Today’s News Headlines ‘എനിക്ക് പറയാനുള്ളതും കേൾക്കണം' അടവുമായി രാഹുൽ, രാജി വൈകും; അമീബിക് മസ്തിഷ്ക ജ്വരത്തിൽ ജാഗ്രത, ഗഗൻയാൻ പരീക്ഷണം

Published : Aug 24, 2025, 07:46 PM IST
Rahul Mamkootathil

Synopsis

രാഹുൽ മാങ്കൂട്ടത്തിലാണ് ഇന്ന് വാർത്തകളിൽ നിറഞ്ഞുനിന്നത്. എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ ഉൾപ്പെടെ പരസ്യമായി ആവശ്യപ്പെട്ടിട്ടും രാഹുൽ തയ്യാറായില്ല. ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ അറിയാം…

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കുമോ എന്നാണ് ഇന്നത്തെ ദിവസം രാഷ്ട്രീയ കേരളം ഏറ്റവും ചർച്ച ചെയ്ത വാർത്ത. കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കൾ പരസ്യമായി ആവശ്യപ്പെട്ടിട്ടും രാജിക്ക് വഴങ്ങാതെ സ്വയം പ്രതിരോധം തീർക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. അതിനിടെ ഒരു എസ്പി മോശം സന്ദേശങ്ങൾ അയച്ചെന്ന പരാതിയുമായി വനിതാ എസ്ഐമാർ രംഗത്തെത്തി എന്നതാണ് ഇന്നത്തെ മറ്റൊരു പ്രധാന വാർത്ത. ധർമസ്ഥലയിൽ ആരോപണങ്ങൾ ഉന്നയിച്ച ശുചീകരണ തൊഴിലാളി ചിന്നയ്യയ്ക്ക് മാനസിക പ്രശ്നമാണെന്ന കുടുംബത്തിന്‍റെ വെളിപ്പെടുത്തലും ഇന്നുണ്ടായി. ഗഗൻയാൻ ദൗത്യം നിർണായക പരീക്ഷണം പൂർത്തിയാക്കിയതും ചേതേശ്വർ പൂജാര വിരമിച്ചതും ഉൾപ്പെടെ ഇന്നത്തെ പ്രധാന വാർത്തകൾ എന്തെല്ലാമെന്ന് അറിയാം...

രാജി സമ്മർദത്തിന് വഴങ്ങാതെ രാഹുൽ, ചോദ്യങ്ങൾക്ക് മറുപടിയില്ല

എംഎൽഎ സ്ഥാനം രാജിവെക്കാൻ കോണ്‍ഗ്രസിൽ നിന്നും മുറവിളി ഉയരുമ്പോഴും സ്വയം രാജി പ്രഖ്യാപിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ. ലൈംഗിക ചൂഷണ വിവാദങ്ങളിൽ ട്രാൻസ്ജെൻഡർ അവന്തികയുടെ ആരോപണത്തിന് മാത്രമാണ് രാഹുലിന്റെ മറുപടി. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സ്ഥാപിക്കാനാണ് രാഹുലിന്‍റെ ശ്രമം. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന മറ്റ് ശബ്ദരേഖകളെ കുറിച്ചോ മുതിർന്ന നേതാക്കൾ പരസ്യമായി രാജിയാവശ്യപ്പെട്ടതിനെ കുറിച്ചോ വാർത്താസമ്മേളനത്തിൽ രാഹുൽ മറുപടി പറഞ്ഞില്ല. തൊട്ടുപിന്നാലെ രാഹുൽ ഗാന്ധിയെ പുകഴ്ത്തി ഫേസ് ബുക്കിൽ പോസ്റ്റിട്ടു. സംഘടിതമായി ആക്രമിച്ചിട്ടും സ്തുതിപാഠകൾ വിമർശകരായിട്ടും പരിഭവങ്ങൾ ഇല്ലാതെ രാഹുൽ ഗാന്ധി പോരാടുന്നുവെന്നാണ് കുറിപ്പ്. വാർത്താസമ്മേളനത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ കാറിൽ പുറത്തേക്ക് തിരിച്ചതോടെ തിരുവനന്തപുരത്തേക്കാണെന്നുള്ള അഭ്യൂഹം പരന്നു. പക്ഷേ അധികം വൈകാതെ വീട്ടിലേക്ക് തിരിച്ചെത്തി. ആരോപണങ്ങൾക്കുള്ള മറുപടി തുടരാനാണ് രാഹുലിൻറെ നീക്കമെന്നാണ് വിവരം.

രാഹുൽ രാജി വച്ചേ തീരൂവെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍. രാജിയില്ലെങ്കിൽ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് വരെ ആവശ്യം ഉയർന്നു. വിഴുപ്പ് ചുമക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ലെന്ന് പറഞ്ഞ ജോസഫ് വാഴയ്ക്കൻ രാഹുലിനെതിരെ തുറന്നടിച്ചു. ഉമാ തോമസ്, ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, ഷമ മുഹമ്മദ് തുടങ്ങിയ നേതാക്കൾ രാഹുൽ മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടു. ഇനിയും വെളിപ്പെടുത്തലുകള്‍ വന്നാൽ പാര്‍ട്ടിക്ക് കൂടുതൽ ക്ഷതമുണ്ടാകുമെന്നതിനാൽ രാജി ആവശ്യപ്പെടണമെന്ന് രമേശ് ചെന്നിത്തല ദീപ ദാസ് മുന്‍ഷിയെയും സണ്ണി ജോസഫിനെയും അറിയിച്ചു. രാഹുൽ എത്രയും വേഗം രാജിവച്ചാൽ അത്രയും പാര്‍ട്ടിക്ക് നല്ലതെന്ന അഭിപ്രായം മുന്‍ കെപിസിസി പ്രസിഡന്‍റ് വി എം സുധീരൻ ഹൈക്കമാന്‍ഡിനെ അടക്കം അറിയിച്ചു. ഉചിതമായി തീരുമാനം ഉചിതമായ സമയത്തെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് വ്യക്തമാക്കി. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശ പ്രകാരം നേതാക്കളുമായി സണ്ണി ജോസഫ് കൂടിയാലോചന തുടരുകയാണ്.

രാജിക്കാര്യത്തില്‍ തീരുമാനം രാഹുലിനെ കേട്ട ശേഷം

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ രാജിക്കാര്യത്തില്‍ തീരുമാനം വൈകിയേക്കും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ എംഎല്‍എ പദവി രാജി വയ്ക്കേണ്ടതില്ലെന്നായിരുന്നു എഐസിസിയുടെ ആദ്യ നിലപാട്. കേരളത്തിന്‍റെ ചുമതലയുള്ള ദീപ ദാസ് മുന്‍ഷി തുടര്‍ ചര്‍ച്ചകള്‍ അടഞ്ഞ അധ്യായമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ എംഎല്‍എ പദവിയും രാഹുല്‍ രാജി വയ്ക്കണമെന്ന് വി ഡി സതീശന്‍ കടുത്ത നിലപാടടെുത്തതോടെ എഐസിസി നേതൃത്വം പ്രതിസന്ധിയിലായി. സതീശന് പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ ഓരോരുത്തരായി രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റിനിർത്തണമെന്ന നിലപാട് ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇതോടെ രാഷ്ട്രീയകാര്യ സമിതി ചേര്‍ന്ന് അന്തിമ തീരുമാനമറിയിക്കാന്‍ ഹൈക്കമാന്‍ഡ് കെപിസിസിക്ക് നിർദേശം നല്‍കി. രാഹുലിന്‍റെ വിശദീകരണം കൂടി കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനം.

വനിതാ എസ്ഐമാരുടെ പരാതി, എസ്പിക്കെതിരെ അന്വേഷണം

എസ്പി വി ജി വിനോദ് കുമാറിനെതിരെ ഡിഐജിക്ക് പരാതി നൽകി പത്തനംതിട്ട ജില്ലയിലെ രണ്ട് വനിതാ എസ്ഐമാർ. മോശം സന്ദേശങ്ങൾ അയച്ചെന്നും തൊഴിൽ സ്ഥലത്ത് മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി. വനിതാ എസ്ഐമാരുടെ മൊഴിയും തെളിവുകളും പരിശോധിച്ച ശേഷം പോഷ് ആക്ട് പ്രകാരം നടപടി വേണമെന്ന് ഡിഐജി ശുപാർശ ചെയ്തു. എസ്പി മെറിൻ ജോസഫിനോട് വിശദമായ അന്വേഷണം നടത്താൻ ഡിജിപി ആവശ്യപ്പെട്ടു. അതേസമയം തനിക്കെതിരെ ഗൂഢാലോചന ഉണ്ടെന്നാരോപിച്ച് വിനോദ് കുമാർ ഡിജിപിക്ക് പരാതി നൽകി.

ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം

കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ജോലി ചെയ്യുന്ന യുവാവ് നീന്തൽ കുളത്തിൽ കുളിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം എട്ടായി.

വീണ്ടും തട്ടിപ്പുമായി ശബരിനാഥ്

ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലെ മുഖ്യപ്രതി ശബരിനാഥ് വീണ്ടും ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി. ഓണ്‍ലൈൻ ട്രേഡിംഗ് വഴി പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു അഭിഭാഷകനിൽ നിന്നും 34 ലക്ഷം രൂപ തട്ടിയെടുത്തു. തട്ടിപ്പാണെന്ന് മനസിലായതോടെ കഴിഞ്ഞ ഡിസംബർ മുതൽ അഭിഭാഷകൻ പണം തിരികെ ആവശ്യപ്പെട്ടു. പണം നൽകാതെ ശബരി മുങ്ങിയതോടെയാണ് അഭിഭാഷകൻ വഞ്ചിയൂർ പൊലിസിനെ സമീപിച്ചത്. അഭിഭാഷകരും ഡോക്ടർമാരും ഉള്‍പ്പെടെ മറ്റ് ചിലരും ശബരിയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും നാണക്കേട് ഭയന്ന് പരാതിയുമായി വന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

ക്ലീൻ ചിറ്റ് റദ്ദാക്കിയ കോടതി ഉത്തരവിനെതിരെ എഡിജിപി അജിത് കുമാർ ഹൈക്കോടതിയിലേക്ക്

അഴിമതിക്കേസില്‍ ക്ലീന്‍ ചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലിന്‍സ് കോടതി വിധിക്കെതിരെ എഡിജിപി എം ആർ ‍ അജിത് കുമാര്‍ നാളെ ഹൈക്കോടതിയില്‍ അപ്പീൽ നല്‍കും. വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നാണ് അഭിഭാഷകൻ ബി രാമൻ പിള്ള മുഖേന നല്‍കുന്ന ഹര്‍ജിയിലെ ആവശ്യം. വിജിലൻസ് കോടതി സ്വന്തം നിലയിൽ കേസ് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി അടുത്ത ആഴ്ച പരാതിക്കാരന്‍റെയും സാക്ഷികളുടെയും മൊഴി എടുക്കാനിരിക്കെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശങ്ങൾ നീക്കാൻ സര്‍ക്കാരും അപ്പീൽ നല്‍കുന്നുണ്ട്.

ധർമസ്ഥലയിലെ വെളിപ്പെടുത്തൽ: ചിന്നയ്യയ്ക്ക് മാനസിക പ്രശ്നമെന്ന് കുടുംബം

ധർമസ്ഥലയിൽ മൊഴി നൽകിയ ശുചീകരണ തൊഴിലാളി മാനസിക പ്രശ്നം ഉള്ള ആൾ എന്ന് കുടുംബം. ചിന്നയ്യ എല്ലാം പറഞ്ഞത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നാണ് ഭാര്യ പറയുന്നത്. പ്രത്യേക അന്വേഷണ സംഘം ചിന്നയ്യയെ അറസ്റ്റ് ചെയ്തത് കുടുംബാംഗങ്ങളുടെ മൊഴിയും തലയോട്ടി പരിശോധനാ ഫലവും എതിരായതോടെയാണ്. ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സ്ത്രീയുടേത് എന്നവകാശപ്പെട്ട് ചിന്നയ്യ ഹാജരാക്കിയത് പുരുഷന്റെ തലയോട്ടിയാണെന്ന് പരിശോധനയിൽ തെളിഞ്ഞു. ചിന്നയ്യക്ക് പിന്നിൽ ആരെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

ഗഗൻയാൻ ദൗത്യം: നിർണായക പരീക്ഷണം പൂർത്തിയാക്കി

ഗഗൻയാൻ ദൗത്യങ്ങളുടെ ഭാഗമായ നിർണായക പരീക്ഷണം പൂർത്തിയാക്കി ഐഎസ്ആർഒ. യാത്രാ പേടകത്തിന്റെ പാരച്യൂട്ടുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്ന ഇന്റഗ്രേറ്റഡ് എയർഡ്രോപ് ടെസ്റ്റ് രാവിലെ ശ്രീഹരിക്കോട്ടയിൽ നടന്നു. വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്റർ ഉപയോഗിച്ച് ഏഴ് മണിയോടെയാണ് പരീക്ഷണം നടന്നത്. ഗഗൻയാൻ യാത്രാ പേടകത്തിന്റെ ഡമ്മി പതിപ്പിനെ ഹെലികോപ്റ്റർ സഹായത്തോടെ നാല് കിലോമീറ്റർ ഉയരത്തിൽ എത്തിച്ച ശേഷം താഴേക്കിടുന്നതായിരുന്നു പരീക്ഷണം. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്കുള്ള പേടകത്തിന്റെ മടക്കയാത്രയിലെ അവസാന ഘട്ടങ്ങൾക്ക് സമാന സാഹചര്യം സൃഷ്ടിക്കുകയായിരുന്നു പരീക്ഷണ ലക്ഷ്യം. പേടകത്തിന്റെ വേഗം കുറയ്ക്കാനുള്ള പാരച്യൂട്ടുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനായാണ് ഈ പരീക്ഷണം നടത്തിയത്. കടലിൽ ഇറങ്ങിയ പേടകത്തെ നാവികസേനയുടെ പ്രത്യേക കപ്പലുപയോഗിച്ച് വീണ്ടെടുത്തു.

ചേതേശ്വർ പൂജാര വിരമിച്ചു

ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യയുടെ പോരാളി ആയിരുന്ന ചേതേശ്വർ പൂജാര വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്ന വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ ആണ് പൂജാര പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയയിലെ രണ്ട് പരമ്പര യങ്ങളിൽ നിർണായക പങ്ക് വഹിച്ചാണ് പൂജാര ഇന്ത്യൻ ക്രിക്കറ്റിൽ ഐതിഹാസിക പരിവേഷം സ്വന്തമാക്കിയത്.

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു