
പാലക്കാട്: റെയിൽവേ ട്രാക്കിൽ മാലിന്യം ശേഖരിക്കാനിറങ്ങിയ മൂന്ന് ശുചീകരണ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചു. രക്ഷപ്പെടാനായി ട്രാക്കിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയെന്ന് സംശയിക്കുന്ന ഒരു തൊഴിലാളിയെ കാണാതായി. ഇയാള്‍ക്കായുള്ള തെരച്ചിൽ നാളെയും തുടരും. ഷോർണൂർ റെയിൽവേ സ്റ്റേഷന് സമീപം കൊച്ചി റെയിൽവേ മേൽപ്പാലത്തിൽ ഇന്ന് വൈകിട്ട് മൂന്നുമണിയോടെ ആയിരുന്നു അപകടം.
റെയിൽവേ കരാർ തൊഴിലാളികളും സേലം അയോധ്യപട്ടണം സ്വദേശികളുമായ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), അയോധ്യപട്ടണം സ്വദേശിയായ റാണി (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ റെയില്‍വെ ട്രാക്കിന് സമീപത്തു നിന്നും കണ്ടെത്തി. റാണിയുടെ ഭര്‍ത്താവ് ലക്ഷ്മണൻ (48)നെയാണ് കണ്ടെത്താനുള്ളത്. ലക്ഷ്മണനുവേണ്ടിയാണ് പുഴയിൽ തെരച്ചിൽ നടത്തുന്നത്. മരിച്ച റാണിയും വല്ലിയും സഹോദരിമാരാണ്. അഞ്ചുവര്‍ഷമായി നാലുപേരും ഒറ്റപ്പാലത്താണ് താമസം.
ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടം. ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷൻ കഴിഞ്ഞുള്ള കൊച്ചിൻ പാലത്തിൽ വെച്ചാണ് അതിദാരുണമായ അപകടമുണ്ടായത്. മാലിന്യം നീക്കം ചെയ്യുന്നതിന് റെയില്‍വെ പുറം കരാര്‍ നൽകിയ സംഘത്തിലുള്ളവരാണ് അപകടത്തിൽപ്പെട്ടത്. പത്തു പേരടങ്ങുന്ന ശുചീകരണ തൊഴിലാളികളാണ് പാളത്തിൽ നിന്ന് മാലിന്യം ശേഖരിച്ചിരുന്നത്.
ഇതിൽ ആറു പേര്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം. ട്രെയിൻ തട്ടിയ നാലുപേരും മരിച്ചുവെന്നായിരുന്നു ആദ്യം ലഭിച്ച വിവരമെങ്കിലും മൂന്നുപേരുടെ മൃതദേഹമാണ് കണ്ടെത്താനായതെന്നും ഒരാളെ കാണാനില്ലെന്നും പൊലീസ് അറിയിച്ചു. തുടര്‍ന്നാണ് ഭാരതപ്പുഴയിൽ വീണുവെന്ന നിഗമനത്തിൽ ഫയര്‍ഫോഴ്സ് തെരച്ചിൽ ആരംഭിച്ചത്.
ട്രെയിൻ വരുമ്പോള്‍ രണ്ടു പുരുഷന്മാരും പാലത്തിന്‍റെ നടുഭാഗത്തായിരുന്നു ഉണ്ടായിരുന്നത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴേക്കും ഇവരെ ട്രെയിൻ ഇടിച്ചുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഭാരതപ്പുഴക്ക് കുറുകെ ഷൊർണൂരിലെ ചെറുതുരുത്തിയിലാണ് കൊച്ചിൻ പാലമുള്ളത്. പാലത്തിൽ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ട്രെയിൻ വന്നു. ട്രാക്കിൽ നിന്ന് മാറാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്.
ട്രെയിൻ വരുന്നത് ഇവര്‍ അറിഞ്ഞിരുന്നില്ലെന്നും സൂചനയുണ്ട്. മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ റെയില്‍വെ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അപകടം സംബന്ധിച്ച മറ്റു കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, പൂർണമായും കത്തിനശിച്ചു; കാറിലുണ്ടായിരുന്ന ദമ്പതികൾ രക്ഷപ്പെട്ടു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam