രാത്രി പതിനൊന്ന് മണിയോടെ അടിവാരത്ത് നിന്നും പുറപ്പെട്ട ട്രെയിലറുകൾ ഒന്നാം ചുരത്തിൽ പ്രവേശിച്ചതിന് പിന്നാലെ രണ്ട് തവണ ഓഫായി.
കോഴിക്കോട്: കൂറ്റൻ യന്ത്രഭാഗങ്ങളുമായി രണ്ട് ട്രെയിലുകൾ താമരശ്ശേരി ചുരത്തിൽ പ്രവേശിച്ചു. നാളെ പുലരും മുൻപ് രണ്ട് ട്രെയിലുകറും ചുരം കേറി വൈത്തിരിയിൽ എത്തിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
അതേസമയം രാത്രി പതിനൊന്ന് മണിയോടെ അടിവാരത്ത് നിന്നും പുറപ്പെട്ട ട്രെയിലറുകൾ ഒന്നാം ചുരത്തിൽ പ്രവേശിച്ചതിന് പിന്നാലെ രണ്ട് തവണ ഓഫായത് ആശങ്ക സൃഷ്ടിച്ചു. മൂന്ന് മാസത്തോളം നിർത്തിയിട്ടതിനാൽ വാഹനങ്ങൾ ഇടയ്ക്ക് നിന്നു പോകാനുള്ള സാധ്യത അധികൃതർ മുൻകൂട്ടി കണ്ടിരുന്നു. ഇതിനാൽ സംഘത്തിൽ മെക്കാനിക്കുകളേയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ട്രെയിലറുകൾ കടന്നു പോകുന്നത് കണക്കിലെടുത്ത് താമരശ്ശേരി ചുരത്തിൽ രാത്രി 11 മുതൽ നാളെ പുലർച്ചെ അഞ്ചു വരെ പൊതു ഗതാഗതതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സമയത്ത് ആംബുലൻസുകൾ അല്ലാതെ മറ്റൊരു വാഹനവും ചുരത്തിലൂടെ കടന്നു പോകാൻ അനുവദിക്കില്ല.
സ്വകാര്യ കമ്പനിയുടെ കര്‍ണാടകയിലെ പ്ലാന്‍റിലേക്ക് കൂറ്റന്‍ യന്ത്രങ്ങളുമായി ട്രെയിലര്‍ ലോറികൾക്ക് കടന്നു പോകാൻ വേണ്ടിയാണ് നിയന്ത്രണം. മൂന്നുമാസത്തിലധികമായി യാത്രാനുമതി കാത്തു കിടന്ന വാഹനങ്ങൾ ആണ് വയനാട് - കോഴിക്കോട് ജില്ലാ ഭരണകൂടങ്ങൾ ചേർന്ന് വിപുലമായ സജ്ജീകരണങ്ങളോടെ കടത്തിവിടുന്നത്.
ട്രെയിലറുകളിൽ എന്ത്?
നെസ്‌ലെ കമ്പനിയുടെ നഞ്ചങ്കോട് പ്ലാന്റിലേക്കുള്ള രണ്ട് കൂറ്റൻ യന്ത്രങ്ങൾ
എവിടെ നിന്ന്? എങ്ങോട്ട്?
ദക്ഷിണ കൊറിയയിൽനിന്ന് കപ്പൽ മാർഗം ചെന്നൈയിൽ എത്തിച്ച് റോഡുമാർഗം കർണാടകയിലെ നഞ്ചങ്കോട് പ്ലാന്റിലേക്കു കൊണ്ടുപോകുന്നു
എന്തുകൊണ്ട് ഈ ചുരം പാത?
ചെന്നൈയിൽനിന്ന് നഞ്ചങ്കോട്ടെയ്ക്ക് മറ്റു വഴികൾ ഉണ്ടെങ്കിലും മേൽപ്പാലങ്ങൾ ഉള്ളതിനാൽ കൂറ്റൻ യന്ത്രങ്ങൾ കടന്നുപോകില്ല
ആരാണ് ഈ ട്രെയിലറുകളുടെ ഉടമ?
നെസ്‌ലെ കമ്പനിക്കായി യന്ത്രം എത്തിച്ചു നൽകുന്നത്അണ്ണാമലൈ ട്രാൻസ്‌പോർട് കമ്പനി.
ചുരം കയറുമ്പോൾ അനുഗമിക്കുന്നത് ആരൊക്കെ?
പൊലീസ്, അഗ്നിരക്ഷാസേന, വൈദ്യുതി വകുപ്പ് ജീവനക്കാർ, അണ്ണാമലൈ കമ്പനി പ്രതിനിധികൾ, മെക്കാനിക്കുകൾ, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ
ട്രെയിലറിന് ഒപ്പം ചുരം കയറുന്ന വാഹനങ്ങൾ ഏതൊക്കെ?
രണ്ട് ക്രെയിനുകൾ, രണ്ട് ആംബുലൻസുകൾ, പൊലീസ് വാഹനം , അഗ്നിരക്ഷാസേനയുടെ വാഹനം , കെഎസ്ഇബി, പൊതുമരാമത്ത് വാഹനങ്ങൾ
യാത്രയുടെ ഉറപ്പ് എന്ത് ?
അണ്ണാമലൈ കമ്പനി മുൻകരുതൽ പണമായി കെട്ടിവെച്ചത് ഇരുപത് ലക്ഷം രൂപ. യാത്രയിൽ നാശനഷ്ടങ്ങൾ ഉണ്ടായാൽ ഈ തുകയിൽ നിന്ന് ഈടാക്കും. യാത്രയുടെ മറ്റു ചിലവുകളും കമ്പനി വഹിക്കും
ട്രെയിലറുകൾ എത്ര നാൾ കാത്തുകിടന്നു?
കോഴിക്കോട് ജില്ലാ ഭരണകൂടം യാത്രാനുമതി നിഷേധിച്ചതിനാൽ 104 ദിവസം ട്രെയിലറുകൾ കാത്തുകിടന്നു
യാത്രാനുമതി കിട്ടിയത് എങ്ങനെ?
കോഴിക്കോട് ജില്ലാ ഭരണകൂടം നിയോഗിച്ച വിദഗ്ധ സമിതി വിഷയം പഠിച്ചു . മതിയായ മുന്നൊരുക്കത്തോടെ യാത്രാനുമതി നൽകാമെന്ന് റിപ്പോർട്ട് നൽകി
വെല്ലുവിളികൾ എന്തൊക്കെ?
ചുരത്തിലെ ആറ്, ഏഴ് വളവുകൾക്ക് ഇടയിൽ വീതി വളരെ കുറവ്. കൂറ്റൻ യന്ത്രങ്ങൾ വഹിച്ച ട്രെയിലറുകളുടെ അടിഭാഗം റോഡിൽ തട്ടാൻ സാധ്യത. ചിലയിടങ്ങളിൽ വൈദ്യുതി ലൈനുകൾ അഴിച്ചു മാറ്റേണ്ടി വന്നേക്കാം. കൊടുംവളവുകളിൽ വാഹനം തിരിക്കുന്നത് അതീവ ശ്രമകരം
ദൗത്യം എത്ര മണിക്കൂർ?
വ്യാഴാഴ്ച രാത്രി 11 മണിക്ക് ട്രെയിലറുകൾ നീങ്ങിത്തുടങ്ങും. പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിൽ മൂന്ന് മണിക്കൂറിൽ ദൗത്യം പൂർത്തിയാകുമെന്ന് പ്രതീക്ഷ. ചെറിയ പ്രതിസന്ധികൾ വന്നാലും പുലർച്ചെ അഞ്ചു മണിക്ക് മുൻപ് ചുരം കടക്കാമെന്ന് കരുതുന്നു.
മുൻകരുതൽ എന്ത്?
രാത്രി എട്ടുമുതൽ ചുരത്തിൽ ഗതാഗത നിയന്ത്രണം. ആംബുലൻസ് ഒഴികെ വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. പൊലീസും അധികൃതരും അതീവ ജാഗ്രതയിൽ.
യന്ത്രങ്ങളുടെ ഭാരം എത്ര?
ആദ്യ യന്ത്രം ആറു ടൺ ,രണ്ടാമത്തെ യന്ത്രം ഏഴു ടൺ , ഉയരം 18 അടി
ചുരം കയറുമ്പോൾ ട്രെയിലറുകളുടെ വേഗം
പരമാവധി 15 കിലോമീറ്റർ
യാത്രാ ദൂരം
ചുരത്തിന്റെ ആകെ ദൂരം 12 കിലോമീറ്റർ, ഈ ദൂരത്തിൽ 9 ഹെയർപിൻ വളവുകൾ, ചുരത്തിന്റെ മുകൾ ഭാഗം സമുദ്രനിരപ്പിൽ നിന്ന് 2,625 അടി ഉയരത്തിൽ