
കൊച്ചി: മെട്രോ നിർമാണ പ്രവർത്തനങ്ങളും ഗതാഗതക്കുരുക്കും കാരണം കൊച്ചിയിലെ റോഡുകളിൽ ജനങ്ങൾക്ക് ദുരിത യാത്ര. നഗരം കടക്കാൻ കുഴി നിറഞ്ഞ റോഡുകളും പൊടിയും കുരുക്കും താണ്ടണം. പൊളിഞ്ഞ നടപ്പാതകളും വീതി കുറഞ്ഞ റോഡുകളും അപകടത്തിന് കാരണമാകുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം മഴ മാറിയതോടെ പ്രധാന റോഡുകളിൽ ടാറിങ് പ്രവർത്തനങ്ങൾ തുടങ്ങി.
പാലാരിവട്ടം മുതൽ കാക്കനാട് വരെയാണ് കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. തകർന്ന നടപ്പാതകളും വീതി കുറഞ്ഞ റോഡുകളും അപകടക്കെണികളാണ്. വ്യക്തമായ സൂചനാ ബോർഡുകളോ ട്രാഫിക് നിയന്ത്രണങ്ങളോ ഇല്ലാത്തതും അപകട സാധ്യത കൂട്ടുന്നു. ജീവൻ കൈയ്യിൽപ്പിടിച്ചാണ് ഇരുചക്ര വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നതെന്നാണ് ജനങ്ങളുടെ പരാതി.
മഴ മാറി കുഴി നിറഞ്ഞ റോഡുകളിൽ ടാറിങ് പണികൾ ആരംഭിച്ചതോടെ മാസങ്ങളായുള്ള ദുരിതത്തിന് നേരിയ ശമനമുണ്ട്. കല്ലൂർ സ്റ്റേഡിയം ലിങ്ക് റോഡ്, കളമശ്ശേരി കുസാറ്റ് ചിറ്റെത്തുകര റോഡ്, കാക്കനാട് സീപോർട്ട് - എയർപോർട്ട് റോഡ്, സിവിൽ ലൈൻ റോഡ് എന്നിവിടങ്ങളിലായി പരന്നു കിടന്ന കുണ്ടും കുഴിയും മെറ്റലിട്ട് മൂടി. പക്ഷേ താൽക്കാലിക പരിഹാരങ്ങൾ മാത്രമാണ് ഇവയിൽ ഭൂരിഭാഗവും എന്ന ആശങ്കയും ഉയരുന്നുണ്ട്. നഗരത്തിലെ പലയിടങ്ങളിലും റോഡുകളുടെ അവസ്ഥ ഇപ്പോഴും ദയനീയമാണ്.
മണിക്കൂറുകളോളം വലിഞ്ഞ് മുറുക്കുന്ന കുരുക്കിലൂടെയുള്ള യാത്ര നരക യാത്രകളാണ്, പ്രത്യേകിച്ചും മഴക്കാലത്ത്. കൃത്യമായ ബദൽ സംവിധാനങ്ങൾ ഒരുക്കാതെ പണി തുടങ്ങുന്നതും തുടങ്ങുന്നവ അനന്തമായി നീളുന്നതും ജനങ്ങൾക്ക് ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല.