
തിരുവനന്തപുരം:കേരള ടൂറിസം വകുപ്പു നടപ്പിലാക്കി കൊണ്ടിരിക്കുന്ന മിയാവാക്കി മാതൃകാ വനവല്ക്കരണ പരിപാടി തുടരാമെന്നും, കാര്യങ്ങള്‍ കേരള ലോകായുക്തയുടെ അന്തിമ വിധിയ്ക്കു വിധേയമായിരിക്കുമെന്നും ലോകായുക്ത ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ബഹുമാനപ്പെട്ട ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, എന്നിവരടങ്ങുന്ന ബഞ്ചാണ് ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചത്. മിയാവാക്കി മാതൃകാ വനവല്ക്കരണത്തിന്‍റെ ടെണ്ടര്‍ നടപടികള്‍ ക്രമപ്രകാരമല്ലെന്നാരോപിച്ച് എറണാകുളത്തെ ബിസിനസ്സ് കണ്‍സള്‍ട്ടന്‍റായ ജയകൃഷ്ണനാണ് ഒരു വര്‍ഷം മുന്‍പു ഹര്‍ജി നല്കിയത്.
പദ്ധതി പുനരാരംഭിക്കുവാന്‍ അനുവദിച്ചില്ലെങ്കില്‍ അതിനായി തയ്യാറാക്കിയ ചെടികള്‍ നശിച്ചു പോകുമെന്ന് എതിര്‍ഭാഗം അഭിഭാഷകനായ അഡ്വ.എന്‍.എസ്. ലാല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പദ്ധതി നിര്‍വ്വഹണം തടസ്സപ്പെടുത്തുന്നതോ, സ്‌റ്റേ ചെയ്യുന്നതോ ആയ ഇടക്കാല ഉത്തരവുകളൊന്നുമില്ലെന്ന് ബഹു. ലോകായുക്ത ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കൂടുതല്‍ വ്യക്തതയ്ക്കായി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചു. ഹര്‍ജിയിലെ ആറാം എതിര്‍ കക്ഷിയായ ഫിനാന്‍സ് ഓഫീസര്‍ എഴുതി നല്കിയിരിക്കുന്ന മറുപടിയ്ക്ക് ഹര്‍ജ്ജിക്കാരന് മറുപടി നല്കുവാന്‍ ഉണ്ടെങ്കില്‍ ഒരു മാസത്തിനുള്ളില്‍ ഫയല്‍ ചെയ്യണമെന്നും ഇടക്കാല ഉത്തരവിലുണ്ട്. ഹര്‍ജ്ജി മാര്‍ച്ച് ഒന്‍പതിനു വീണ്ടും പരിഗണിയ്ക്കും.
also read വനവൽക്കരണ പദ്ധതിയായ 'മിയാവാക്കി'യിൽ വൻക്രമക്കേട്, ടെൻഡറിൽ കള്ളക്കളി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam