
തിരുവനന്തപുരം: വർക്കല ക്ലിഫിൽ വിനോദസഞ്ചാരത്തിനെത്തിയ തഞ്ചാവൂർ സ്വദേശിയായ 19കാരന് കുത്തേറ്റു. തഞ്ചാവൂർ താമരംകോട്ടൈ സ്വദേശി സുദർശന് (19) ആണ് ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വർക്കല ഓടയം സ്വദേശികളായ മുഹമ്മദ് അലി, അനന്തൻ, ജെറിൻ എന്നിവരെ ടൂറിസം പൊലീസ് പിടികൂടി.
ഇന്നലെ രാത്രി 10.40ഓടെ വർക്കല ഹെലിപ്പാഡ് – ക്ലിഫ് മേഖലയിലായിരുന്നു സംഭവം. തഞ്ചാവൂർ സ്വദേശികളായ സുദർശൻ (19), സതീഷ് (17), കുമുദൻ (19) എന്നിവർ ഹെലിപ്പാഡ് ഭാഗത്തുനിന്ന് ക്ലിഫിലൂടെ നടന്നു പോകുന്നതിനിടെ പ്രതികൾ ഇവരെ തടഞ്ഞുനിർത്തി വാക്കുതർക്കത്തിലേർപ്പെട്ടതായി പൊലീസ് പറയുന്നു. തർക്കം രൂക്ഷമായതോടെ തമിഴ്‌നാട് സ്വദേശികളെ പ്രതികൾ മർദിച്ചു. ഒന്നാം പ്രതിയായ മുഹമ്മദ് അലി സുദർശനെ കമ്പിവേലിയിൽ ചാരിനിർത്തി മർദിക്കുകയും കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വയറ്റിൽ വലതുഭാഗത്തും മുതുകിലും തോളിലും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തെന്ന് പൊലീസ് പറയുന്നു.
ഗുരുതരമായി പരിക്കേറ്റ സുദർശനെ ഉടൻ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ സുദർശൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തിനു ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ടൂറിസം പൊലീസ് പിന്തുടർന്നു. ഒന്നര കിലോമീറ്ററോളം പിന്തുടർന്നാണ് മുഹമ്മദ് അലി, അനന്തൻ, ജെറിൻ എന്നിവരെ പിടികൂടിയത്. തുടർന്ന് മൂവരെയും വർക്കല പൊലീസിന് കൈമാറി.
ഇന്നലെ രാവിലെ തമിഴ്നാട് തഞ്ചാവൂരിൽ നിന്നും വർക്കലയിൽ വിനോദസഞ്ചാരത്തിന് എത്തിയ 14 അംഗ സംഘത്തോടൊപ്പം എത്തിയതായിരുന്നു ആക്രമണത്തിനിരയായ യുവാക്കൾ. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് വർക്കല പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam