
പാലക്കാട്: പ്രവീൺ നാഥിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പങ്കാളി റിഷാന ഐഷുവിതിരെ ആരോപണവുമായി പ്രവീൺ നാഥിന്റെ കുടുംബം. പ്രവീണിനെ റിഷാന ഐഷു പതിവായി മർദിച്ചിരുന്നുവെന്നും കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പ്രവീൺ നാഥിന്റെ കുടുംബം ആരോപിക്കുന്നു. സോഷ്യൽ ബുള്ളിയിംങ്ങിന്‍റെ പേരിൽ അല്ല ആത്മഹത്യയെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും സഹോദരൻ പുഷ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ ആദ്യ ട്രാൻസ്മാൻ ബോഡി ബിൽഡറായ പ്രവീണ്‍ നാഥ് ഇന്നലെയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. തൃശ്ശൂരിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ പ്രവീണ്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നലെ രാവിലെ പൂങ്കുന്നത്തെ വീട്ടിൽ എലിവിഷം കഴിച്ച് അവശനിലയിലാണ് പ്രവീണിനെ കണ്ടെത്തിയത്. മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.
ട്രാൻസ് വുമണ്‍ റിഷാന ഐഷുവാണ് പ്രവീണിന്‍റെ ഭാര്യ. കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ഇവർ തമ്മിൽ വേർപിരിയുന്നു എന്ന രീതിയിൽ ദിവസങ്ങൾക്ക് മുമ്പ് ചില ഓണ്‍ലൈൻ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ശക്തമായ സൈബർ ആക്രമണവും പ്രവീണ്‍ നേരിട്ടിരുന്നു. ഇത് പ്രവീണിനെ മാനസികമായി തളർത്തി. തങ്ങൾക്കെതിരെ നടക്കുന്ന നുണ പ്രചാരണങ്ങളെ നിഷേധിച്ച് പ്രവീണ്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. സൈബർ ആക്രമണത്തിന്‍റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് നിഗമനം.
പ്രവീൺ നാഥിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച റിഷാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ മിസ് മലബാറാണ് റിഷാന ഐഷു. അതേസമയം, പ്രവീണ്‍ നാഥിന്റെ ആത്മഹത്യയിൽ പരാതിയുമായി ട്രാൻസ്ജെൻഡർ കൂട്ടായ്മ രംഗത്തെത്തി. ഓൺലൈൻ മാധ്യമങ്ങളടക്കം മരണത്തിന് ഉത്തരവാദികളാണെന്ന് ആരോപിച്ച്, നിയമനടപടി ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ കൂട്ടായ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam