ഒന്നിക്കാം, നോ പറയാം: ലഹരിക്കെതിരെ പോരാടാൻ ഏഷ്യാനെറ്റ് ന്യൂസ്, വിപുലമായ ക്യാംപെയ്ന് തുടക്കം

Published : Nov 01, 2022, 07:41 AM ISTUpdated : Nov 01, 2022, 12:25 PM IST
ഒന്നിക്കാം, നോ പറയാം: ലഹരിക്കെതിരെ പോരാടാൻ ഏഷ്യാനെറ്റ് ന്യൂസ്, വിപുലമായ ക്യാംപെയ്ന് തുടക്കം

Synopsis

മലയാളി നേരിട്ട,നേരിടുന്ന സാമൂഹ്യ വിപത്തുകൾക്കെതിരെ ജാഗ്രതയോടെ ഇടപെട്ട, നേരോടെ , നിരന്തരസാന്നിധ്യമായ ഏഷ്യാനെറ്റ് ന്യൂസ് ,ലഹരിയെന്ന കൊടും വിപത്തിനെതിരെയുളള മഹാദൗത്യത്തിലും പങ്കാളിയാവുകയാണ്. ഇപ്പോഴില്ലെങ്കിൽ,ഇനിയില്ലെന്ന് ഒരിക്കൽ കൂടി ഓർമിപ്പിച്ച്.ഒന്നിക്കാം.നോ പറയാം


തിരുവനന്തപുരം :  ലഹരിക്കെതിരെ പോരാടാൻ ഏഷ്യാനെറ്റ് ന്യൂസും . ലഹരിയെന്ന കൊടും വിപത്തിനെതിരെയുളള മഹാദൗത്യത്തിലും പങ്കാളിയാവുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. നേരോടെ നി‍ര്‍ഭയം നിരന്തരം വാര്‍ത്തകൾ  എത്തിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഉദ്യമത്തിനൊപ്പം പ്രിയ പ്രേക്ഷക‍രും ഒപ്പമുണ്ടാകണം. വാര്‍ത്തകളും ച‍‍ര്‍ച്ചകളും ബോധവത്കരണ പരിപാടികളും പരിഹാര നി‍ര്‍ദേശങ്ങളുമായി ലഹരി എന്ന മഹാ വിപത്തിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് ശക്തമായി രംഗത്തുണ്ടാകും. ഇപ്പോഴില്ലെങ്കിൽ, ഇനിയില്ലെന്ന് ഒരിക്കൽ കൂടി ഓർമിപ്പിച്ച്.ഒന്നിക്കാം.നോ പറയാം

പിടിവിട്ട് കുതിക്കുകയാണ് കേരളത്തിലെ ലഹരി ഉപയോഗം.അളവില്ലാതെ ഒഴുകുന്ന മയക്കുമരുന്ന്. പുതുതലമുറയെ വിഴുങ്ങുന്ന ന്യൂജെൻ സിന്തറ്റിക് ലഹരികൾ. ലഹരിയിൽ മയങ്ങി എണ്ണമില്ലാത്ത അക്രമങ്ങൾ. താളം പിഴയ്ക്കുന്ന ജീവിതങ്ങൾ. വഴി തെറ്റുന്ന ചെറുപ്പക്കാർ.ഇപ്പോഴില്ലെങ്കിൽ ഇനിയില്ല എന്ന പ്രതിജ്ഞയിൽ ലഹരിയെന്ന മഹാവിപത്തിനെതിരെ ഒന്നിച്ച് നിന്ന് പോരാടുകയാണ് കേരളം. ആ പോരാട്ടത്തിനൊപ്പം ചേരുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ഇന്ന്,കേരളപ്പിറവി ദിനത്തിൽ അതിന് തുടക്കമിടുകയാണ്.

നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരെ, നമ്മുടെ അനുജൻമാരെ അനുജത്തിമാരെ, മക്കളെ ഒന്നും ലഹരിക്ക് വിട്ടുകൊടുക്കില്ലെന്ന 
ഉറച്ച പ്രതിജ്ഞയോടെയാണ് പോരാട്ടം തുടങ്ങുന്നത്. ഈ പോരാട്ടത്തിൽ നിങ്ങൾ ഓരോരുത്തരും ഒപ്പം ഉണ്ടാകണം.ഇതിന്റെ ഭാഗമായുള്ള പ്രത്യേക റിപ്പോർട്ടുകളും ചർച്ചകളും ബോധവത്കരണ പരിപാടികളും എല്ലാം നിങ്ങളിലേക്ക് എത്തും.

കേരളത്തിൽ ലഹരിക്ക് അടിമകളായ മൂന്നിലൊന്ന് പേരും പത്തിനും പതിനഞ്ച് വയസ്സിനുമിടയിൽ പ്രായമുളളവരെന്ന് എക്സൈസ് വകുപ്പിന്‍റെ തന്നെ സർവേ പറയുന്നു. ലഹരി കൊല്ലുന്നത് നാളെയുടെ പ്രതീക്ഷകളെയാണ്.അതുകൊണ്ടാണ് അതിശക്തമായ ലഹരിവിരുദ്ധ പോരാട്ടം അനിവാര്യമാകുന്നതും. കണക്കുകളും സമീപകാല സംഭവങ്ങളും അതിന് അടിവരയിടുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഈ പ്രചാരണം ഏറ്റെടുക്കന്നതും നമ്മുടെ നാളേയ്ക്ക് വേണ്ടിയാണ്.

ഞെട്ടിപ്പിക്കുന്ന കണക്കുകൾ

ഒരു ദിവസം തന്നെ പല തവണ കേട്ടുകൊണ്ടേയിരിക്കുന്ന വാർത്തകളാണ് ലഹരി മരുന്ന് ഉപയോ​ഗത്തെ കുറിച്ചുള്ളത് . അതിൽ എണ്ണം കൂടുന്നതല്ലാതെ കുറവില്ല. അതിരിടാനാകാതെ വലുതായിക്കൊണ്ടേയിരിക്കുന്ന ലഹരിയുടെ ലോകം. അതിൽ വീണില്ലാതാകുന്ന ചെറുപ്പവും കുറവല്ല.

കളളും കഞ്ചാവും കടന്ന് ന്യൂജെൻ ലഹരികളാണിപ്പോൾ കേരളത്തെ മയക്കുന്നത്.ഞെട്ടിപ്പിക്കുന്നതാണ് കണക്കുകൾ.2020ൽ 4650 ലഹരി  കേസുകൾ.5674 പേർ അറസ്റ്റിലായി. 2021ൽ 5334 കേസുകൾ.അറസ്റ്റ് 6704.2022ൽ സെപ്തംബർ വരെ മാത്രം കേരളത്തിലെടുത്തത് 16228  കേസ്. അറസ്റ്റിലായത് 17,834 പേർ.കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടി കൂടുതൽ.

പ്രതികൾ ഭൂരിഭാഗവും യുവാക്കളാണ്. കൗമാരക്കാരുടെ കണക്കെടുത്താൽ വീണ്ടും ഞെട്ടും.ഈ വർഷം മയക്കുമരുന്ന് കേസിൽ പിടിയിലായവരിൽ 278 പേർ 21 വയസ്സിൽ താഴെയുളളവർ.വാങ്ങാനും വിൽക്കാനുമുണ്ട് കുട്ടികൾ. ഇരപിടിയൻമാർ ഒളിഞ്ഞിരിപ്പുണ്ട്.

സംസ്ഥാന സർക്കാരിന്‍റെ വിമുക്തിമിഷൻ കണക്കനുസരിച്ച് മാത്രം കഴിഞ്ഞ നാല് വർഷത്തിനിടെ ലഹരിക്കടിമപ്പട്ട് കൗൺസിലിങ് തേടിയവർ 10,380. അതിൽ 951 പേർ 21 വയസ്സിൽ താഴെയുളളവർ. പത്ത് വയസ്സിന് താഴെയുളളവർ വരെ ഈയിടെ എത്തിയെന്നും കണക്ക്..

ലഹരിയടിമകളുടെ പറ്റുപുസ്തകം കൊണ്ടുനടക്കുന്നവർ മുതൽ ഇൻസ്റ്റയിലും ടെലഗ്രാമിലും ഡാർക് നെറ്റിലുമെല്ലാമുണ്ട്. നമ്മുടെ കുട്ടികളുടെ ചുറ്റുമുണ്ട്.കഞ്ചാവ്,ഹാഷിഷ് ഓയിൽ,എംഡിഎംഎ,എൽഎസ്ഡി സ്റ്റാമ്പ്,ഹെറോയിൻ ,ആംഫെറ്റമിൻ പോലുളള ഉത്തേജകങ്ങൾ,മരുന്നുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന പ്രീകഴ്സർ കെമിക്കലുകൾ.ലഹരി പലതായി പല പേരുകളിലായി ഒഴുകുന്നുണ്ട്.

ഇതെല്ലാം തലച്ചോറിന് പണി തരും.നാഡീവ്യൂഹത്തെ തകരാറിലാക്കും. ഓർമക്കുറവ് മുതൽ മസ്തിഷ്കാഘാതം വരെ തേടി വരും.കാർന്നുതിന്നുന്ന ലഹരിയിൽ നിന്ന് കുട്ടികളെ ,അടുത്ത തലമുറയെ വീണ്ടെടുക്കണം. ജീവിതമാണ് ലഹരിയെന്ന് പറയണം. അതിനാണ് പോരാട്ടം.തോൽക്കാതിരിക്കാൻ കേരളത്തിനൊപ്പം ഏഷ്യാനെറ്റ് ന്യൂസുമുണ്ട്.
 

 

 

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി