അക്രമ സംഭവങ്ങളിൽ നിരന്തരം പരാതിപ്പെട്ടിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് ട്രാൻസ്ജെന്‍ററുകൾ

By Web TeamFirst Published Apr 2, 2019, 6:26 AM IST
Highlights

കഴിഞ്ഞ ദിവസം കോഴിക്കോട് മരിച്ച നിലയിൽ കണ്ടെത്തിയ ഷാലുവിന്‍റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. മരണത്തിൽ ശക്തമായ അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം.

കോഴിക്കോട്: അക്രമ സംഭവങ്ങളിൽ നിരന്തരം പരാതിപ്പെട്ടിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന ആരോപണവുമായി ട്രാൻസ്ജെന്‍ററുകൾ. കഴിഞ്ഞ ദിവസം കോഴിക്കോട് മരിച്ച നിലയിൽ കണ്ടെത്തിയ ഷാലുവിന്‍റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് നഗരത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച ട്രാൻസ്ജെന്‍ററുകൾ സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. 

കോഴിക്കോട് സ്വദേശിയായ വൈഗ നടക്കാവ് പൊലീസിനെതിരെ ശക്തമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. നിരന്തരം പരാതിയുമായി സ്റ്റേഷനിൽ എത്തിയിട്ടും പൊലീസ് അപമാനിച്ച് തിരിച്ചയക്കുകയായിരുന്നു. സമാനമായ അനുഭവങ്ങളാണ് മറ്റ് ട്രാൻസ്ജെന്‍ററുകൾക്കും പറയാനുള്ളത്. നേരത്തെ കസബ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മർദ്ദിച്ച സംഭവം ഒതുക്കി തീർത്തതായി അന്ന് അക്രമിക്കപ്പെട്ട ട്രാൻസ്ജെന്‍റർ സുസ്മി ആരോപിക്കുന്നു. രാത്രി കാലങ്ങളിൽ പൊതു സമൂഹത്തിൽ നിന്നും പൊലീസിൽ നിന്നും കടുത്ത ശാരീരിക മാനസിക പീഡനങ്ങളാണ് അനുഭവിക്കേണ്ടി വരുന്നതെന്നും ഇവർ പറയുന്നു. 

മരിച്ച ഷാലുവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് ദിവസം കഴിഞ്ഞിട്ടും ബന്ധുക്കൾ ഏറ്റെടുത്തില്ലെങ്കിൽ സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട് മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുമെന്ന് പുനർജനി കോർഡിനേറ്റർ സിസിലി ജോണ്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ ഷാലുവിനൊപ്പം കണ്ട ഒരാളെ തിരിച്ചറിഞ്ഞതായും ഇവർ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

click me!