
പാക് അധിനിവേശ കശ്മീരിൽ സർക്കാർ വിരുദ്ധകലാപം ശക്തം
പാക് അധിനിവേശ കശ്മീരിൽ സർക്കാർ വിരുദ്ധകലാപം കൂടുതൽ ശക്തമാകുന്നു. പ്രധാന സ്ഥലങ്ങളിൽ എല്ലാം പ്രതിഷേധക്കാർ തെരുവിൽ ഇറങ്ങുകയാണ്. വിവിധ ഇടങ്ങളിൽ നിന്ന് മുസഫറാബാദിലേക്ക് ലോങ് മാർച്ച് നടത്തിയ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവച്ചു. ഇതുവരെ നടന്ന പൊലീസ് അതിക്രമത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. അവകാശങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് ജമ്മു കശ്നീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വലിയ പ്രതിഷേധം തുടങ്ങിയത്.
സുബീൻ ഗാർഗിന്റെ മരണത്തിൽ അറസ്റ്റിലായവർക്കെതിരെ കൂടുതൽ ഗുരുതര വകുപ്പുകൾ
പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ അറസ്റ്റിലായവർക്കെതിരെ കൂടുതൽ ഗുരുതര വകുപ്പുകൾ ചുമത്തി അസം പൊലീസ്. സുബീൻ ഗാർഗിന്റെ മാനേജർ സിദ്ധാർത്ഥ ശർമ്മയ്ക്ക് എതിരെയും സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകൻ ശ്യാംകാനു മഹന്തക്കെതിരെയും കൊലപാതക കുറ്റം ചുമത്തി. നേരത്തെ മനപ്പൂർവ്വം അല്ലാത്ത നരഹത്യ കുറ്റമായിരുന്നു ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഇന്ത്യയിലെ നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസം ഉണ്ടെന്നും ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും സുബീൻ ഗാർഗിന്റെ ഭാര്യ ഗരിമ ഗാർഗ് പറഞ്ഞു.
ലഡാക്ക് ഭരണകൂടം പ്രഖ്യാപിച്ച മജിസ്ട്രേറ്റ് തല അന്വേഷണത്തെ അംഗീകരിക്കാതെ സംഘടനകൾ
ലഡാക്ക് സംഘർഷത്തിൽ ലഡാക്ക് ഭരണകൂടം പ്രഖ്യാപിച്ച മജിസ്ട്രേറ്റ് തല അന്വേഷണത്തെ അംഗീകരിക്കാതെ സംഘടനകൾ. ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് ലേ അപ്പക്സ് ബോഡി വ്യക്തമാക്കി. സർക്കാർ ഇക്കാര്യത്തിൽ നിലപാട് അറിയിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. അതേ സമയം സംഘർഷവുമായി ബന്ധപ്പെട്ട കസ്റ്റഡിയിൽ എടുത്ത 26 യുവാക്കളെ ജാമ്യത്തിൽ വിട്ടു. സർക്കാർ നടപടികൾ പ്രതിഷേധിച്ച് കാർഗിൽ ബാർ അസോസിയേഷൻ വരുന്ന ആറുദിവസം കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കും.
ഗൈഡ് വയർ നെഞ്ചിൽ കുരുങ്ങിയ സംഭവത്തിൽ പരാതിക്കാരി ഇന്ന് മെഡിക്കൽ ബോർഡിന് മുന്പാകെ ഹാജരാകും
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുരുങ്ങിയ സംഭവത്തിൽ പരാതിക്കാരി ഇന്ന് മെഡിക്കൽ ബോർഡിന് മുന്പാകെ ഹാജരാകും. കാട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യയുടെ നെഞ്ചിൽ നിന്ന് വയർ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതം എന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. ധമനികളോട് ഒട്ടിച്ചേർന്നതിനാൽ ഗൈഡ് വയർ മാറ്റാൻ ശ്രമിക്കുന്നത് സങ്കീർണമാകും എന്നാണ് നിഗമനം.
രണ്ടു വയസ്സുളള നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയുടെ ശിക്ഷ ഇന്ന്
രണ്ടു വയസ്സുളള നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയുടെ ശിക്ഷ ഇന്ന്. തിരുവനന്തപുരം ചാക്കക്ക് സമീപം അച്ചൻ അമ്മമാർക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ഹൈദരബാദ് സ്വദേശിയായ നാടോടി പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഢിപ്പിച്ച ശേഷം കൊലപ്പെടുത്താൻ ശ്രമിച്ചത്. തിരുവനന്തപുരം ഇടവ സ്വദേശി ഹസ്സൻകുട്ടിയെ തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി നേരത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. 2024 ഫെബ്രുവരി 18ന് അർദ്ധരാത്രിയാണ് കേസിനാസ്‌പദമായ സംഭവം.
കരൂർ ആൾക്കൂട്ട ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കും സ്റ്റാലിൻ സർക്കാരിനും ഇന്ന് നിർണായകം
കരൂർ ആൾക്കൂട്ട ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കും സ്റ്റാലിൻ സർക്കാരിനും ഇന്ന് നിർണായകം. വിജയ്ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയും, അന്വേഷണം സിബിഐക്ക് വിടണം എന്നാവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജിയും ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. പ്രതിപ്പട്ടികയിലുള്ള ടിവികെ ഭാരവാഹികളായ ബുസി ആനന്ദ്, നിർമൽ കുമാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയും മധുര ബഞ്ച് പരിഗണിക്കുന്നുണ്ട്. സിബിഐ അന്വേഷണാവശ്യത്തെ സംസ്ഥാന സർക്കാർ അതിശക്തമായി എതിർക്കും. അതേസമയം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിലുള്ള സിപിഎം സംഘം ഇന്ന് കരൂരിലെത്തും. ദുരന്തഭൂമി സന്ദശിക്കുന്ന സംഘം ഉച്ചയ്ക്ക് വാർത്താസമ്മേളനം നടത്തുന്നുണ്ട്.
ബീഹാറിൽ തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗം ഇന്ന്
നിയമസഭാ തെരഞ്ഞെടുപ്പടുത്ത ബീഹാറിൽ തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗം ഇന്ന് ചേരും. ദില്ലിയിലാണ് നിരീക്ഷകരുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ യോഗം ചേരുക. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്ത്വത്തിലുള്ള മൂന്നംഗ സംഘം നാളെ ബിഹാർ സന്ദർശിക്കുമെന്നും വിവരമുണ്ട്. രണ്ട് ദിവസം നീളുന്ന ഈ സന്ദർശനത്തിന് ശേഷമാകും തെരഞ്ഞെടുപ്പ് തീയതി കമ്മീഷൻ പ്രഖ്യാപിക്കുക.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി സിറോ മലബാർ സഭ. എൻഎസ്എസിനും ക്രിസ്ത്യൻ മാനേജ്മെന്‍റുകൾക്കും രണ്ട് നീതിയാണെന്നും സർക്കാർ ക്രിസ്ത്യൻ മാനേജ്‌മെന്‍റുകളെയും അധ്യാപകരെയും ദ്രോഹിക്കുകയാണെന്നും സഭാവക്താവ് ടോം ഓലിക്കരോട്ട്.