Asianet News MalayalamAsianet News Malayalam

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവം: പ്രതി ശങ്കർ മിശ്ര അറസ്റ്റിൽ 

ഇയാളുടെ സഹോദരിയുടെ വീട് ബെംഗളുരുവിലാണ്. നേരത്തെ ഇയാളുടെ ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസിന് ഇയാൾ ബെം​ഗളൂരുവിലുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. 

Mumbai Man Who Peed On Woman On Air India Flight Arrested
Author
First Published Jan 7, 2023, 10:06 AM IST

ദില്ലി: ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ ഫ്ലൈറ്റിൽ സഹയാത്രക്കാരിയായ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ശങ്കർ മിശ്ര(34) ആണ് അറസ്റ്റിലായത്. ബെംഗളുരുവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഒളിവിലായ ശങ്കർ മിശ്രക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബെംഗളൂരുവിലെ സഞ്ജയ് നഗറില്‍നിന്നാണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരിയുടെ വീട് വൈറ്റ് ഫീൽഡിലാണ്. ഇവിടം കേന്ദ്രീകരിച്ച് ബംഗളുരു പൊലീസും ദില്ലി പൊലീസും സംയുക്തമായി തെരച്ചിൽ നടത്തിയിരുന്നു. തെരച്ചിൽ തുടങ്ങിയതറിഞ്ഞ് ഇയാൾ സഹോദരിയുടെ വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. സഞ്ജയ് നഗറിലെ ഒരു ഹോട്ടലിൽ ഒളിവിൽ താമസിക്കുകയായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.  മിശ്രയെ ഉച്ചക്ക് രണ്ട് മണിയോടെ പട്യാല കോടതിയിൽ ഹാജരാക്കും.

നേരത്തെ ഇയാളുടെ ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസിന് ഇയാൾ ബെം​ഗളൂരുവിലുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. ശങ്കർ മിശ്ര എവിടെയാണെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെത്തുടർന്ന് ദില്ലി പൊലീസ് ബെംഗളൂരുവിൽ അന്വേഷണ സംഘത്തെ നിയോ​ഗിച്ചിരുന്നു. ശങ്കർ മിശ്ര ഫോൺ സ്വിച്ച് ഓഫ് ചെയ്തെങ്കിലും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നു. ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ചതും ഇയാളെ പിടികൂടാൻ പൊലീസിന് സഹായകരമായി. 

മുംബൈ സ്വദേശിയായ ശങ്കർ മിശ്രയെ വെൽസ് ഫാർഗോ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ വെൽസ് ഫാർ​ഗോയുടെ ഇന്ത്യൻ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കർ മിശ്ര. നവംബർ 26 ന് ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിലാണ് ശങ്കര് മിശ്ര, ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാൽ തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്നും പൊലീസിൽ പരാതിപ്പെടരുതെന്നും ഇയാൾ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിഞ്ഞു. ഏറെ വൈകി, ഈ ആഴ്‌ച മാത്രമാണ് എയർ ഇന്ത്യ പൊലീസിൽ പരാതി നൽകിയത്. 

പരാതിക്ക് പിന്നാലെ, എയർ ഇന്ത്യ ശങ്കര് മിശ്രയെ 30 ദിവസത്തേക്ക് വിമാനയാത്രയിൽ നിന്ന് വിലക്കി. സംഭവം കൈകാര്യം ചെയ്ത ജീവനക്കാരോട് വിശദീകരണം തേടുകയും അന്വേഷണത്തിന് ആഭ്യന്തര സമിതിയെ നിയോ​ഗിക്കുകയും ചെയ്തു. മോശമായോ അനുചിതമായോ  പെരുമാറുന്ന യാത്രക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ എയർലൈൻ ജീവനക്കാർ പരാജയപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്ന് ഏവിയേഷൻ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മുന്നറിയിപ്പ് നൽകി. 

Follow Us:
Download App:
  • android
  • ios