ഉത്തരവിനെതിരായ ഹർജിയിൽ വിധി ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്ന സെൻട്രൽ വിവരാവകാശ കമ്മീഷന്‍റെ ഉത്തരവിനെതിരെ ദില്ലി സർവകലാശാല നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും. മോദിയുടെ ബിരുദം കോടതിയിൽ കാണിക്കാം, പക്ഷേ അപരിചിതരെ കാണിക്കാനാകില്ല എന്നാണ് ദില്ലി സർവകലാശാല ഹൈക്കോടതിയിൽ അറിയിച്ചത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരിയിലാണ് കേസ് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്.

വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം തുടരും

ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്‍റെ ബെഞ്ചിലാണ് വാദം. വേടന്‍ സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷക കോടതിയില്‍ വാദിച്ചെങ്കിലും എങ്ങനെ സ്ഥിരം കുറ്റവാളിയെന്ന് പറയാനാകുമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. വേടന്‍ വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തുവെന്നായിരുന്നു പരാതിക്കാരിയുടെ പ്രധാന വാദം. വാദം കേള്‍ക്കുന്നതു വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഇന്നലെ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിലേക്ക് ആശ പ്രവർത്തകരുടെ മാർച്ച്

ഓണറേറിയം വർധിപ്പിക്കുക, വർധിപ്പിച്ച ഇൻസന്‍റീവ് ഉടൻ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാർ ഇന്ന് നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിലേക്ക് മാർച്ച്‌ നടത്തും. രാപകൽ സമരത്തിന്‍റെ 193ാം ദിവസമാണ് പ്രതിഷേധ മാർച്ച്. രണ്ടാഴ്ച മുമ്പ് ആശമാർ പണിമുടക്ക് പ്രഖ്യാപിച്ച് എൻഎച്ച്എമ്മിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ സംസ്ഥാനത്തുടനീളം പരിശീലന പരിപാടി സംഘടിപ്പിച്ചു സമരം പൊളിക്കാനാണ് എൻഎച്ച്എം ശ്രമമെന്ന് ആശ പ്രവർത്തകർ ആരോപിക്കുന്നു. ഫെബ്രുവരി 10 നാണ് ആശാവർക്കർമാർ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിച്ചത്. 233 രൂപ എന്ന പ്രതിദിന വേതനം വർധിപ്പിക്കണം എന്നാണ് ആവശ്യം.

ഇന്ത്യ-ചൈന ബന്ധം ശക്തമാക്കാൻ നടപടികൾ

ഇന്ത്യ-ചൈന ബന്ധം ശക്തമാക്കാനുള്ള നിരവധി നടപടികൾ പ്രഖ്യാപിച്ച് ഇരുരാജ്യങ്ങളും. അതിർത്തി വ്യക്തമായി നിർണയിക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകും. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവ്വീസ് പുനസ്ഥാപിക്കും. നാഥുല പാസ് അടക്കം മൂന്ന് അതിർത്തികൾ വഴിയുള്ള വ്യാപാരം വീണ്ടും തുടങ്ങും. ടൂറിസ്റ്റ്, ബിസിനസ് വിസകൾ വീണ്ടും നല്കും. അതിർത്തിയിലെ സേന പിൻമാറ്റത്തിനുള്ള ധാരണ നടപ്പാക്കും. ബ്രിക്സ് ഉച്ചകോടി 2026ൽ ഇന്ത്യയിൽ നടത്തും. ഷിജിൻപിങ് ഇതിനായി ഇന്ത്യയിലെത്തിയേക്കും. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ നയതന്ത്ര ബന്ധം വന്നതിന്‍റെ 75ആം വാർഷികം ഇക്കൊല്ലം ആഘോഷിക്കും. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ എസ് ജയശങ്കർ, അജിത് ഡോവൽ എന്നിവരുമായി നടത്തിയ ചർച്ചകളിലാണ് ധാരണയായത്.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്