കോവളത്തിന്റെ സമഗ്ര വികസനത്തിനായി പ്രത്യേക പദ്ധതി; നടപ്പാക്കുക കിഫ്ബി ഫണ്ടുപയോഗിച്ച്

Published : May 22, 2022, 06:09 PM IST
കോവളത്തിന്റെ സമഗ്ര വികസനത്തിനായി പ്രത്യേക പദ്ധതി; നടപ്പാക്കുക കിഫ്ബി ഫണ്ടുപയോഗിച്ച്

Synopsis

ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ നോഡല്‍ ഓഫീസർ; കോവളത്തെ അടയാളപ്പെടുത്തുന്ന രീതിയിലുള്ള പദ്ധതി വേണമെന്ന് മന്ത്രി റിയാസ്

തിരുവനന്തപുരം: രാജ്യാന്തര ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ കോവളത്തിന്‍റെ സമഗ്രവികസനം ലക്ഷ്യമിട്ട് വന്‍പദ്ധതി തയ്യാറാകുന്നു. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സമഗ്രപദ്ധതി തയ്യാറാക്കാന്‍ തീരുമാനിച്ചത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. ജില്ലാ കളക്ടര്‍ നവജ്യോത് ഖോസയെ പദ്ധതിയുടെ നോഡല്‍ ഓഫീസറായി നിശ്ചയിച്ചു.

കോവളം ബീച്ച്, വാക് വേ, ലൈറ്റ് ഹൗസ്, അടിമലത്തുറ ബീച്ച് എന്നിവയുടെ നവീകരണവും ഒപ്പം അടിസ്ഥാന സൗകര്യ വികസനവുമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ബീച്ചില്‍ എല്ലാ മേഖലകളിലും വിനോദ സഞ്ചാരികള്‍ക്ക് എത്താനാകുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങൾ നടപ്പിലാക്കും. ബീച്ചും പരിസരവും കൂടുതല്‍ സൗന്ദര്യവല്‍ക്കരിക്കും. സഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍‌ ഒരുക്കും. ഇതിനായി വിശദമായ പദ്ധതി രേഖ കിഫ്ബിയുടെ നേതൃത്വത്തില്‍ തയ്യാറാക്കുമെന്ന് മന്ത്രി റിയാസ് അറിയിച്ചു. ജൂലൈ മാസത്തോടെ പദ്ധതി രൂപരേഖ തയ്യാറാക്കും. വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ കൂടുതല്‍ സ്ഥല സൗകര്യങ്ങള്‍ കണ്ടെത്താന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ഭൂമി ലഭ്യമാക്കുന്നതിന് തിരുവനന്തപുരം  കോര്‍പ്പറേഷന്‍ അധികൃതരുമായി  ചര്‍ച്ച നടത്തും. അടിമലത്തുറ ബീച്ചിൽ ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പാക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട് .   

കോവളത്തെ അടയാളപ്പെടുത്തുന്ന രീതിയിലുള്ള പദ്ധതികള്‍ നടപ്പാക്കണമെന്ന് പി.എ.മുഹമ്മദ് റിയാസ് യോഗത്തില്‍ പറഞ്ഞു. അന്താരാഷ്ട്രാ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള നിലവാരം ഉയര്‍ത്താന്‍ കഴിയുന്ന തരത്തിലുള്ള ഡിസൈന്‍ വേ​ണം. സംസ്ഥാനത്തിന്‍റെ പൈതൃകം ഉള്‍ക്കൊള്ളുന്ന തരത്തില്‍ വേണം പദ്ധതിയെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

കിഫ്ബി CEO ഡോ. കെ.എം.എബ്രഹാം, കിഫ്ബി അഡീഷണല്‍ CEO സത്യജിത് രാജന്‍, മിര്‍ മുഹമ്മദലി ഐഎഎസ്, ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ, സബ് കളക്ടര്‍ എം.എസ്.മാധവിക്കുട്ടി, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


 

PREV
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു