
കൊല്ലം: കൊല്ലം പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണ നടപടികളിലേക്ക് കടക്കുന്നു. 51 പ്രതികളും നാളെ കൊല്ലം സെഷൻസ് കോടതിയിൽ ഹാജരാകണം. പ്രത്യേക കോടതിയിലേക്ക് വിചാരണ മാറ്റുന്നതിനു മുന്നോടിയായാണ് നടപടി. 2016 ഏപ്രിൽ പത്തിനായിരുന്നു 110 പേരുടെ ജീവനെടുത്ത മൽസര വെടിക്കെട്ട് നടന്നത്. മനുഷ്യ നിർമ്മിതമായ ദുരന്തത്തിൽ 656 പേർക്കാണ് പരിക്കേറ്റത്. സ്വർണ്ണ കപ്പും ക്യാഷ് അവാർഡും കിട്ടാൻ ജില്ലാ കളക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് സംഘം തിരിഞ്ഞ് വെടിക്കെട്ട് നടത്തുകയായിരുന്നു.
കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സമർപ്പിച്ച 10,000 പേജുള്ള കുറ്റപത്രത്തിൽ 59 പ്രതികളാണുള്ളത്. ഇതിൽ എട്ടു പേർ വിചാരണ നടപടികൾ തുടങ്ങുന്നതിന് മുമ്പ് മരിച്ചു. 44 പ്രതികൾക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതികൾ എല്ലാവരും നിലവിൽ ജാമ്യത്തിലാണ്. 1417 സാക്ഷികളും 1611 രേഖകളും 376 തൊണ്ടി മുതലുകളുമുണ്ട്. അന്നത്തെ കൊല്ലം ജില്ലാ കളക്ടർ ഷൈനാമോളും ദില്ലി എയിംസിലേത് ഉൾപ്പെടെ മുപ്പത് ഡോക്ടർമാരും സാക്ഷിപ്പട്ടികയിൽ ഉണ്ട്. ടി എം വർഗീസ് സ്മാരക ഓഡിറ്റോറിയം ക്യാമ്പസിലെ പഴയ കെട്ടിടത്തിലെ പ്രത്യേക കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങും. ജഡ്ജിയെ ഹൈക്കോടതി തീരുമാനിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam