
കോഴിക്കോട്: ദേശീയ പാത ആറുവരിപ്പാതയില്‍ പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ ടോള്‍ നല്‍കാതെ കടന്നുകളഞ്ഞ കാര്‍ ഒടുവില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. 40 ലക്ഷത്തോളം രൂപ വിലവരുന്ന ഹരിയാന രജിസ്‌ട്രേഷനിലുള്ള ടൊയോട്ട ഫോര്‍ച്യൂണര്‍ കാറാണ് പിടികൂടിയത്. ടോള്‍ പ്ലാസ അധികൃതരുടെ പരാതിയിലാണ് നടപടി. നിരവധി തവണയാണ് ഇതേ കാര്‍ ടോള്‍ നല്‍കാതെ ജീവനക്കാരെ വെട്ടിച്ച് ടോള്‍ പ്ലാസയില്‍ നിന്ന് കടന്നുകളഞ്ഞത്. ഇതിനിടയില്‍ തടയാന്‍ ശ്രമിച്ച ജീവനക്കാര്‍ക്ക് നേരെ വാഹനം ഓടിച്ചു കയറ്റാനുളള ശ്രമവും നടന്നിരുന്നു. ഏതാനും തവണ വാഹനത്തിന് തടസ്സം വെക്കുന്ന ബൂം ബാരിയര്‍ തട്ടിത്തെറിപ്പിച്ചാണ് കാര്‍ കടന്നുപോയത്.
ഇതേ തുടര്‍ന്നാണ് പ്ലാസ അധികൃതര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. ട്രാഫിക് പൊലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മാറ്റുന്നതിനായി നന്മണ്ട സബ് ആര്‍ടി ഓഫീസില്‍ എന്‍.ഒ.സിക്കായി അപേക്ഷ നല്‍കിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ എന്‍ഒസി എടുത്തയാള്‍ക്ക് വാഹനവുമായി ബന്ധമില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഉടമകളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ടോള്‍ വെട്ടിച്ച് കടന്നുകളഞ്ഞ സമയത്ത് കാറിലുണ്ടായിരുന്ന യാത്രക്കാരോട് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam