
ഇന്ത്യൻ മാധ്യമരംഗത്തിന് അതുല്യ സംഭാവനകൾ നൽകിയ മുതിർന്ന മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചതും. ശബരിമലയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടുതൽ ക്രമക്കേടുകൾ പുറത്തുവന്നതും, പാകിസ്ഥാന് ആർമി മേധാവി നൽകിയ ശക്തമായ മുന്നറിയിപ്പും ഇന്ന് വാർത്തകളിൽ നിറഞ്ഞു. കൂടാതെ, കരൂർ ദുരന്തത്തിൽ സർക്കാരിൻ്റെ എതിർപ്പ് തള്ളി ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതടക്കം ഏറെ പ്രധാന വാര്‍ത്തകളാൽ സന്പന്നമായ പകൽ കടന്നുപോകുമ്പോൾ, ഇന്നറിഞ്ഞിരിക്കേണ്ട തലക്കെട്ടുകൾ ഇവയാണ്….
മുതിർന്ന മാധ്യമ പ്രവർത്തകനും പ്രമുഖ സാഹിത്യകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. പത്തനംതിട്ട തുമ്പമൺ സ്വദേശിയായ അദ്ദേഹം 97-ാം വയസ്സിൽ ബംഗളൂരുവിലായിരുന്നു വിടവാങ്ങിയത്. ഇന്ത്യൻ മാധ്യമരംഗത്തിന് അതുല്യ സംഭാവനകൾ നൽകിയ പ്രതിഭയാണ് വിടവാങ്ങിയത്. രാജ്യം പദ്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടുതൽ ക്രമക്കേടുകൾ
ശബരിമലയുടെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ കൂടുതൽ ക്രമക്കേടുകൾ പുറത്തുവന്നു. ശ്രീകോവിൽ വാതിലിന്റെ ഭാഗങ്ങൾ പ്രദർശന വസ്തുവാക്കി മാറ്റിയതായാണ് പുതിയ വിവരം. നടൻ ജയറാമിനെ പങ്കെടുപ്പിച്ച് പൂജ നടത്തിയതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശ്രീകോവിൽ ഭാഗങ്ങൾ തൻ്റെ വീട്ടിലും എത്തിച്ചിരുന്നെന്ന് ജയറാം വെളിപ്പെടുത്തി. സ്വർണം പൂശാൻ ബംഗളൂരുവിലുള്ള മലയാളി വ്യവസായി 35 ലക്ഷം മുടക്കിയെന്ന് പോറ്റിയുടെ സഹോദരനും വെളിപ്പെടുത്തി. മൂന്ന് വർഷത്തിനിടെ പോറ്റി നടത്തിയ 30 കോടിയുടെ ഭൂമി ഇടപാടുകൾ രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുകയാണ്.
"ഭൂപടം മാറും": ഭീകരത നിർത്താൻ പാകിസ്ഥാന് ആർമി മേധാവിയുടെ അന്ത്യശാസനം
ഭീകരതയെ സഹായിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ പാകിസ്ഥാൻ്റെ ഭൂപടം തന്നെ മാറ്റിയെഴുതുമെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകി. ഓപ്പറേഷൻ സിന്ദൂരിൽ കാട്ടിയ സംയമനം അടുത്ത തവണ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാൻ്റെ എഫ് 16 ഉൾപ്പെടെ 10 യുദ്ധവിമാനങ്ങൾ തകർത്തതായി വ്യോമസേന മേധാവി അവകാശപ്പെട്ടു.
ചികിത്സാ പിഴവ്: 9 വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റേണ്ടി വന്നു
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് ഒമ്പത് വയസ്സുകാരിയുടെ വലത് കൈ മുറിച്ച് മാറ്റേണ്ടി വന്നതായി പരാതി. ജില്ലാ ആശുപത്രിയിൽ നിന്ന് പ്ലാസ്റ്ററിട്ട ശേഷം കുട്ടിയുടെ കൈയിൽ രക്തയോട്ടം നിലച്ച നിലയിലായിരുന്നെന്ന് അമ്മ പ്രസീത ആരോപിച്ചു. കുട്ടിയുടെ കൈ മുറിച്ചു മാറ്റിയത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ്. എന്നാൽ, വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് പാലക്കാട് ആശുപത്രി സൂപ്രണ്ടിൻ്റെ വിശദീകരണം. സംഭവത്തിൽ ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.
കരൂർ ദുരന്തം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി. സർക്കാരിൻ്റെ എതിർപ്പ് തള്ളിയാണ് ഐപിഎസ് ഉദ്യോഗസ്ഥയായ അശ്ര ഗർഗിന് അന്വേഷണ ചുമതല നൽകിയത്. നടന്നത് മനുഷ്യ നിർമിത ദുരന്തമെന്നും കണ്ണും കെട്ടി നോക്കിയിരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ടിവികെ അധ്യക്ഷൻ വിജയിക്ക് രൂക്ഷ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ കോടതി തള്ളി.
ഇന്ത്യ-വിൻഡീസ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ
വിൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം കളി നിർത്തുമ്പോൾ കെ.എൽ. രാഹുലിനും ധ്രുവ് ജുറലിനും രവീന്ദ്ര ജഡേജയ്ക്കും സെഞ്ച്വറി നേടി. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 448 റൺസ് എടുത്ത ഇന്ത്യക്ക് നിലവിൽ 286 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam