ആലപ്പുഴയില്‍ കള്ള് ഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക മെയ് 20 മുതല്‍; തീരുമാനമായി

By Web TeamFirst Published May 13, 2020, 9:43 PM IST
Highlights

കള്ളിന്‍റെ ലഭ്യത കുറവും വൃക്ഷകരം അടക്കാൻ കഴിയാത്തതും പെർമിറ്റ് ലഭിക്കാത്തതുമാണ് ഷാപ്പുകളുടെ പ്രവർത്തനത്തിന് തടസമായിരിക്കുന്നത്. 

ആലപ്പുഴ: സംസ്ഥാനത്ത് കള്ള് ഷാപ്പുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചെങ്കിലും ആലപ്പുഴയില്‍ ഷാപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങുക മെയ് 20 മുതല്‍. ടോഡി കോൺട്രാക്ടേഴ്സ് അസോസിയേഷനും തൊഴിലാളി സംഘടനകളുമായി നടന്ന ചർച്ചയിലാണ് തീരുമാനം. 20 ന് മുമ്പ് പാലക്കാട് ജോലി ചെയ്യുന്ന തൊഴിലാളികളെ തോട്ടങ്ങളിൽ എത്തിക്കാനും ധാരണയായി. 

കള്ളിന്‍റെ ലഭ്യത കുറവും വൃക്ഷകരം അടക്കാൻ കഴിയാത്തതും പെർമിറ്റ് ലഭിക്കാത്തതുമാണ് ഷാപ്പുകളുടെ പ്രവർത്തനത്തിന് തടസമായിരിക്കുന്നത്. തെങ്ങുകൾ കള്ള് ഉത്‍പാദനത്തിനായി ഒരുക്കി എടുക്കുന്നതിന് സമയം ആവശ്യമാണെന്നും തൊഴിലാളികൾ വ്യക്തമാക്കി. വിവിധ താലൂക്കുകളിലായി 452 ഷാപ്പുകളാണ് ജില്ലയിൽ ഉള്ളത്.

സംസ്ഥാനത്ത് കള്ള് ഷാപ്പുകൾ തുറക്കാൻ അനുമതി ലഭിച്ചെങ്കിലും ആദ്യ ദിവസമായ ഇന്ന് ഭൂരിഭാഗം കള്ള് ഷാപ്പുകളും തുറന്നില്ല. കള്ള് ലഭ്യതയിലെ കുറവും ലൈസൻസ് സംബന്ധിച്ച പ്രശ്നങ്ങളുമാണ് ഷാപ്പുകൾ തുറക്കാൻ തടസ്സമായത്. ഒന്നര മാസത്തിലധികമായി അടഞ്ഞു കിടന്നിരുന്ന കള്ള് ഷാപ്പുകൾ രാവിലെ ഒൻപതു മണിക്ക്  തുറക്കുമെന്നറിഞ്ഞ് നേരത്തെ തന്നെ ആളുകൾ ക്യൂവിലെത്തി. 

എന്നാൽ തുറന്ന ഷാപ്പുകളിലെത്തിയത് മുമ്പുണ്ടായിരുന്നതിന്‍റെ മൂന്നിലൊന്ന് കള്ള് മാത്രമായിരുന്നു. പാലക്കാട് നിന്നും കള്ളെത്താൻ അനുമതി ലഭിക്കാത്തതായിരുന്നു കാരണം. കള്ളില്ലാത്തതിനാൽ സംസ്ഥാനത്ത് തുറന്നത് നാലിലൊന്ന് ഷാപ്പുകൾ മാത്രം. ഇവിടങ്ങളിലെത്തിയ കള്ള് ഒരു മണിക്കൂറിനുള്ളിൽ വിറ്റു തീർന്നു.

click me!