
തിരുവനന്തപുരം: വിശ്വാസപ്രശ്നത്തിലെ ഇടത് ചായ്‍വ് സമദൂരത്തിലെ ശരിദൂരമെന്നുള്ള എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവനയാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. എൻഎസ്എസിന് സ്വന്തം നിലപാടെടുക്കാമെന്നും കോൺഗ്രസ് അനുനയത്തിനില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഭൂട്ടാനിൽ നിന്ന് കടത്തിയതെന്ന് സംശയിക്കുന്ന ദുൽഖർ സൽമാന്റെ ആഡംബര കാർ കണ്ടെത്തിയിട്ടുണ്ട്.കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് കസ്റ്റംസ് വാഹനം പിടിച്ചെടുത്തത്.
വിശ്വാസപ്രശ്നത്തിലെ ഇടത് ചായ്‍വ് സമദൂരത്തിലെ ശരിദൂരമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി. അതേസമയം സമദൂരമെന്ന സംഘടനയുടെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് ജി സുകുമാരൻ നായർ വ്യക്തമാക്കി. വിശ്വാസ പ്രശ്നത്തിൽ സുകുമാരൻ നായരുടെ നിലപാടിനെ എൻഎസ്എസ് പ്രതിനിധി സഭ പിന്തുണച്ചു. എൻഎസ്എസിന് സ്വന്തം നിലപാടെടുക്കാമെന്നും കോൺഗ്രസ് അനുനയത്തിനില്ലെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. മധ്യസ്ഥ ചർച്ചക്ക് വേണമെങ്കിൽ മുൻകയ്യെടുക്കാമെന്ന് ലീഗ് അറിയിച്ചു.
ഭൂട്ടാനിൽ നിന്ന് കടത്തിയതെന്ന് സംശയിക്കുന്ന ദുൽഖർ സൽമാന്റെ ആഡംബര കാർ കണ്ടെത്തി. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് കസ്റ്റംസ് വാഹനം പിടിച്ചെടുത്തത്. കാറിന്‍റെ ഫസ്റ്റ് ഓണർ ഇന്ത്യൻ ആർമിയാണ്. ദുൽഖർ വാഹനം വാങ്ങിയത് ഹിമാചലിൽ നിന്നെന്ന് രേഖകളിലുണ്ട്. കാർ കടത്തിൽ ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇടനിലക്കാരെക്കുറിച്ച് നിർണായക വിവരം കസ്റ്റംസിന് കിട്ടിയിട്ടുണ്ട്.
ദേവനന്ദയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ അറസ്റ്റിൽ
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടര വയസ്സുകാരി ദേവനന്ദയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ ശ്രീതു അറസ്റ്റിൽ. കുഞ്ഞിന്‍റെ കൊലപാതകം അമ്മയുടെ അറിവോടെയാണെന്ന അമ്മാവൻ ഹരികുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഹരികുമാറും ശ്രീതുവും തമ്മിലെ ബന്ധത്തിന് തടസമായത് കൊണ്ടാണ് കുഞ്ഞിനെ കൊന്നതെന്നാണ് പൊലീസ് കണ്ടെത്തൽ.
പാകിസ്ഥാന് ചുട്ട മറുപടിയുമായി ഇന്ത്യ
ഭീകരവാദം സംബന്ധിച്ച് യുഎന്നില്‍ പാകിസ്ഥാന് ചുട്ട മറുപടിയുമായി ഇന്ത്യ. പാകിസ്ഥാന്‍റേത് ഭീകരതയെ മഹത്വപ്പെടുത്തുന്ന വിദേശനയമെന്ന് ഇന്ത്യ തുറന്നടിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വെടിനിര്‍ത്തലിന് അപേക്ഷിച്ചത് പാകിസ്ഥാനാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നത്തില്‍ മൂന്നാംകക്ഷിക്ക് ഇടമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
യുഎന്‍ പൊതുസഭയില്‍ ഒറ്റപ്പെട്ട് ഇസ്രായേല്‍
ഗാസയിലെ യുദ്ധത്തില്‍ യുഎന്‍ പൊതുസഭയില്‍ ഒറ്റപ്പെട്ട് ഇസ്രായേല്‍. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുന്നതായി ലോകരാജ്യങ്ങളുടെ കുറ്റപ്പെടുത്തല്‍. പശ്ചിമേഷ്യന്‍ ചര്‍ച്ചകളില്‍ പുരോഗതിയെന്നും വെടിനിര്‍ത്തല്‍ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഡോണള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കിലെ പലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുത്ത കൊളംബിയന്‍ പ്രസിഡന്‍റിന്‍റെ വിസ അമേരിക്ക റദ്ദാക്കി.