മഴ മുന്നറിയിപ്പ്, മലപ്പുറം അപകടം, മമ്മൂട്ടി തിരുത്തി, ഫ്രാൻസ് കടക്കുമോ? ഇന്നത്തെ 10 വാർത്തകൾ ഒറ്റ നോട്ടത്തിൽ

Published : Dec 14, 2022, 07:07 PM ISTUpdated : Dec 14, 2022, 07:10 PM IST
മഴ മുന്നറിയിപ്പ്, മലപ്പുറം അപകടം, മമ്മൂട്ടി തിരുത്തി, ഫ്രാൻസ് കടക്കുമോ? ഇന്നത്തെ 10 വാർത്തകൾ ഒറ്റ നോട്ടത്തിൽ

Synopsis

ഇന്നത്തെ പ്രധാന വാ‍ർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ അറിയാം

തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പ്, മലപ്പുറത്ത് സ്കൂൾ ബസിൽ നിന്നിറങ്ങിയപ്പോൾ ഗുഡ്സ് ഓട്ടോയിടിച്ച് കുട്ടിയുടെ ദാരുണാന്ത്യം, ഗവർണർ പ്രീതി പിൻവലിച്ചതിൽ സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിലെ വാദം, ജൂഡ് ആന്‍റണിയെക്കുറിച്ചുള്ള പരാമർശത്തിൽ മമ്മൂട്ടി നടത്തിയ തിരുത്ത്, ഐ എഫ് എഫ് കെയിൽ നന്‍പകല്‍ നേരത്ത് മയക്കം സിനിമക്ക് സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ചവർക്കെതിരായ കേസ്, അനുമതിയില്ലാതെ ഫണ്ട് വകമാറ്റിയതിന് സംസ്ഥാന പൊലീസ് മേധാവിക്ക് ആഭ്യന്തര വകുപ്പിന്‍റെ ശാസന, ലോകകപ്പിലെ ഫ്രാൻസ് - മൊറോക്കോ സെമി പോരാട്ടം, ഇന്ത്യ - ബംഗ്ലാദേശ് ടെസ്റ്റ് മത്സരം തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന വാ‍ർത്തകളും സംഭവങ്ങളും.

1 മഴ മുന്നറിയിപ്പ്

കേരളത്തിൽ മഴ തുടരുമെന്നാണ് അറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് രാത്രിയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അതേസമയം ഇന്ന് സംസ്ഥാത്തെ ഒരു ജില്ലയിലും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ  പുറപ്പെടുവിച്ചിട്ടില്ല. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

2 പാഠ്യപദ്ധതി പരിഷ്കരണത്തിൽ മന്ത്രി പറഞ്ഞത്

പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന പരാമർശങ്ങൾ നടത്തുന്ന വ്യക്തികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സാംസ്കാര ശൂന്യവും വസ്തുതാവിരുദ്ധവും സമനില തെറ്റിയതുമായ ഒരു പരാമർശം ഒരു ലീഗ് നേതാവിൽ നിന്ന് ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടു. ലീഗ് നേതാവിന്റെ പരാമർശങ്ങളോടുള്ള നിലപാട് മുസ്ലിം ലീഗ് വ്യക്തമാക്കണം. പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള ജനകീയ ചർച്ചയ്ക്ക് തയ്യാറാക്കിയ കുറിപ്പിനെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയാണ് ലീഗ് നേതാവ് ചെയ്യുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.

3 മലപ്പുറം അപകടം

മലപ്പുറത്ത്‌ സ്കൂൾ ബസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കുമ്പോൾ ഗുഡ്സ് ഓട്ടോ ഇടിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. താനൂർ നന്നമ്പ്ര എസ്എൻയുപി സ്കൂൾ വിദ്യാർഥി ഷഫ്ന ഷെറിൻ ആണ് മരിച്ചത്. സാധാരണയായി സ്കൂൾ ബസുകളിൽ കുട്ടികളെ ഇറക്കാൻ ഒരാൾ കൂടി ഉണ്ടാകാറുണ്ട്. എന്നാൽ ഈ സ്കൂൾ ബസിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികളെ ഇറക്കാൻ മറ്റാരും ഉണ്ടായിരുന്നില്ല. ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ​ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് ഒരു സ്വകാര്യആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

4 പൊലീസ് മേധാവിക്ക് ശാസന

സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന് ആഭ്യന്തര വകുപ്പിന്‍റെ ശാസന. ഫണ്ട് വകമാറ്റിയതിനാണ് ആഭ്യന്തര വകുപ്പ് ഡിജിപിയെ താക്കീത് ചെയ്തത്. പൊലീസ് അക്കാദമിയുടെ മതിൽ കെട്ടിയ പണത്തിന്‍റെ ബാക്കി തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനാണ് വിമർശനം. സർക്കാരിന്‍റെ ഭരണാനുമതിയില്ലാതെ പണം വിനിയോഗിച്ചതിനാണ് ആഭ്യന്തര വകുപ്പ് ഡിജിപിയെ വിമർശിച്ചത്. നിരന്തരമായി അനുമതിയില്ലാതെ പണം വകമാറ്റുന്നുണ്ടെന്ന് ആഭ്യന്തര വകുപ്പ് വിമർശിച്ചു. അനുമതിയില്ലാതെയുള്ള ഫണ്ട് ഉപയോഗം ക്രമക്കേടിന് തുല്യമാണന്നാണ് ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പ്.

5 ഗവർണറുടെ പ്രീതിയും നിഴൽയുദ്ധവും

 കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തിയെന്ന് ഗവർണർ ഹൈക്കോടതിയിൽ. സർച്ച്‌ കമ്മിറ്റി അംഗത്തെ നാമനിർദ്ദേശം ചെയ്യാനുള്ള  ചാൻസലറുടെ നടപടിക്കെതിരെ പ്രവർത്തിച്ചത് കൊണ്ടാണ് തനിക്ക് പ്രീതി പിൻവലിക്കേണ്ടി വന്നതെന്നും കോടതിയെ അറിയിച്ചു. ഗവർണറുടെ പുറത്താക്കൽ നടപടി ചോദ്യം ചെയ്ത്  15 സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിൽ ആണ് ഗവർണറുടെ മറുപടി. എന്നാൽ പ്രീതി എന്ന ആശയം നിയമപരമായി മാത്രമേ ഉപയോഗിക്കാനാകൂ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പുറത്താക്കൽ നടപടിക്ക് എതിരെ 15 സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിൽ കോടതി നാളെ ഉച്ചയ്ക്ക് 1 45 ന് വിധി പറയും.

6 ഇന്ത്യ - ചൈന അതിർത്തി സംഘ‍ർഷത്തിൽ പാർലമെന്‍റിൽ ബഹളം

ഇന്ത്യ - ചൈന സംഘർഷത്തില്‍ പാർലമെന്‍റില്‍ ച‍ർച്ച ആവശ്യപ്പെട്ട് വീണ്ടും പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. പാർലമെന്‍റിന്‍റെ ഇരുസഭകളില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. സംഘർഷ സാഹചര്യത്തില്‍ ചൈന അതിര്‍ത്തിയിലെ വ്യോമനിരീക്ഷണം ശക്തമാക്കി. ഇന്ത്യ - ചൈന സംഘർഷത്തില്‍ ചർച്ച ആവശ്യപ്പെട്ട് സഭയില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം ഉയ‍ർന്നു. അടിയന്തരപ്രമേയം നല്‍കി പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടപ്പോള്‍ പ്രതിരോധമന്ത്രി ഇന്നലെ പ്രസ്താവന നടത്തി സാഹചര്യം വിശദീകരിച്ചത് ലോകസഭയിലും രാജ്യസഭയിലും അദ്ധ്യക്ഷൻമാർ ചൂണ്ടിക്കാട്ടി.

7 മമ്മൂട്ടിയുടെ തിരുത്ത്

ജൂഡ് ആന്‍റണി ഒരുക്കിയ '2018 എവരിവണ്‍ ഈസ് എ ഹീറോ' എന്ന ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ചിനിടെ നടത്തിയ പ്രസം​ഗത്തിൽ മമ്മൂട്ടി നടത്തിയ പ്രസ്താവന വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ജൂഡ് ആന്‍റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. ഇത് ബോഡി ഷെയ്മിംഗ് ആണെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. ഈ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി ഇന്ന് രംഗത്തെത്തി. 'ജൂഡ് ആന്റണി'യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദംപ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കില്ലെന്നും മമ്മൂട്ടി പറഞ്ഞു. ഇക്കാര്യം  ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദിയെന്നും മമ്മൂട്ടി കുറിച്ചു.

8 ഐഎഫ്എഫ്‍കെ സീറ്റ് കീട്ടത്തവരുടെ പ്രതിഷേധത്തിൽ കേസെടുത്തു

ഐഎഫ്എഫ്‍കെയിൽ സിനിമയ്ക്ക് സീറ്റ് കിട്ടാത്തതിനെ ചൊല്ലി പ്രതിഷേധിച്ചവർക്ക് എതിരെ അന്യായമായി സംഘം ചേർന്നതിന് പൊലീസ് കേസെടുത്ത്. നന്‍പകല്‍ നേരത്ത് മയക്കം സിനിമയുടെ റിസര്‍വേഷനെ ചൊല്ലിയായിരുന്നു തര്‍ക്കം. സിനിമക്ക് സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ചവരില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മൂന്ന് പേര്‍ക്ക് ചലച്ചിത്രമേളയുടെ ടാഗ് ഇല്ലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇന്നും ചിത്രത്തിന്‍റെ പ്രദർശനത്തിന് വൻ തിരക്കായിരുന്നു.

9 അ‍ർജന്‍റീനയുടെ എതിരാളി ആരാകും

ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീനയുടെ എതിരാളികളെ ഇന്നറിയാം. രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും ആഫ്രിക്കന്‍ പ്രതീക്ഷയായ മൊറോക്കോയും ഏറ്റുമുട്ടും. അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് ഫ്രാൻസ് ലക്ഷ്യമിടുന്നത്. അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ സെമിയിലെത്തിയ മൊറോക്കോ ടൂര്‍ണമെന്‍റില്‍ തോൽവി അറിയാത്ത ഏക ടീമാണ്. ഇന്നലെ നടന്ന ആദ്യ സെമിയില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലിലെത്തിയിരുന്നു.

10 ബംഗ്ലാദേശിനെതിരെ ഇന്ത്യ ഭേദപ്പെട്ട നിലയിൽ

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തിട്ടുണ്ട്. 82 റണ്‍സുമായി ശ്രേയസ് അയ്യര്‍ ക്രീസിലുണ്ട്. 90 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. തയ്ജുല്‍ ഇസ്ലാം മൂന്ന് വിക്കറ്റെടുത്തു. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം