
ഷാഫി പറമ്പിലിനെ ഉന്നമിട്ട് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി നടത്തിയ പരാമർശം ഇന്ന് വലിയ ചർച്ചയായി. ഇടഞ്ഞ എൻഎസ്എസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ ജി സുകുമാരൻ നായരെ കാണുമെന്നതാണ് മറ്റൊരു പ്രധാന വാർത്ത. സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും, ലഡാക്കിലെ സംഘർഷം, ഭൂട്ടാനിൽ നിന്നുള്ള കാർ കടത്തിൽ കോയമ്പത്തൂര്‍ റാക്കറ്റിനെ തേടി കസ്റ്റംസ്, ഒരിടവേളയ്ക്ക് ശേഷം കനത്ത മഴ ഉൾപ്പെടെ ഇന്നറിയേണ്ട പ്രധാന വാർത്തകൾ.
ഷാഫി പറമ്പിലിനെതിരെ അധിക്ഷേപ പരാമർശവുമായി സിപിഎം. ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുന്ന ആളാണ് ഷാഫി എന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ആരോപിച്ചു. സുരേഷ് ബാബുവിന്‍റേത് വ്യക്തി അധിക്ഷേപമെന്ന് ഷാഫി പ്രതികരിച്ചു. ഷാഫി നിയമപരമായി മുന്നോട്ടു പോയാൽ നേരിടാൻ തയ്യാറെന്ന് സുരേഷ് ബാബു തിരിച്ചടിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണം ഉയർന്നപ്പോൾ മുതൽ സിപിഎം സൈബർ ഇടങ്ങളിൽ ഷാഫി പറമ്പിലിനെതിരെയും ആക്ഷേപങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതാദ്യമായാണ് സിപിഎമ്മിന്‍റെ ഒരു ഉത്തരവാദിത്വപ്പെട്ട നേതാവ് ഷാഫിയുടെ പേരെടുത്ത് പറഞ്ഞ് ആരോപണം ഉന്നയിക്കുന്നത്. ഹെഡ്മാസ്റ്ററായ ഷാഫിയും രാഹുലും സ്ത്രീ വിഷയങ്ങളിൽ ഒരൊറ്റ കെട്ടാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചത്.
ശബരിമല വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കുകയും കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ചെയ്ത എൻഎസ്എസിനെ അനുനയിപ്പിക്കാൻ കോണ്‍ഗ്രസ് തീരുമാനം. നേതാക്കള്‍ എൻഎസ്എസ് ജനറൽ സെക്രട്ടറിയെ കാണും. സമദൂരം വിട്ട് ശബരിമലയിൽ എൻഎസ്എസ് ഇടത്തോട്ട് തിരിഞ്ഞതിൽ കോണ്‍ഗ്രസിനും യുഡിഎഫിനും ആശങ്കയുണ്ട്. സർക്കാരിൽ വിശ്വാസമുണ്ടെന്ന ജി സുകുമാരൻ നായരുടെ പരസ്യ പ്രഖ്യാപനം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഗെയിം ചെയ്ഞ്ചറാണെന്ന് സിപിഎം ആവേശം കൊള്ളുന്നു. എന്നാൽ വിശ്വാസം വീണ്ടെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് കെപിസിസി, യുഡിഎഫ് നേതൃത്വങ്ങള്‍. അതേസമയം ആഗോള അയ്യപ്പ സംഗമത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും തീരുമാനം നൂറു ശതമാനം ശരിയാണെന്ന നിലപാടിലാണ് നേതൃത്വം.
സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും. കേരള ഘടകത്തിന്റെ ശക്തമായ എതിർപ്പ് മറികടന്നാണ് പ്രായപരിധിയിൽ ഇളവ് നൽകാൻ തീരുമാനിച്ചത്. പ്രകാശ് ബാബുവിനെയും പി സന്തോഷ് കുമാറിനെയും ദേശീയ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. ബിനോയ് വിശ്വം ഒഴിവായി. പ്രായപരിധിയിലടക്കം കടുത്ത ഭിന്നിപ്പും തര്‍ക്കവും കാരണം പാർട്ടി കോൺഗ്രസ് നടപടികൾ അനന്തമായി നീണ്ടു.
സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു. മധ്യ - തെക്കൻ കേരളത്തിൽ മഴ ശക്തമാണ്. ഒൻപത് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ടയിയും ഇടുക്കിയിലും ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരളാ തീരത്ത് 40 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. കേരളാ തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. നാളെയും തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. തെക്കൻ ഒഡീഷ- വടക്കൻ ആന്ധ്രാ തീരത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി മാറും. പിന്നീട് ഇത് തീവ്ര ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീന ഫലമായി അടുത്ത ദിവസങ്ങളിലും കാലവർഷം കനക്കും.
ലഡാക്കിലെ സംഘർഷത്തിൽ 60 പേർ അറസ്റ്റിലായി. സ്ഥിതിഗതികൾ വിലയിരുത്താൻ ലഫ് ഗവർണർ കവീന്ദ്ര ഗുപ്ത ഉന്നതതല യോഗം ചേർന്നു. ഇന്നലെ നടന്ന സംഘർഷത്തിന് പിന്നാലെ ലേ ഉൾപ്പെടെ പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്. എല്ലാ സ്ഥലങ്ങളിലും കൂടുതൽ സേനയെ സുരക്ഷയ്ക്കായി വിന്യസിച്ചു. സ്ഥിതിഗതികൾ നിലവിൽ ശാന്തമാണ്. സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് ഇതുവരെ എടുത്തത്. ഇതിൽ ഒരു കേസിൽ അപ്പർ ലേയിലെ കോണ്‍ഗ്രസ് കൗൺസിലർ പി എസ് സെപാഗിനെയും പ്രതിയാക്കി. പ്രതിഷേധത്തിനിടെ ഇയാൾ ആയുധങ്ങളുമായി നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു. പ്രതിഷേധം അക്രമത്തിലേക്ക് എത്തിക്കാൻ കരുതിക്കൂട്ടിയുള്ള ശ്രമം നടന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അക്രമികള്‍ ആദ്യം ലക്ഷ്യമിട്ടത് ലഡാക്ക് ഹിൽസ് സെക്രട്ടറിയേറ്റിനെയാണ്. കെട്ടിടത്തിന്റെ പരിസരങ്ങളിൽ പ്രതിഷേധക്കാർ തീയിട്ടു. സിആർപിഎഫ് തീ അണയ്ക്കുകയായിരുന്നു. പിന്നാലെയാണ് ഒരു കൂട്ടമാളുകൾ ലേയിലെ ബിജെപി ഓഫീസ് കത്തിച്ചത്. നേപ്പാൾ മോഡൽ അക്രമം പ്രതിഷേധക്കാർ പദ്ധതിയിട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വിദേശത്തുനിന്ന് നികുതി വെട്ടിച്ചുള്ള കാര്‍ കടത്തില്‍ കോയമ്പത്തൂര്‍ റാക്കറ്റിനെ തേടി കസ്റ്റംസ് അന്വേഷണം. സംശയ നിഴലില്‍ തുടരുന്ന നടന്‍ അമിത് ചക്കാലക്കല്‍ ഇന്ന് വീണ്ടും കംസ്റ്റസിന്‍റെ മുന്നില്‍ ഹാജരായി. അമിത്ത് ഇപ്പോഴും സംശയ നിഴലിലാണെന്നും രേഖകള്‍ പരിശോധിച്ച് വീണ്ടും വിളിപ്പിക്കുമെന്നും കസ്റ്റംസ് അറിയിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് നികുതിവെട്ടിച്ച് കള്ളക്കടത്ത് വാഹനങ്ങള്‍ കേരളത്തിലടക്കം എത്തിച്ചതെതെന്നും പിന്നില്‍ വമ്പന്‍ റാക്കറ്റ് സര്‍വ സന്നാഹങ്ങളുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് കസ്റ്റംസ് പറയുന്നത്. ഡിആര്‍ഐയും കസ്റ്റംസും ചേര്‍ന്ന് അഞ്ച് മാസത്തോളം നീണ്ട അന്വേഷണത്തിനൊവിലാണ് കള്ളക്കടത്ത് വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചത്. ഇതിലേറെക്കുറെ കോയമ്പത്തൂര്‍ റാക്കറ്റില്‍ ചെന്നുനില്‍ക്കുന്നുവെന്നും കസ്റ്റംസ് അറിയിച്ചു.
ഫൈനൽ ലക്ഷ്യമിട്ട് പാകിസ്ഥാനും ബംഗ്ലാദേശും ഏറ്റുമുട്ടും. ഈ മത്സരത്തിൽ ജയിക്കുന്നവർ ഫൈനലിൽ ഇന്ത്യയെ നേരിടും. ഇന്ത്യയോട് തോറ്റ പാകിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയെ തോൽപിച്ചു. ഇതോടെയാണ് ഇരു ടീമുകളും തമ്മിലുളള പോരാട്ടം നിർണായകമായത്. തോൽക്കുന്ന ടീം പുറത്താവും. ഇരു ടീമുകളും ഇത്തവണ ഏഷ്യാ കപ്പില്‍ ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ വരുന്നത്.