Today’s News Headlines;രാഹുലിന്റെ രാജിക്കായി പ്രതിഷേധങ്ങൾ, അമിത് ഷാ ഇന്ന് കൊച്ചിയിൽ, ഗാസയെ പൂർണക്ഷാമ ബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ യുഎൻ

Published : Aug 22, 2025, 08:03 AM IST
rahul mankoottam protest

Synopsis

ഇന്ന് സംഭവിക്കാനിടയുള്ള പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ഇന്നും തുടരും.

അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന യുവനടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ ഇന്നുണ്ടായേക്കും. രാഹുൽ എംഎൽഎ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് സിപിഎം, ബിജെപി പ്രവർത്തകരുടെയും യുവജന സംഘടനകളുടെയും പ്രതിഷേധം ഇന്നും തുടരും. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പത്തനംതിട്ട അടൂരിലെ വീട്ടിലേക്കും പ്രതിഷേധത്തിന്സാ ധ്യതയുണ്ട്.

അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്‍റെ സംസ്കാരം ഇന്ന്

അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്റെ സംസ്കാരം ഇന്ന് നടക്കും. തിരുവനന്തപുരത്തുനിന്ന് പുലർച്ചെയോടെ മൃതദേഹം വണ്ടിപ്പെരിയാർ വാളാഡിയിലെ വീട്ടിലെത്തിച്ചു. 11മണി മുതൽ വണ്ടിപ്പെരിയാർ ടൗൺഹാളിൽ പൊതുദർശനം ഉണ്ടാകും. വൈകിട്ട് നാലുമണിക്ക് പഴയ പാമ്പനാറിലുള്ള എസ് കെ ആനന്ദൻ സ്മൃതി മണ്ഡപത്തിന് സമീപമാണ് സംസ്കാരം. നേരത്തെ വീട്ടുവളപ്പിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ എസ് കെ ആനന്ദൻ സ്മൃതി മണ്ഡപത്തിനോട് ചേർന്ന് മൃതദേഹം സംസ്കരിക്കണമെന്ന ആഗ്രഹം വാഴൂർ സോമന് ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചതോടെയാണ് മാറ്റം വരുത്തിയത്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കൊച്ചിയിൽ

ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശന ലക്ഷ്യം. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മുൻ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, വി മുരളീധരൻ, കെ സുരേന്ദ്രൻ, ബിജെപി സംസ്ഥാന ഭാരവാഹികൾ, ജില്ലാ അധ്യക്ഷന്മാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. നേതൃയോഗത്തിന്റെ തുടർച്ചയായി ശനിയാഴ്ച രാവിലെ മുതൽ തൃശൂരിൽ ബിജെപി സംസ്ഥാന ശില്പശാലയും നടക്കും.

കോട്ടയം സിഎംഎസ് കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

കോട്ടയം സിഎംഎസ് കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യപിച്ചേക്കും. വോട്ടെണ്ണലിനിടെ ഇന്നലെ സംഘർഷമുണ്ടായതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് മാറ്റിയത്. ക്ലാസ് റപ്പ്മാരിൽ ഭൂരിഭാഗവും കെ എസ് യു സ്ഥാനാർത്ഥികൾ ജയിച്ചതോടെയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് രംഗത്തെത്തിയത്. തുടർന്ന് വോട്ടെണ്ണൽ കേന്ദ്രത്തിനകത്തേക്കും കയറാൻ എസ്എഫ്ഐ ശ്രമിച്ചു. ഇതിന് പിന്നാലെ കെ എസ് യു പ്രവർത്തകരും സംഘടിച്ചെത്തിയതോടെ സംഘർഷം രൂക്ഷമാകുകയായിരുന്നു. എസ്എഫ്ഐ കെഎസ്‍യു പ്രവർത്തകർ തമ്മിലുണ്ടായ അടിയിലും കല്ലേറിലും വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. മുതിർന്ന സിപിഎം കോൺഗ്രസ് നേതാക്കൾ കോളേജിലെത്തി പ്രിൻസിപ്പാളും പൊലീസുമായി നടത്തിയ ചർച്ചക്കൊടുവിലാണ് ഫലം പ്രഖ്യാപനം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.

ഗാസയെ പൂർണക്ഷാമ ബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ അന്താരാഷ്ട്ര സംഘടന.

ഗാസയെ പൂർണ്ണ ക്ഷാമ ബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ ഒരുങ്ങി ഐക്യരാഷ്ട്രസഭാ പിന്തുണയുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ.പ്രഖ്യാപനം ഇന്ന് ഉണ്ടാകും.ഒരു പ്രദേശത്ത് കുറഞ്ഞത് 20 ശതമാനം കുടുംബങ്ങളെങ്കിലും കടുത്ത ഭക്ഷ്യക്ഷാമം നേരിടുക, കുറഞ്ഞത് 30 ശതമാനം കുട്ടികളെങ്കിലും കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുക, ഓരോ 10,000 പേർക്കും രണ്ട് പേർ വീതം പൂർണ്ണമായ പട്ടിണി മൂലം ദിവസവും മരിക്കുക എന്നീ കാരണങ്ങൾ കൊണ്ട് മാത്രമേ ഒരു പ്രദേശത്തെ പൂർണ്ണ ക്ഷാമ ബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ കഴിയു. 2004ൽ ഐപിസി രൂപീകരിച്ചതിന് ശേഷം നാല് പ്രദേശങ്ങളെ മാത്രമാണ് പൂർണ്ണ ക്ഷാമ ബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ളൂ.എന്നാൽ ഗാസയിലെ പട്ടിണി മരണങ്ങൾ ഉൾപ്പെടെ ഇസ്രയേൽ തുടർച്ചയായി നിഷേധിക്കുകയാണ്.അതേസമയം ഗാസ നഗരം ഏറ്റെടുക്കുന്നതിന് ഇസ്രയേൽ സൈന്യത്തിന് അന്തിമ അനുമതി ഉടൻ നൽകുമെന്ന് ബെഞ്ചമിൻ നെതന്യാഹു ഇന്നലെ പ്രഖ്യാപിച്ചിരുന്നു.ഹമാസിന്‍റെ കസ്റ്റഡിയിലുള്ള മുഴുവൻ ഇസ്രയേൽ ബന്ദികളെയും ഒന്നിച്ച് മോചിപ്പിക്കുന്നതിനുള്ള ആവശ്യമായ ചർച്ചകൾ തുടങ്ങാനും ഇസ്രയേൽ പ്രധാനമന്ത്രി ഇന്നലെ നിർദേശം നൽകിയിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

PREV
Read more Articles on
click me!

Recommended Stories

മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി
അതിവേ​ഗ നീക്കവുമായി രാഹുൽ, രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യഹർജി നൽകി, സെഷൻസ് കോടതിയിൽ ഹർജി