
വാഴൂര്‍ സോമന്‍ എംഎല്‍എയുടെ അപ്രതീക്ഷിത വിയോഗം
പീരുമേട് എംഎൽഎ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ഔദ്യോഗിക പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളർന്ന നേതാവായിരുന്നു വാഴൂർ സോമൻ. പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് വാഴൂർ സോമൻ എംഎൽഎയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന്, റവന്യൂ മന്ത്രിയുടെ വാഹനത്തിൽ അദ്ദേഹത്തെ ഉടൻ തന്നെ ശാസ്തമംഗലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.
ആരോപണങ്ങളില്‍ ഉലഞ്ഞ്, ഒടുവില്‍ രാജി
തിരുവനന്തപുരം സ്ത്രീകൾക്കെതിരെയുള്ള മോശം പെരുമാറ്റമെന്ന ആരോപണത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രാജിവെച്ചതാണ് ഇന്നത്തെ പ്രധാന വാർത്ത. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവും ഉയർന്നു. നിരവധി സ്ത്രീകളോട് മോശമായി പെരുമാറിയ എംഎൽഎയെ മണ്ഡലത്തിൽ കാലു കുത്താൻ അനുവദിക്കില്ലെന്നാണ് രാഷ്ട്രീയ എതിരാളികളുടെ നിലപാട്. കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ആരോപണംനേരിട്ടപ്പോൾ മുകേഷ് എംഎൽഎ രാജിവച്ചിരുന്നോ എന്ന് ചോദിച്ച് സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. നടി റിനി ആൻ ജോർജാണ് പേരുപറയാതെ ആരോപണങ്ങൾക്ക് തുടക്കമിട്ടത്. പിന്നാലെ എഴുത്തുകാരി ഹണി ഭാസ്കറും രംഗത്തെത്തി. രാഹുൽ സ്ത്രീകളുമായി നടത്തിയതെന്ന് പറയപ്പെടുന്ന സംഭാഷണങ്ങളും ചാറ്റുകളും പുറത്തായതോടെ രാജി സമ്മർദ്ദം ശക്തമായി. സംസ്ഥാന നേതൃത്വം കൂടി കൈവിട്ടതോടെ രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം സ്വമേധയാ ഒഴിഞ്ഞെന്ന് അറിയിച്ചു.
കാട്ടാനയാക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു
മലപ്പുറം എടവണ്ണയിൽ കാട്ടാനയാക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. കിഴക്കേ ചാത്തല്ലൂര്‍ സ്വദേശി കല്യാണിയാണ് മരിച്ചത്. പ്രദേശത്ത് തമ്പടിച്ച കാട്ടാനയെ തുരത്താൻ വനംവകുപ്പ് പരിശ്രമം തുടരുന്നതിനിടെയാണ് ആക്രമണം. കാട്ടാനയാക്രമണത്തിൽ മരണം. എടവണ്ണയിൽ വയോധിക കൊല്ലപ്പെട്ടു പ്രദേശത്ത് രണ്ടുനാളായി കാട്ടാന ശല്യം ആന തുരത്തൽ തുടരുന്നതിനിടെ. കഴിഞ്ഞ ദിവസങ്ങളിൽ ചാത്തല്ലൂരിലും പരിസരത്തും കാട്ടാനയുണ്ട്. ജനവാസ മേഖലകളിൽ മാറി മാറി എത്തുന്നുമുണ്ട്. വനംവകുപ്പാകട്ടെ, ജാഗ്രതാ നിര്‍ദേശം നൽകി.
ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്കൂള്‍ കോമ്പൗണ്ടില്‍ സ്ഫോടക വസ്തു
ആർഎസ്എസ് നിയന്ത്രണത്തിലുള്ള പാലക്കാട്ടെ വ്യാസ വിദ്യാപീഠം സ്കൂൾ കോമ്പൗണ്ടിൽ നിന്ന് കണ്ടെത്തിയത് മാരകമായ സ്ഫോടക വസ്തുവെന്ന് പൊലീസ്. ഇത് ബോധപൂർവം സ്കൂളിൽ കൊണ്ടുവെച്ചെന്ന് എഫ്ഐആർ. ആർഎസ്എസ് കാര്യാലയം റെയിഡ് ചെയ്യണമെന്ന് സിപിഎമ്മും ശക്തമായ അന്വേഷണം വേണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നിൽഗൂഢാലോചന ഉണ്ടെന്നാണ് ബിജെപിയുടെ വാദം. ഇന്നലെ വൈകീട്ടാണ് പാലക്കാട് മൂത്താംതറ ആർ എസ് എസ് നിയന്ത്രണത്തിലുള്ള വ്യാസ വിദ്യ പീഠം സ്കൂളിന്റെ പരിസരത്ത് സ്ഫോടക വസ്തു പൊട്ടി വിദ്യാർത്ഥിക്ക് പരിക്കേറ്റത്. പന്നി പടക്കമെന്നായിരുന്നു പൊലീസിൻ്റെ പ്രാഥമിക കണ്ടെത്തൽ. പിന്നീടുള്ള വിശദമായ പരിശോധനയിലാണ് മാരകമായ സ്ഫോടക വസ്തു എന്ന് കണ്ടെത്തിയത്. മനുഷ്യജീവന് അപകടം ഉണ്ടാക്കണമെന്ന ഉദേശ്യത്തോടെയാണ് സ്ഫോടക വസ്തു സ്കൂൾ പരിസരത്ത് കൊണ്ടിട്ടതെന്നാണ് കണ്ടെത്തൽ. എക്സ്പ്ലോസീവ് ആക്ട് ചുമത്തിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്ത്യ ഇനി പാകിസ്ഥാന് വേണ്ടി വേദിയൊരുക്കില്ല; നിലപാട് വ്യക്തമാക്കി കായിക മന്ത്രാലയം, അങ്ങോട്ടും യാത്രയില്ല
പാകിസ്ഥാനുമായുള്ള കായിക ബന്ധത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ. രണ്ട് രാജ്യങ്ങളും തമ്മിലുള്ള പരമ്പരകള്‍ ഒഴിവാക്കുകയും ഏഷ്യാ കപ്പ് പോലുള്ള ബഹുരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ തീരുമാനവുമായി. ഇന്ത്യന്‍ മണ്ണിലോ പാകിസ്ഥാനിലോ ഒരു ഉഭയകക്ഷി മത്സരത്തിലും ഇന്ത്യയുടെ കായിക താരങ്ങള്‍ പാകിസ്ഥാനെ നേരിടില്ലെന്ന് യുവജനകാര്യ കായിക മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ പറയുന്നതിങ്ങനെ... ''ഇന്ത്യന്‍ ടീമുകള്‍ ഇനി പാകിസ്ഥാനിലെ മത്സരങ്ങളില്‍ പങ്കെടുക്കില്ല. പാകിസ്ഥാന്‍ ടീമുകളെ ഇന്ത്യയില്‍ കളിക്കാന്‍ അനുവദിക്കുകയും ചെയ്യില്ല.'' കായിക മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള കായിക ബന്ധങ്ങള്‍ ഭാവിയില്‍ പുനരാരംഭിക്കുമെന്ന ഒരു പ്രതീക്ഷയും ഇനി വേണ്ട. ആരാധകരുടെയും ഭരണാധികാരികളുടെയും ഇടയില്‍ വളരെക്കാലമായി ഒരുപോലെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായിരുന്നിത്.