Asianet News MalayalamAsianet News Malayalam

വനവൽക്കരണ പദ്ധതിയായ 'മിയാവാക്കി'യിൽ വൻക്രമക്കേട്, ടെൻഡറിൽ കള്ളക്കളി

നഗരങ്ങളിലെ ചെറിയ മേഖലകളിൽ കുറഞ്ഞകാലം കൊണ്ട് വനം വച്ചു പിടിപ്പിക്കാനുള്ള ജാപ്പനിസ് മാതൃകയാണ് മിയവാക്കി. കഴിഞ്ഞ നവംബർ 5നാണ് ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രൻ സംസ്ഥാനത്ത് പദ്ധതി ഉദ്ഘാടനം ചെയ്തത്. 

miyawaki forest fraud
Author
Thiruvananthapuram, First Published Dec 5, 2020, 7:46 AM IST

തിരുവനന്തപുരം: ടൂറിസം വകുപ്പ് നടപ്പാക്കുന്ന മിയാവാക്കി വനവൽക്കരണ പദ്ധതിയിൽ ക്രമക്കേട്. ഇഷ്ടക്കാർക്ക് കരാർ നൽകാൻ പാകത്തിന് ടെൻഡർ മാനദണ്ഡങ്ങൾ ഇറക്കിയാണ് കളളക്കളി. 5.79 കോടി രൂപയ്ക്കാണ് കൾച്ചറൽ ഷോപ്പി എന്ന കൺസോർഷ്യത്തിന് കരാർ നൽകിയത്.

നഗരങ്ങളിലെ ചെറിയ മേഖലകളിൽ കുറഞ്ഞകാലം കൊണ്ട് വനം വച്ചു പിടിപ്പിക്കാനുള്ള ജാപ്പനിസ് മാതൃകയാണ് മിയവാക്കി. കഴിഞ്ഞ നവംബർ 5 നാണ് ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രൻ സംസ്ഥാനത്ത് പദ്ധതി ഉദ്ഘാടനം ചെയ്തത്. പരിസ്ഥിതിക്ക് വേണ്ടിയുളള പദ്ധതിയെങ്കിലും നടപ്പാക്കുന്നതിന്റെ മറവിൽ കരാറുകാർക്ക് നൽകുന്നത് കോടികളാണ്. 12 ജില്ലകളിലെ 22 ടൂറിസം കേന്ദ്രങ്ങളിൽ നടപ്പാക്കുന്നത് 5.79 കോടി ചെലവിട്ട്. കൾച്ചറൽ ഷോപ്പി, നേച്ചർ ഗ്രീൻ ഗാർ‍ഡിയൻ, ഇൻവിസ് മൾട്ടിമീഡിയ എന്നി കമ്പനികൾ ചേർന്ന കൺസോർഷ്യത്തിനാണ് കരാർ നൽകിയത്. 

ഇനി നടത്തിപ്പുകാരെ എങ്ങനെ തെര‍ഞ്ഞെടുത്തു എന്ന് നോക്കാം. 2019 ജനുവരിയിൽ തിരുവനന്തപുരത്തെ കനകക്കുന്നിൽ സർക്കാർ സ്ഥലത്ത് കൾച്ചറൽ ഷോപ്പിക്ക് ടൂറിസം വകുപ്പ് മിയാവാക്കി സ്ഥാപിക്കാൻ അനുമതി നൽകി. കാര്യമായ മുൻപരിചയം ഇല്ലാത്ത ഏജൻസിക്ക് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു അനുമതി. ഇതിന് ശേഷം ഓഗസ്റ്റിൽ സംസ്ഥാനവ്യാപകമായി പദ്ധതി നടപ്പാക്കാൻ സർക്കാർ ടെൻഡർ വിളിക്കുന്നു. ടെൻഡറിൽ പങ്കെടുക്കാനുളള പ്രധാന യോഗ്യത കേരളത്തിൽ മിയാ വാക്കി പദ്ധതി നടത്തിയുളള പരിചയം. മാത്രമല്ല സംസ്ഥാന സർക്കാരുമായി ചേർന്ന് മുൻപ് ഏതെങ്കിലും ഒരു പദ്ധതി നടപ്പാക്കിയവരും ആകണം. 

അതായത് സർക്കാർ ചെലവിൽ അനുഭവ പരിചയം നേടിയ കൾച്ചറൽ ഷോപ്പിക്ക് തന്നെ കരാർ കിട്ടാനുളള ഗൂഢലക്ഷ്യം. ചെരിപ്പിന് അനുസരിച്ച് കാല് മുറിക്കുന്നത് പോലെ. ഒരു സെന്റിന് 3 ലക്ഷം രൂപയാണ് മിയാവക്കി വനത്തിനായി കൾച്ചറൽ ഷോപ്പിക്ക് നൽകുന്നത്. കേരളത്തിന് പുറത്തുളള പല കന്പനികളും ഇതിനേക്കാൾ കുറഞ്ഞ ചെലവിലാണ് മിയാവാക്കി വച്ചുപിടിപ്പിക്കാൻ തയ്യാറാണെങ്കിലും അവരെയൊക്കെ അകറ്റാനായിരുന്നു ഈ കളളക്കളി. പദ്ധതിക്ക് കരാർ നൽകിയതിൽ ക്രമക്കേടൊന്നും നടന്നിട്ടില്ലെന്നും ദേശീയടെൻഡാറാണ് വിളിച്ചതെന്നുമാണ് ടൂറിസം ഡയറക്ടർ പി ബാലകിരന്റെ വിശദീകരണം.

Follow Us:
Download App:
  • android
  • ios