
കൊച്ചി: ജയകൃഷ്ണൻ വധക്കേസിലെത് പോലെ ഹൈക്കോടതി വിധിയിൽ വധശിക്ഷ ഉണ്ടായില്ലെങ്കിലും ടിപി കേസിലെ വിധിയിൽ സിപിഎമ്മിന് ആശ്വസിക്കാൻ വകയില്ല. നിലവിലുള്ള പ്രതികളെ 16 വർഷം കഴിഞ്ഞ് മോചിപ്പിക്കാനാവില്ല എന്നതിന് പുറമെ രണ്ട് സിപിഎം നേതാക്കളെ പുതുതായി ജീവപര്യന്തം തടവിന് ശിക്ഷിച്ചത് പാർട്ടിക്ക് തലവേദനയായി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുണ്ടായ വിധി സിപിഎമ്മിന് വൻപ്രഹരമാണ് ഉണ്ടാക്കിയിരിക്കുന്നത്.
പാർട്ടി ഒളിഞ്ഞും തെളിഞ്ഞും നടപ്പാക്കിയ വധമായിരുന്നു ടിപിയുടേതെന്ന രാഷ്ട്രീയ ആരോപണം കൃത്യമായും ശരിവെക്കുന്ന വിധിയാണ് ഹൈക്കോടതിയുടേത്. സെഷൻസ് കോടതി വെറുതെ വിട്ട രണ്ട് സിപിഎം നേതാക്കളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടെ പാർട്ടിയുടെ പങ്ക് കൂടുതൽ വ്യക്തമാകുന്നു. തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കേ ചന്ദ്രശേഖരന്റെ പാർട്ടി ഇത് ആയുധമാക്കുകയാണ്. അന്ന് അധികാരത്തിലിരുന്ന കോൺഗ്രസ് നേതാക്കളാകട്ടെ വിധിയിൽ സന്തോഷവും പ്രകടിപ്പിക്കുന്നു.
പല കേസുകളിലും പ്രതികളായിട്ടുള്ള അക്രമികളാണ് ടിപി കേസിലെ ആദ്യ ഏഴ് പ്രതികൾ. ഇവർക്ക് 16 വർഷം കഴിഞ്ഞ് ശിക്ഷ ഇളവ് നേടി പുറത്തിറങ്ങാനാകാത്തത് പാർട്ടിക്ക് വേണ്ടി അക്രമ പ്രവർത്തനങ്ങൾ നടത്തുന്നവർക്കുള്ള മുന്നറിയിപ്പാകും. പാർട്ടിക്കൊലകളിൽ പ്രതികളെ രക്ഷിച്ചെടുക്കൽ പഴയത് പോലെ എളുപ്പമല്ല എന്ന ബോധ്യവും അണികൾക്കുണ്ടാകാൻ വിധി സഹായകമാണ്. കൊലക്കേസിൽ പ്രതിയായി സെഷൻസ് കോടതി വിട്ടയച്ച പി മോഹനൻ അടക്കമുള്ള നേതാക്കൾ കോടതി വിധിയോട് പ്രതികരിച്ചില്ല. കേസിൽ പാർട്ടിക്ക് പങ്കെില്ലെന്നവകാശപ്പെട്ട ഇപി ജയരാജൻ പക്ഷേ പ്രതികളെ രക്ഷിക്കാൻ കേസിൽ അപ്പീൽ പോകുമെന്ന് വ്യക്തമാക്കി.
2014ൽ ഒരു ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ടിപി കേസിലെ സെഷൻസ് കോടതി വിധിയെങ്കിൽ മേൽക്കോടതി വിധിയും മറ്റൊരു തെരഞ്ഞെടുപ്പ് കാലത്താണ്. സിപിഎമ്മിനെ ഇത്ര കണ്ട് രാഷ്ട്രീയമായി പരിക്കുണ്ടാക്കിയ മറ്റൊരു കൊലക്കേസ് കേരളത്തിലുണ്ടായിട്ടില്ല. വടകര ലോക്സഭാ മണ്ഡലത്തിൽ ടിപി കൊലയ്ക്ക് ശേഷം ഒരിക്കൽ പോലും സിപിഎമ്മിന് ജയിച്ച് കയറാനായിട്ടില്ല. ഇത്തവണയും തെരഞ്ഞടുപ്പ് കാലത്തെ വിധി സിപിഎമ്മിന് അത് കൊണ്ട് തന്നെ ആശങ്കയുണ്ടാക്കുന്നുണ്ട്.
കായംകുളത്ത് കാനറ-മുത്തൂറ്റ് ബാങ്കുകൾക്ക് ഒന്നിച്ച് 'പണി'കൊടുത്ത് ശിവകുമാർ, തിരിച്ചുകിട്ടിയത് 'എട്ടിൻ്റെ പണി'
https://www.youtube.com/watch?v=Ko18SgceYX8