
സന്തോഷത്തിന്‍റെയും സമൃദ്ധിയുടേയും നിറവില്‍ തിരുവോണം ആഘോഷിച്ച് മലയാളികൾ. പൂക്കളവും ഓണക്കോടിയും സദ്യയും വര്‍ണാഭമായ പരിപാടികളുമായി മാവേലിയെ ഒരിക്കൽ കൂടി നാടും നഗരവും വരവേറ്റു. അതേസമയം, ഇന്ത്യ - യുഎസ് ബന്ധം വഷളാക്കുന്ന പ്രസ്താവനയുമായി ഡോണൾഡ് ട്രംപ്. ഇരുണ്ട ദൂരൂഹ ചൈനീസ് പക്ഷത്തേക്ക് ചേർന്ന ഇന്ത്യയ്ക്കും റഷ്യയ്ക്കും സമൃദ്ധ ഭാവി ആശംസിക്കുന്നു എന്നാണ് ട്രംപിന്‍റെ പരിഹാസം. ഇതിനിടെ ലൈംഗിക ആരോപണങ്ങളിൽ കോണ്‍ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസിൽ കടുത്ത ഭിന്നതയും ഉണ്ടായിട്ടുണ്ട്.
ട്രംപിന്‍റെ പരിഹാസം, ഇന്ത്യയുടെ മറുപടി
ഇന്ത്യ - യുഎസ് ബന്ധം വഷളാക്കുന്ന പ്രസ്താവനയുമായി ഡോണൾഡ് ട്രംപ്. ഇരുണ്ട ദൂരൂഹ ചൈനീസ് പക്ഷത്തേക്ക് ചേർന്ന ഇന്ത്യയ്ക്കും റഷ്യയ്ക്കും സമൃദ്ധ ഭാവി ആശംസിക്കുന്നു എന്നാണ് ട്രംപിന്‍റെ പരിഹാസം. ട്രംപിന്‍റെ പോസ്റ്റിനോട് പ്രതികരിക്കാത്ത ഇന്ത്യ ട്രംപിന്‍റെ ഉപദേഷ്ടാവ് പ്രധാനമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവന തള്ളിക്കളഞ്ഞു. തിങ്കളാഴ്ച നടക്കുന്ന അടിയന്തര ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കും.
പൊലീസ് vs കോൺഗ്രസ്
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്‍റ് വി എസ് സുജിത്തിനെ മർദ്ദിച്ച നാലു ഉദ്യോഗസ്ഥരും കാക്കി ധരിച്ച് വീടിന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമരം കോൺഗ്രസ് നടത്തുമെന്നും സതീശൻ പറഞ്ഞു.
പ്രതികരിച്ച് ഡിജിപി
കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിനെ സ്റ്റേഷനിൽ തല്ലി ചതച്ച പൊലിസുകാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊലിസ് മേധാവി. കസ്റ്റഡി മർദ്ദനം ഒരിക്കലും അനുവദിക്കില്ലെന്ന് റവാഡാ ചന്ദ്രശേഖർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. സുജിത്തിനെ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന ശേഷമുള്ള ഡിജിപിയുടെ ആദ്യ പ്രതികരണമാണിത്
കോൺഗ്രസിന്‍റെ 'രാഹു'കാലം അത്ര ശരിയല്ല
ലൈംഗിക ആരോപണങ്ങളിൽ കോണ്‍ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസിൽ കടുത്ത ഭിന്നത. സഭയിൽ നിന്ന് രാഹുൽ അവധിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് നിലപാട് എടുക്കുമ്പോൾ സഭയിൽ വരട്ടെയെന്നാണ് എ ഗ്രൂപ്പിന്‍റെയും കെപിസിസി നേതൃത്വത്തിലുള്ളവരുടെയും അഭിപ്രായം
'അടിച്ച് ഓഫായി' ഓണം
സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ വൻ വർദ്ധന. ഉത്രാടം വരെയുളള പത്തു ദിവസത്തെ മദ്യവിൽപ്പനയിലാണ് കഴിഞ്ഞ വർഷത്തെക്കാള്‍ വർദ്ധനയുണ്ടായി. 826 കോടിയുടെ വിൽപ്പനയാണ് ഓണനാളുകളിൽ നടന്നത്. കഴിഞ്ഞ വർഷം ഇതേസമയം 776 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാട ദിനത്തിൽ മാത്രം 137 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം ഉത്രാട ദിനത്തിൽ 126 കോടിയുടെ മദ്യമാണ് വിറ്റത്.