
പാലക്കാട്: വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാർ ഒരു സഹായവും ഇതുവരെ നൽകിയിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് വൻ പ്രതിഷേധാർഹമാണ്. ദുരന്തമുഖത്തും കേന്ദ്ര സർക്കാർ രാഷ്ടീയം കളിക്കുകയാണ്. പ്രഖ്യാപനമല്ലാതെ ഒരു സഹായവും കിട്ടിയില്ല. കേന്ദ്ര സഹായം നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാർ പോർമുഖം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് വ്യാജ വോട്ടുകൾ ചേർത്ത സംഭവത്തിൽ ജില്ലയിലെ എൽഡിഎഫ് ഘടകം അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇലക്ഷൻ കമ്മീഷൻ ഇക്കാര്യം പരിശോധിക്കും. ഇ പി ജയരാജൻ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിക്കാൻ ആരേയും ഏൽപ്പിച്ചിട്ടുമില്ല. വിവാദമായ കാര്യങ്ങൾ അദ്ദേഹം തന്നെ തള്ളിയതാണ്. ഇ പി ജയരാജന്റെ നിലപാടിനൊപ്പമാണ് പാർട്ടിയും മുന്നണിയും. സരിന്റെ സ്ഥാനാർത്ഥിത്വം പാർട്ടി ഏകീകരിച്ച് എടുത്തതാണ്. സരിന് മികച്ച പിന്തുണ പൊതു സമൂഹത്തിലുണ്ട്. സരിനൊപ്പമാണ് യുഡിഎഫിനെ പിന്തുണക്കുന്ന ഒരു വിഭാഗം. പാലക്കാട് മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ വ്യക്തമാക്കിയതാണ്. നേരത്തെ എൽഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. ഇപ്പോൾ അത് മാറി. കെ. മുരളീധരനും രമേശ് ചെന്നിത്തലയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam