മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അമ്പലത്തിൽ പൂജ നടത്തണമെന്ന് സെൻകുമാർ ‌

By Web TeamFirst Published May 27, 2019, 12:16 PM IST
Highlights

ഭാരതവും ലോകവും ഈ ശുഭമുഹൂർത്തം ആഘോഷിക്കുമ്പോൾ കേരളീയരും അതിൽ പങ്കുചേരണമെന്നും സെൻകുമാർ പറഞ്ഞു.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ച് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ആഘോഷങ്ങളും നടത്തണമെന്ന് മുൻ ഡിജിപി ടിപി സെൻകുർ. മോദി സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണമെന്നും സെൻകുമാർ ആഹ്വാനം ചെയ്യുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഭാരതവും ലോകവും ഈ ശുഭമുഹൂർത്തം ആഘോഷിക്കുമ്പോൾ കേരളീയരും അതിൽ പങ്കുചേരേണ്ടതുണ്ടെന്നും സെൻകുമാർ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്കാണ് നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ. രാഷ്ട്രപതി ഭവനിലാണ് ചടങ്ങ് നടക്കുക. 2014 ലേതിനെക്കാള്‍ വിപുലമായ ചടങ്ങാവും ഇത്തവണ നടക്കുകയെന്നും നിരവധി ലോകനേതാക്കളെ ക്ഷണിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായും നേരത്തെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തിരുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

നരേന്ദ്ര മോദിജി വീണ്ടും ഭാരതത്തിന്റെ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്ത് നമ്മൾ എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണം. കൂടാതെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തുകയും ആഘോഷങ്ങൾ നടത്തുകയും ചെയ്യണം.

ചില ദേശദ്രോഹ ശക്തികൾ അന്നേ ദിവസം കരിദിനമായി ആചരിക്കുന്നതായി വാർത്തകൾ കണ്ടിരുന്നു. ഇത്തരക്കാരെ നാം കരുതിയിരിക്കണം. അതിനെ നമ്മൾ മുഖവിലയ്‌ക്കെടുക്കരുത്. ഭാരതവും ലോകവും ഒന്നാകെ ഈ ശുഭമുഹൂർത്തം ആഘോഷിക്കുമ്പോൾ കേരളീയരായ നമ്മളും അതിൽ പങ്കുചേരേണ്ടതാണ്. ജയ് ഹിന്ദ് !!

click me!