
കോട്ടയം: ഇരട്ടപ്പാതയായി വികസിപ്പിച്ച ഏറ്റുമാനൂർ - ചിങ്ങവനം റെയിൽ പാതയിലൂടെ ട്രെയിൻ സര്‍വ്വീസ് തുടങ്ങി.പാറോലിക്കലിൽ പുതിയ പാതയും പഴയ പാതയും ബന്ധിപ്പിക്കുന്ന ജോലികൾ അവസാന പൂര്‍ത്തിയാക്കിയ ശേഷമാണ് കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതത്തിൽ പുതിയ അധ്യായം എഴുതി ചേര്‍ത്തു കൊണ്ട് പാലരുവി എക്സ്പ്രസ് പുതിയ പാതയിലൂടെ കടന്നു പോയത്.
നേരത്തെ സുരക്ഷാ കമ്മീഷണറുടെ ട്രോളി പരിശോധനയും, എഞ്ചിൻ പരിശോധനയും പൂര്‍ത്തിയാതോടെയാണ് കോട്ടയം വഴിയുള്ള ഇരട്ടപ്പാതയിലൂടെ ഗതാഗതം തുടങ്ങാൻ അനുമതി ലഭിച്ചത്. ഇരട്ടപ്പാതയിൽ സര്‍വ്വീസ് തുടങ്ങിയെങ്കിലും കോട്ടയം റെയിൽവെ സ്റ്റേഷനിലെ നവീകരണ പ്രവർത്തികളും പൂർത്തിയാക്കിയതിന് ശേഷം ഉദ്ഘാടനം നടത്താനാണ് തീരുമാനം. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് 21 ട്രെയിനുകൾ റദ്ദാക്കിയിരുന്നു.ഈ തീവണ്ടികളെല്ലാം ഇന്ന് അര്‍ധരാത്രി മുതൽ സര്‍വ്വീസ് പുനരാരംഭിക്കും.
പരശുറാം എക്പ്രസ്, ജനശതാബ്ദി അടക്കമുള്ള തീവണ്ടികളാണ് റദ്ദാക്കിയവയിൽ പ്രധാനം. മംഗളൂരു-നാഗർകോവിൽ പരശുറാം, നാഗർകോവിൽ-മംഗളൂരു പരശുറാം എന്നിവ റദ്ദാക്കി. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് നേരത്തേ പൂർണമായും റദ്ദാക്കിയിരുന്നെങ്കിലും ഷൊർണൂർ വരെ ഓടുന്ന വിധത്തിൽ ക്രമീകരിച്ചത്.
ഇരട്ടപ്പാത വരുന്നതോടെ കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതം കൂടുതൽ സുഗമമാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ട്രെയിനുകൾ പിടിച്ചിടുന്ന അവസ്ഥ മാറുന്നത് കൂടാതെ പല തീവണ്ടികളുടേയും യാത്രസമയം കുറയ്ക്കുകയും പുതിയ സര്‍വ്വീസുകൾ ആരംഭിക്കുകയും കൂടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം
രണ്ട് വര്‍ഷത്തിന് ശേഷം ഗുരുവായൂരിൽ നിന്നും പകൽ തീവണ്ടി സര്‍വ്വീസ് തുടങ്ങി
ഗുരുവായൂര്‍: നീണ്ട 26 മാസത്തെ കൊവിട് ഇടവേളയ്‌ക്ക് ശേഷം ഗുരുവായൂരിൽ നിന്നും പകൽ തീവണ്ടികൾ വീണ്ടും ഓടിത്തുടങ്ങുന്നു. മെയ് 30 തിങ്കൾ മുതൽ എല്ലാദിവസവും രാവിലെ 6.10ന് എറണാകുളം ജംഗ്ഷനിൽ നിന്നും പുറപ്പെടുന്ന 06438 എറണാകുളം - ഗുരുവായൂർ എക്സ്പ്രസ്സ് 8.45ന് ഗുരുവായൂരിലെത്തും. രാവിലെ 9.05ന് ഗുരുവായൂരിൽ നിന്നും പുറപ്പെടുന്ന 06445 ഗുരുവായൂർ - തൃശ്ശൂർ എക്സ്പ്രസ്സ് 9.35ന് തൃശ്ശൂരിലെത്തും. മടക്കയാത്രയിൽ, 06446 തൃശ്ശൂർ - ഗുരുവായൂർ എക്സ്പ്രസ്സ് 11.25ന് തൃശ്ശൂരിൽനിന്നും പുറപ്പെട്ട് 11.55ന് ഗുരുവായൂരിലെത്തും. 06447 ഗുരുവായൂർ - എറണാകുളം എക്സ്പ്രസ്സ് ഉച്ചയ്ക്ക് 13.30ന് ഗുരുവായൂരിൽനിന്നും പുറപ്പെട്ട് 16.40ന് എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും.
ഗുരുവായൂരിലെ റെയിൽവേ മേൽപ്പാലത്തിന്റെയും തൃശ്ശൂർ - കുറ്റിപ്പുറം റോഡിന്റെയും നിർമ്മാണം മൂലം റോഡ് ഗതാഗതം ദുഷ്കരമായ സാഹചര്യത്തിൽ ഗുരുവായൂരിലേയ്ക്കുള്ള പകൽ തീവണ്ടികൾ ആരംഭിയ്ക്കണമെന്നത് ഏറെ നാളുകളായുള്ള ആവശ്യമായിരുന്നു. കൊവിട് നിയന്ത്രണങ്ങൾക്ക് അയവുവന്നതുമുതൽ മുതിർന്ന പൗരന്മാരടക്കമുള്ള ഭക്തരുടെ വലിയ തിരക്കാണ് ഗുരുവായൂരിൽ അനുഭവപ്പെടുന്നത്. പകൽ തീവണ്ടികൾ വീണ്ടും ഓടുന്നത് അത്തരക്കാർക്ക് ഏറെ സൗകര്യമാകും. വൈകീട്ട് ഗുരുവായൂരിൽനിന്നും തൃശ്ശൂരിലേയ്ക്കും തിരിച്ചുമുള്ള വണ്ടി മാത്രമാണ് ഇനി ഓടുവാൻ ബാക്കിയുള്ളത്. അതും താമസിയാതെ സർവ്വീസ് ആരംഭിയ്ക്കുമെന്നുള്ള പ്രതീക്ഷയിലാണ് യാത്രക്കാര്‍.