Kuthiran Tunnel : കുതിരാനിൽ വന്‍ ഗതാഗത കുരുക്ക്; പുതിയ ക്രമീകരണമാണ് കാരണമെന്ന് നാട്ടുകാർ

By Web TeamFirst Published Nov 27, 2021, 8:24 PM IST
Highlights

കഴിഞ്ഞ ദിവസം മുതല്‍ കുതിരാൻ തുരങ്കത്തിൽ ഇരുവശത്തോട്ടും വാഹനങ്ങൾ കടത്തിവിട്ടിരുന്നു. രണ്ടാം തുരങ്കം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം.

തൃശ്ശൂര്‍: കുതിരാനിൽ (Kuthiran) വൻ ഗതാഗതക്കുരുക്ക് (Traffic block). തൃശ്ശൂരിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന പാതയിൽ കുതിരാൻ മുതൽ താണിപ്പാടം വരെ ഏകദേശം മൂന്ന് കിലോ മീറ്ററോളം ദൂരം വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ടു. ട്രയൽ റൺ ആരംഭിച്ച മൂന്നാം ദിവസമായ ഇന്ന് മുൻ ദിവസത്തേക്കാൾ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായിട്ടുള്ളത്. ഗതാഗത നിയന്ത്രണ നടപടികളിലെ പോരായ്മയാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. പഴയ പാതയിലൂടെ തന്നെ ഗതാഗതം തിരിച്ചുവിട്ട് ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ ദിവസം മുതല്‍ കുതിരാൻ തുരങ്കത്തിൽ ഇരുവശത്തോട്ടും വാഹനങ്ങൾ കടത്തിവിട്ടിരുന്നു. രണ്ടാം തുരങ്കം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം. പാലക്കാട് നിന്ന് തൃശൂരിലേക്കുളള ഒന്നാം തുരങ്കത്തിലൂടെ നിലവില്‍ ഒറ്റവരിയാണ് ഗതാഗതം. രണ്ടാം തുരങ്കത്തിന്റെ നിർമാണം തീരണമെങ്കിൽ ദേശീയ പാതയിലെ പഴയ റോഡ് പൊളിക്കണം. അങ്ങനെ വരുമ്പോൾ ഗതാഗതം തുടരാൻ നിലവിലെ തുരങ്കത്തിനെ ആശ്രയിക്കണം. ഇതിനാലാണ് തുരങ്കത്തിൽ രണ്ട് വരി ഗതാഗതം ഏർപ്പെടുത്തിയത്.

തുരങ്കത്തിന് ഇരുവശവും ആംബുലൻസ് സംവിധാനവും ക്രെയിൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. നിർമ്മാണം നടക്കുന്ന റോഡിലും, തുരങ്കത്തിനകത്തും ഒരു കാരണവശാലും വാഹനങ്ങളുടെ ഓവർടേക്കിങ്ങ് അനുവദിക്കുകയില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കുതിരാൻ തുരങ്ക നിർമ്മാണ സ്ഥലത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂം സജ്ജമായി. മുഴുവൻ സമയവും തുരങ്കത്തിനകത്തും റോഡുകളിലും പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ട്.

click me!