Tomato Fever : തക്കാളിപ്പനിക്കെതിരെ ജാഗ്രത; അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്

Published : May 13, 2022, 02:51 PM ISTUpdated : May 13, 2022, 03:03 PM IST
Tomato Fever : തക്കാളിപ്പനിക്കെതിരെ ജാഗ്രത; അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്

Synopsis

ആരോഗ്യവകുപ്പിന്‍റെയും പൊലീസ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലാണ് പരിശോധന. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിളുടെ ശരീശ ഊഷ്മാവ് പരിശോധിച്ചാണ് കടത്തിവിടുന്നത്. ഹാൻഡ് ഫൂട്ട് മൗത്ത് ഡിസീസിന്‍റെ മറ്റ് ലക്ഷണങ്ങളും പരിശോധിക്കുന്നുണ്ട്.

പാലക്കാട്: കേരളത്തിൽ തക്കാളിപ്പനി (Tomato Fever) റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാന അതിർത്തിയായ വാളയാറിൽ തമിഴ്നാട് പരിശോധന തുടങ്ങി. കേരളത്തിൽ നിന്ന് കുട്ടികളുമായി അതിർത്തി കടക്കുന്ന വാഹനങ്ങളാണ് പരിശോധിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.

ആരോഗ്യവകുപ്പിന്‍റെയും പൊലീസ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലാണ് പരിശോധന. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിളുടെ ശരീശ ഊഷ്മാവ് പരിശോധിച്ചാണ് കടത്തിവിടുന്നത്. ഹാൻഡ് ഫൂട്ട് മൗത്ത് ഡിസീസിന്‍റെ മറ്റ് ലക്ഷണങ്ങളും പരിശോധിക്കുന്നുണ്ട്. കൈവെള്ളയിലും കാലടിയിലും വായിനകത്തും കൈകാൽ മുട്ടുകളുടെ ഭാഗത്തും ചൊറിച്ചിൽ, ചുവന്ന കുരുക്കളും തുടിപ്പും എന്നിവയാണ് തക്കാളിപ്പനിയുടെ പ്രധാന രോഗ ലക്ഷണങ്ങൾ. മഴക്കാലമാണ് രോഗത്തിന്‍റെ തുടക്കകാലം. നേരിട്ടുള്ള സമ്പർക്കം വഴി രോഗം പകരും. പാലക്കാട് നിലവിൽ ഹാൻഡ് ഫൂട്ട് മൗത്ത് ഡിസീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുൻകരുതലിന്‍റെ ഭാഗമായാണ് നടപടി. രണ്ട് ഹെൽത്ത് ഇൻസ്പെക്ടർമാരെയാണ് പരിശോധനയ്ക്ക് തമിഴ്നാട് നിയോഗിച്ചിട്ടുള്ളത്.

എന്താണ് തക്കാളിപ്പനി?

പത്ത് വയസ്സിന് താഴെയുള്ള കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണിതെന്ന് ഡോക്ടേഴ്സ് പറയുന്നു. പനി ബാധിച്ച കുട്ടിയുടെ ശരീരത്തിൽ ചുണങ്ങുകൾക്കും കുമിളകൾക്കും കാരണമാകുന്നു. അവ സാധാരണയായി ചുവന്ന നിറത്തിലാണ് കാണപ്പെടുന്നത്. അതിനാൽ ഇതിനെ 'തക്കാളിപ്പനി' എന്ന് വിളിക്കുന്നതാണ്.  'തക്കാളിപ്പനി' കാലാകാലങ്ങളായി ഇവിടുള്ള HFMD അഥവാ Hand Foot Mouth Disease ആണ്‌. കോക്‌സാക്കി വൈറസ്‌ അല്ലെങ്കിൽ എന്ററോവൈറസ്‌ ഉണ്ടാക്കുന്ന ഈ അസുഖം അപകടകാരിയല്ലെങ്കിലും കുട്ടികൾക്ക് ഏറെ നാൾ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്.

Also Read:  തക്കാളിപ്പനി പടരുന്നു; ജാഗ്രത വേണം, ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി

ലക്ഷണങ്ങൾ

പനി, ക്ഷീണം, കൈവെള്ളയിലും കാൽവെള്ളയിലും വായ്‌ക്കകത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും കൈകാൽ മുട്ടുകളുടെയും നിതംബത്തിലും നിറം മങ്ങിയ പാടായി തുടങ്ങി ചിക്കൻപോക്‌സ് പോലെ പൊള്ളകളാവുന്നതാണ്‌ ലക്ഷണം. ചിക്കൻപോക്‌സ്‌ കൈവെള്ളയിലും കാൽവെള്ളയിലും പൊങ്ങാറില്ല. വായയുടെ അകത്ത്‌ പിറകുവശത്തായി വരുന്ന കുമിളകൾ കാരണം കുഞ്ഞിന്‌ മരുന്നോ, വെള്ളം പോലുമോ ഇറക്കാൻ പറ്റാത്ത സ്‌ഥിതി വരുന്നതാണ്‌ ഏറ്റവും വിഷമകരമായ ബുദ്ധിമുട്ട്. ചൊറിച്ചിൽ, ചർമ്മത്തിൽ അസ്വസ്ഥത, തടിപ്പ്, നിർജ്ജലീകരണം എന്നിവ അനുഭവപ്പെടും. ഇതിന് പുറമെ ശരീരത്തിന്റെ പല ഭാഗങ്ങളിലും കുമിളകൾ പോലെ ചുവപ്പ് നിറത്തിൽ തുടുത്തു വരും.  രോഗബാധയുണ്ടായ കുട്ടികൾക്ക് ക്ഷീണം, സന്ധി വേദന, കടുത്ത പനി, ശരീരവേദന എന്നിവയും ഉണ്ടാകാറുണ്ട്. 

പകരുന്നതെങ്ങനെ...

രോഗമുള്ളവരിൽ നിന്നും നേരിട്ടാണിത്‌ പകരുന്നത്‌. രോഗികളായ കുഞ്ഞുങ്ങൾ തൊട്ട കളിപ്പാട്ടങ്ങളും വസ്‌ത്രങ്ങളും മറ്റും തൊടുന്നത്‌ വഴി പോലും പകരാവുന്ന ഈ രോഗം നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. രോഗം വന്ന്‌ കഴിഞ്ഞാൽ കുഞ്ഞിന്റെ ലക്ഷണങ്ങൾക്കനുസരിച്ച്‌ ചികിത്സിക്കാം. പനി, വേദന തുടങ്ങിയവക്ക്‌ പാരസെറ്റമോളും കൂടാതെ ചൊറിച്ചിലിനുള്ള മരുന്നുകൾ, വായ്‌ക്കകത്ത്‌ പുണ്ണ്‌ പോലെ വരുന്നതിനുള്ള മരുന്ന്‌ തുടങ്ങിയവയാണ്‌ പതിവ്‌. രോഗം മാറി ആഴ്‌ചകൾക്ക്‌ ശേഷം ചിലപ്പോൾ കൈയിലെയോ കാലിലെയോ നഖം നഷ്‌ടപ്പെടുന്നത്‌ കണ്ടുവരാറുണ്ട്‌. ഇത്‌ കണ്ട്‌ ഭയക്കേണ്ടതില്ല. കുറച്ച്‌ വൈകിയാലും പുതിയ നഖം വരും. ഈ രോഗം മസ്‌തിഷ്‌കജ്വരത്തിനും കാരണമാകാമെങ്കിലും അത്ര സാധാരണമല്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രോഗം വന്ന്‌ കഴിഞ്ഞാൽ കുഞ്ഞിനെ ദിവസവും കുളിപ്പിക്കുക. കുളിപ്പിക്കുമ്പോൾ തേച്ചുരച്ച്‌ പൊള്ള പൊട്ടിക്കരുത്‌. നന്നായി സോപ്പ്‌ തേച്ച്‌ വൃത്തിയായി കുളിപ്പിക്കുക. വായ്‌ക്കകത്തെ ബുദ്ധിമുട്ട് കുറയ്‌ക്കാൻ വൃത്തിയുള്ള തണുപ്പുള്ള ഭക്ഷണമെന്തെങ്കിലും കൊടുത്ത്‌ നോക്കാം. ബ്രഡ്‌ ആവി കയറ്റി വക്ക്‌ കളഞ്ഞ്‌ പാലൊഴിച്ചതോ ചെറിയ പഴം ഉടച്ചതോ ആപ്പിളോ സപ്പോട്ടയോ സ്‌പൂൺ കൊണ്ട്‌ ചുരണ്ടിയതോ വേവിച്ചുടച്ച കഞ്ഞിയോ ബിസ്‌ക്കറ്റോ അങ്ങനെ ഇറക്കാനും ദഹിക്കാനും എളുപ്പമുള്ള എന്തും കുഞ്ഞിന്‌ കൊടുക്കാം. തൽക്കാലം കുട്ടി വിശന്നിരിക്കരുത്‌ എന്നത്‌ മാത്രമാണ്‌ വിഷയം. 

രോഗം വന്നു കഴിഞ്ഞാൽ

പനി വന്നാൽ കുളിക്കാൻ മടിക്കുന്നവരാണ് മലയാളികളേറെയും. എന്നാൽ ഈ രോ​ഗം പിടിപെടുന്ന കുഞ്ഞുങ്ങളെ കൃത്യമായി ദിവസവും കുളിപ്പിക്കണം. എന്നാൽ ശരീരത്തിലെ കുരുക്കൾ പൊട്ടാതെ സൂക്ഷിക്കുകയും വേണം. കുഞ്ഞിന് എരിവോ ബുദ്ധിമുട്ടോ ഉണ്ടാകാത്ത രീതിയിൽ ഭക്ഷണം നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.   ഹാൻഡ് ഫൂട്ട് ആന്റ് മൗത്ത് രോഗത്തേക്കാൾ ജാഗ്രത വേണ്ട ഡെങ്കി, ചിക്കൻ പോക്സ്, മഞ്ഞപ്പിത്തം, സ്ക്രബ് ടൈഫസ്, സിക്ക തുടങ്ങി ​ഗുരുതരമായേക്കാവുന്ന സാംക്രമിക രോഗങ്ങളുടെ വലിയ പട്ടിക ഉണ്ട് നമ്മുടെ കയ്യിൽ. മരണനിരക്ക് കൂടിയ ഈ രോഗങ്ങളെക്കൂടി കരുതണം വരും നാളുകളിൽ...

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം