'ട്വിസ്റ്റുകളുടെ കർണാടക, പൊന്നമ്പലമേട്ടിലെ പൂജ, വിമാനത്തിൽ ബീഡി വലി, എസ്എഫ്ഐയിലെ ആൾമാറാട്ടം'- 10 വാർത്ത

Published : May 17, 2023, 06:37 PM IST
'ട്വിസ്റ്റുകളുടെ കർണാടക, പൊന്നമ്പലമേട്ടിലെ പൂജ, വിമാനത്തിൽ ബീഡി വലി, എസ്എഫ്ഐയിലെ ആൾമാറാട്ടം'- 10 വാർത്ത

Synopsis

ക്രിസ്ത്യൻ കോളേജിലെ 'ആൾമാറാട്ടം': സംഘടനാ നടപടിയെടുത്ത് എസ്എഫ്ഐ, ഏരിയ സെക്രട്ടറിയെ പുറത്താക്കി,  'വികലവും, ഗൂഢലക്ഷ്യമുള്ളതും'; മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ, ഇഡി പ്രത്യേക കോടതിയെ സമീപിക്കൂ, ശിവശങ്കറിനോട് സുപ്രീംകോടതി; നടപടി ലൈഫ് മിഷൻ കോഴ കേസിൽ- 10 വാർത്തകൾ അറിയാം.  

1. കർണാടകയിൽ വീണ്ടും ട്വിസ്റ്റ്; സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നിർത്തി, കൊടി തോരണങ്ങള്‍ തിരികെ കൊണ്ടുപോയി

കര്‍ണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം നീളുന്നു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിന് ഡി.കെ ശിവകുമാര്‍ വഴങ്ങുന്നില്ല. സിദ്ധരാമയ്യയുടെ നീക്കങ്ങളിൽ ഡി കെക്ക് കടുത്ത അതൃപ്തിയാണുള്ളത്. മുഖ്യമന്ത്രി ആരാണെന്ന പ്രഖ്യാപനത്തിന് മുൻപേ സത്യപ്രതിജ്ഞക്ക് തയ്യാറെടുത്തതും, ബെം​ഗളൂരുവിലെ ആഹ്ലാദ പ്രകടനവും ഡി കെയെ ചൊടിപ്പിച്ചു. സുർജേവാല മാധ്യമങ്ങളെ കണ്ടതിന് പിന്നിലും ഡികെയുടെ സമ്മർദ്ദമുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം സ്റ്റേഡിയത്തിൽ നിർത്തി. തോരണങ്ങളും പരവതാനികളും തിരികെ കൊണ്ടുപോയി. തൊഴിലാളികൾ സ്റ്റേഡിയത്തിൽ നിന്നും മടങ്ങി.

2. പൊന്നമ്പലമേട്ടിലെ പൂജ; 2 വനംവികസന കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറിയ കേസിൽ രണ്ടു വനം വികസന കോർപറേഷൻ ‌ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ഗവിയിലെ കെഎഫ്ഡിസി സൂപ്പർവൈസർ രാജേന്ദ്രൻ, തോട്ടം തൊഴിലാളി സാബു എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ഇരുവരും വനം വകുപ്പിന്റെ കസ്റ്റഡിയിൽ ആണ്. ഇവരെ  റാന്നി കോടതിയിൽ എത്തിച്ചു. കേസിൽ അന്വേഷണം വ്യാപിപ്പിച്ചു എന്ന് പച്ചക്കാനം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ ജയപ്രകാശ് പറഞ്ഞു. ബാക്കിയുള്ള പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും. നിലവിൽ കസ്റ്റഡിയിൽ ഉള്ള പ്രതികളെ ചോദ്യം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

3. ആദ്യ വിമാനയാത്ര, ശുചിമുറിയിൽ കയറി, ശേഷം കണ്ടത് പുക! പരിശോധനയിൽ കണ്ടത് ബീഡി, പൊല്ലാപ്പായി 

വിമാനയാത്രക്കിടെ ബീഡി വലിച്ച 56 കാരൻ അറസ്റ്റിൽ. അഹമ്മദാബാദിൽനിന്ന് ബെംഗളൂരുവിലേക്ക് പോയ വിമാനത്തിലാണ് സംഭവം. വിമാനം കെംപഗൗഡ വിമാനത്താവളത്തിലെത്തിയപ്പോഴാണ് 56 കാരനായ രാജസ്ഥാൻ സ്വദേശി എം പ്രവീൺ കുമാർ അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ ആദ്യ വിമാനയാത്രയായിരുന്നു ഇത്. രാജസ്ഥാനിലെ പാലി ജില്ലയിലെ മാര്‍വാര്‍ സ്വദേശിയാണ് പ്രവീണ്‍കുമാര്‍. അകാശ എയറിന്‍റെ വിമാനത്തിനുള്ളിലാണ് ഇയാള്‍ ബീഡി വലിച്ചത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് പ്രവീണ്‍കുമാര്‍ അറസ്റ്റിലായത്. 

4. ക്രിസ്ത്യൻ കോളേജിലെ 'ആൾമാറാട്ടം': സംഘടനാ നടപടിയെടുത്ത് എസ്എഫ്ഐ, ഏരിയ സെക്രട്ടറിയെ പുറത്താക്കി

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ 'ആൾമാറാട്ടം' വിവാദത്തിൽ സംഘടന നടപടി സ്വീകരിച്ച് എസ് എഫ് ഐ. കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോം അറിയിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വന്ന വാർത്ത ഗൗരവത്തോടെയാണ് എസ്എഫ്ഐ കാണുന്നതെന്നും സംസ്ഥാന സെക്രട്ടറി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

5. 'വികലവും, ഗൂഢലക്ഷ്യമുള്ളതും'; മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള 2022 ലെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ    റിപ്പോര്‍ട്ട് തള്ളി ഇന്ത്യ.  റിപ്പോർട്ട് വികലവും, ഗൂഢ ലക്ഷ്യമുള്ളതുമാണ് എന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ റിപ്പോർട്ട് തെറ്റിദ്ധാരണാജനകമാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു. അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കാനിരികികെയാണ് സ്റ്റേറ്റ് ഡിപാർട്മെൻറ് മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് പുറത്തുവിട്ടത് .'റഷ്യ, ഇന്ത്യ, ചൈന, സൗദി അറേബ്യ എന്നിവയുള്‍പ്പെടെ നിരവധി സര്‍ക്കാരുകള്‍ തങ്ങളുടെ വിശ്വാസി സമൂഹത്തെ വേട്ടായാടുന്നത് തുടരുകയാണ്' എന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്.

6. മതപഠനശാലയിലെ അസ്മിയയുടെ ദുരൂഹ മരണം, അന്വേഷണത്തിന് 13 അംഗ സംഘം; ബാലരാമപുരത്ത് ബിജെപി പ്രതിഷേധം

ബാലരാമപുരത്തെ മതപഠനശാലയിൽ 17 കാരി അസ്മിയയുടെ ദുരൂഹ മരണത്തിൽ പ്രതിഷേധം ശക്തമാക്കി ബി ജെ പിയും എ ബി വിപിയും. അസ്മിയയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് ബി ജെ പിയും എ ബി വി പിയും പ്രതിഷേധം സംഘടിപ്പിച്ചത്. മതപഠനശാലയായ അൽ അമാൻ എജ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിലേക്ക് ആദ്യം എ ബി വി പിയും പിന്നീട് ബി ജെ പിയും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാ‍ർച്ച്  ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ മുന്നിൽ പൊലീസ് ബാരിക്കേട് വച്ച് തടഞ്ഞു. ഇതോടെ എ ബി വി പി, ബി ജെ പിപ്രവർത്തകർ ബാലരാമപുരം - വിഴിഞ്ഞം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 

7. ഇഡി പ്രത്യേക കോടതിയെ സമീപിക്കൂ, ശിവശങ്കറിനോട് സുപ്രീംകോടതി; നടപടി ലൈഫ് മിഷൻ കോഴ കേസിൽ 

ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ സമർപ്പിച്ച അപേക്ഷ സുപ്രീംകോടതി ജൂലൈയിലേക്ക് മാറ്റി. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും സുപ്രീംകോടതി അവധിക്കാലത്തിന് പിരിയുന്നതിന് മുൻപ് തന്നെ കേസ് പരിഗണിച്ച് ഇടക്കാല ജാമ്യം നൽകണമെന്നുമുള്ള ശിവശങ്കറിന്റെ ആവശ്യം കേട്ട കോടതി, ഇടക്കാല ജാമ്യം വേണമെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രത്യേക കോടതിയെ സമീപിക്കാനും നിർദ്ദേശം നൽകി. സ്ഥിര ജാമ്യത്തിനായുള്ള അപേക്ഷ കോടതി ജൂലൈയിലേക്കും മാറ്റി. ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യം, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.  

8. എസ്എഫ്ഐയുടെ ആൾമാറാട്ടം: വിവാദമായതോടെ തിരുത്തി പ്രിൻസിപ്പൽ, പിശക് പറ്റിയെന്ന് വിശദീകരണം

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐയുടെ ആൾമാറാട്ടം വിവാദമായതോടെ തിരുത്തി പ്രിൻസിപ്പൽ. യുയുസിയുടെ പേര് നൽകിയതിൽ പിശക് പറ്റി എന്ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി. പിശക് പറ്റി എന്ന് പ്രിൻസിപ്പൽ കേരള സർവ്വകലാശാലയെ അറിയിച്ചു. തെരെഞ്ഞെടുക്കപ്പെട്ട യുയുസി അനഘ രാജി വെക്കുക ആണ് ഉണ്ടായതെന്ന് പ്രിൻസിപ്പൽ ജി ജെ ഷൈജു പറഞ്ഞു. സർവ്വകലാശാലക്ക് അയച്ച പേരിൽ പിശക് പറ്റി തിരുത്തി അയച്ചു എന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. പ്രിനിസിപ്പലിനോട് അടിയന്തിരമായി നേരിട്ട് ഹാജരാകാൻ കേരള സർവ്വകലാശാല ആവശ്യപ്പെട്ടു. 

9. ആശുപത്രി സംരക്ഷണ ഓർഡിനൻസിന് അംഗീകാരം, ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിൽ കർശന ശിക്ഷ

ആശുപത്രി സംരക്ഷണ ഓർഡിനൻസിന് കേരളാ മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമത്തിൽ കർശന ശിക്ഷ നൽകാനുള്ള ഭേദഗതി ഓർഡിനൻസിന് കാബിനറ്റ് അംഗീകാരം നൽകി. അധിക്ഷേപം, അസഭ്യം പറയൽ എന്നിവയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിന് 7 വർഷം തടവാണ് പരമാവധി ശിക്ഷ. കുറഞ്ഞ ശിക്ഷ 6 മാസമാക്കി. നഴ്സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. പ്രതികൾക്കെതിരെ സമയബന്ധിത നിയമനടപടികൾക്കും  വ്യവസ്ഥയുണ്ട്. 

10. കൊടും ചൂട്, ഈ ജില്ലകളിൽ അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥാ മുന്നറിയിപ്പ്: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ കൊടും ചൂട് തുടരുന്ന സാഹചര്യത്തിൽ നിശ്ചിത ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്  മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.  ഇന്ന്  കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ  ഉയർന്ന താപനില 37°C വരെയും കണ്ണൂർ, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ 36°C വരെയും, മലപ്പുറം ജില്ലയിൽ  35°Cവരെയും (സാധാരണയെക്കാൾ 2 °C - 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അടുത്ത രണ്ട് ദിവസങ്ങളിൽ  (മഞ്ഞ അലർട്ട്) മലയോര പ്രദേശങ്ങൾ ഒഴികെ, ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം