പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുശൗചാലയമല്ല, ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി, ഉത്തരവ് പമ്പ് ഉടമകളുടെ പരാതിയിൽ

Published : Jun 18, 2025, 01:50 PM ISTUpdated : Jun 18, 2025, 02:43 PM IST
petrol pump 1

Synopsis

ദീർഘ, ഹ്രസ്വ ദൂര യാത്രകളിൽ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ ഉപയോഗിക്കുന്ന നിരവധിപ്പേർക്ക് ബാധകമാവുന്നതാണ് തീരുമാനം

കൊച്ചി: സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോൾ പമ്പ് ഉടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ദീർഘ, ഹ്രസ്വ ദൂര യാത്രകളിൽ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ ഉപയോഗിക്കുന്ന നിരവധിപ്പേർക്ക് ബാധകമാവുന്നതാണ് തീരുമാനം. പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സ‍ർവ്വീസ് സൊസൈറ്റി നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ തീരുമാനം. പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളാക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു റിട്ട് ഹ‍ർജി. കേരള സർ‍ക്കാരാണ് കേസിൽ എതി‍ർസ്ഥാനത്തുള്ളത്.

പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനത്തിന് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് നിർബന്ധം പിടിക്കാനാവില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷനും സംസ്ഥാന സർക്കാരിനോടും ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്വച്ഛ് ഭാരത് മിഷന് കീഴിൽ പൊതു ശുചിമുറികൾ നി‍ർമ്മിക്കേണ്ടതിനേക്കുറിച്ച് തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷന് നിർദ്ദേശം നൽകിയത്.

സ്വകാര്യ പമ്പുടമകൾ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികൾ പൊതുശൗചാലയമായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അവശ്യ സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനായാണ് പെട്രോൾ പമ്പുകളിൽ ശുചിമുറികൾ നി‍ർമ്മിച്ചിട്ടുള്ളതെന്നും പരാതിക്കാർ ഹർജിയിൽ വിശദമാക്കി. തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷനും മറ്റ് ചില പ്രാദേശിക ഭരണകൂടങ്ങളും പെട്രോൾ റിട്ടെയില‍ർമാർക്ക് പൊതുജനങ്ങൾക്ക് ശുചിമുറികൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഹർജിയെന്നാണ് പരാതിക്കാർ വിശദമാക്കുന്നത്.

ഇത്തരം നിർദ്ദേശം നൽകുന്നത് പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുശൗചാലയങ്ങളാണെന്ന ധാരണ ആളുകൾക്കിടയിൽ ഉണ്ടാക്കുമെന്നും പെട്രോൾ പമ്പിന്റെ സ്വാഭാവിക രീതിയിലുള്ള പ്രവർത്തനം പലപ്പോഴും തടസപ്പെടുത്തുന്ന സാഹചര്യമുണ്ടെന്നും പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നു. പെട്രോൾ പമ്പ് ജീവനക്കാരും ശുചിമുറി ഉപയോഗിക്കുന്നവരും തമ്മിൽ വാക്കേറ്റമുണ്ടാകുന്ന സാഹചര്യങ്ങളുണ്ടെന്നും പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നത്. ടൂറിസ്റ്റ് ബസുകളിൽ അടക്കം എത്തി യാത്രക്കാർക്ക് ശുചിമുറി ഉപയോഗിക്കുന്നത് സുരക്ഷയേയും ബാധിക്കുന്നുവെന്നും പരാതിയിൽ വിശദമാക്കുന്നു. പമ്പുടമകൾ പണം ചെലവിട്ട് ഉപഭോക്താക്കളുടെ അത്യാവശ്യത്തിനായാണ് ശുചിമുറികൾ നി‍ർമ്മിച്ച് പരിപാലിക്കുന്നത്. വലിയ രീതിയിൽ പൊതുജനം ഈ സേവനം ഉപയോഗിക്കാൻ ശ്രമിക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്നും പരാതിക്കാർ വിശദമാക്കി.

ഇന്ധനം നിറയ്ക്കുന്ന വാഹനങ്ങളിലെ ആളുകൾക്ക് മാത്രമായി പമ്പുകളിലെ ശുചിമുറി ഉപയോഗം നിയന്ത്രിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ആദ‍ർശ് കുമാർ, കെ എം അനീഷ്, ശശാങ്ക് ദേവൻ, യദുകൃഷ്ണൻ എന്നിവരാണ് പരാതിക്കാർക്ക് വേണ്ടി ഹാജരായത്. ഏപ്രിൽ മാസത്തിൽ പെട്രോൾ പമ്പിൽ ശുചുമുറിയുടെ താക്കോൽ നൽകാത്തതിന് ഉടമക്കെതിരെ ഉപഭോക്തൃ തർക്കപരിഹാര കോടതി 165000 രൂപ പിഴ വിധിച്ചിരുന്നു. ഏഴകുളം ഈരകത്ത്‌ ഇല്ലം വീട്ടില്‍ അധ്യാപികയായ സി.എല്‍. ജയകുമാരിയുടെ പരാതിയിലാണ് നടപടി. കോഴിക്കോട്‌ പയ്യോളിയിലുളള തെനംകാലില്‍ പെട്രോള്‍ പമ്പ്‌ ഉടമ ഫാത്തിമ ഹന്നയ്ക്കെതിരെയാണ് കമ്മീഷൻ ഉത്തരവിട്ടത്. പെട്രോള്‍ പമ്പ്‌ അനുവദിക്കുമ്പോള്‍ ടോയ്ലറ്റ്‌ സൗകര്യങ്ങൾ ആവശ്യമാണെന്നിരിക്കെ അതൊന്നും ഇല്ലാതെയാണ്‌ പെട്രോള്‍ പമ്പ്‌ പ്രവര്‍ത്തിച്ചു വരുന്നതെന്ന്‌ കമ്മീഷന്‍ വിലയിരുത്തിയ ശേഷമായിരുന്നു പിഴയിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

എസ്ഐആർ സമയം ഇനിയും നീട്ടണമെന്ന് ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍; പരിശോധിക്കാൻ ഇനിയും സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
ഒറ്റ ദിവസത്തിൽ നടപടിയെടുത്ത് കേന്ദ്രം, കൊല്ലത്ത് ദേശീയ പാത തകർന്നതിൽ കരാർ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്; കരിമ്പട്ടികയിലാക്കാനും നീക്കം