ബോഡിമെട്ടിൽ മണ്ണിടിച്ചിൽ: കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ വീണ്ടും ഗതാഗതം തടസപ്പെട്ടു

By Web TeamFirst Published Dec 6, 2021, 1:25 PM IST
Highlights

കഴിഞ്ഞ കുറേ ആഴ്ചകളായി കൊച്ചി - ധനുഷ്കോടി പാതയിൽ തുടർച്ചയായി ഗതാഗതം തടസ്സപ്പെട്ടിരുന്നു. കനത്ത മഴയിൽ പലതവണ ദേശീയ പാതയിൽ മലയിടിച്ചും മലവെള്ളപ്പാച്ചിലുമുണ്ടായിരുന്നു. 

ഇടുക്കി: കൊച്ചി - ധനുഷ്കോടി പാതയിൽ (Kochi - Dhanushkodi National Highway) വീണ്ടും ഗതാഗതം തടസ്സം. ബോഡിമെട്ട് മുതൽ ബോഡി നായ്ക്കന്നൂർ വരെയുള്ള ഭാഗത്താണ് ഗതാഗതം മുടങ്ങിയത്.  ചുരത്തില്‍ മൂന്നിടത്ത് മണ്ണിടിച്ചിലുണ്ടായെന്നാണ് വിവരം. മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് മണിക്കൂറോളമായി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. 

കഴിഞ്ഞ കുറേ ആഴ്ചകളായി കൊച്ചി - ധനുഷ്കോടി പാതയിൽ തുടർച്ചയായി ഗതാഗതം തടസ്സപ്പെട്ടിരുന്നു. കനത്ത മഴയിൽ പലതവണ ദേശീയ പാതയിൽ മലയിടിച്ചും മലവെള്ളപ്പാച്ചിലുമുണ്ടായിരുന്നു. ദേവികുളം, ബോഡിമെട് ഭാഗത്ത് കനത്ത മഴയുണ്ടായാൽ ഉടൻ മുൻകരുതലെന്നോണം ദേശീയപാതയിലൂടെയുള്ള ഗതാഗതം ഇപ്പോൾ തടയുകയാണ് അധികൃതർ. ഇടുക്കി ഗ്യാപ് റോഡിലും മാസങ്ങളായി തുടർച്ചയായുള്ള മലയിടിച്ചിൽ തുടരുകയാണ്. 

ഇടുക്കി ഗ്യാപ് റോഡിൽ ഇനിയും മലയിടിച്ചിലിന് സാധ്യതയുണ്ടെന്നും ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്നും സ്ഥലം സന്ദർശിച്ച എൻഐടി വിദഗ്ധ സംഘം ആവശ്യപ്പെട്ടിരുന്നു. മലയിടിച്ചിലിന്‍റെ ആഘാതം പഠിക്കാൻ എത്തിയതായിരുന്നു സംഘം. അതേസമയം മലയിടിച്ചിൽ മനുഷ്യനി‍ർമിതമാണെന്നും കൃഷിനാശത്തിന് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് കർഷകർ ഇവിടെ പ്രതിഷേധത്തിലാണ്.

ഇടുക്കി ജില്ലയുടെ അതിർത്തി ഭാഗമാണ് ബോഡിമെട്ട്. കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് പോകുന്ന വഴി വലിയ നിരവധി ഹെയർ പിൻ വളവുകളുണ്ട്. ഇതിൽ പലതിലും മണ്ണിടിച്ചിൽ സ്ഥിരമാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയിലും കാറ്റിലും  വലിയ മരങ്ങൾ കട പുഴകി വീഴുകയും മലവെള്ളപ്പാച്ചിലുണ്ടാവുകയും ചെയ്തിരുന്നു. 

click me!