ബസ് ചാർജ്ജ് താത്കാലികമായി വർധിപ്പിക്കാൻ ശുപാർശ; നികുതി ഇളവ് നൽകണമെന്നും ഗതാഗത വകുപ്പ്

By Web TeamFirst Published Apr 25, 2020, 8:34 AM IST
Highlights

റോഡ് നികുതിയിലോ ഇന്ധന നികുതിയിലോ ഇളവ് നല്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങളോടെ സാമൂഹിക അകലം പാലിച്ച് സർവീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്തനാണ് ഇത്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗൺ തുടരുന്ന പശ്ചാത്തലത്തിൽ ബസ് ചാർജ് താത്കാലികമായി വർധിപ്പിക്കണമെന്ന് ഗതാഗത വകുപ്പ് ശുപാർശ ചെയ്തു. റോഡ് നികുതിയിലോ ഇന്ധന നികുതിയിലോ ഇളവ് നല്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങളോടെ സാമൂഹിക അകലം പാലിച്ച് സർവീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്തനാണ് ഇത്.

സംസ്ഥാനത്ത് ലോക്ക് ഡൗൺ കഴിഞ്ഞാലും ബസ്സുകൾ ഉടന്‍ നിരത്തിലിറക്കില്ലെന്ന് സ്വകാര്യ ബസ്സ് ഉടമകൾ വ്യക്തമാക്കിയിരുന്നു. സർവീസുകൾ താത്കാലികമായി നിർത്തിവെക്കാനായി ഉടമകള്‍ സ്റ്റോപ്പേജ് അപേക്ഷ നൽകുകയും ചെയ്തു. സർക്കാര്‍ നിബന്ധനയനുസരിച്ച് സർവീസ് നടത്തിയാല്‍ വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്ന് ഉടമകള്‍ പറയുന്നു.

സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി രണ്ട് പേരുടെ സീറ്റിൽ ഒരാളെയും മൂന്ന് പേരുടെ സീറ്റിൽ രണ്ട് പേരെയും മാത്രമേ അനുവദിക്കാവൂ എന്നാണ് സർക്കാർ നിർദ്ദേശം. ഇത് പാലിച്ച് സർവീസ് നടത്തിയാൽ ഇന്ധനച്ചെലവിന് പോലും പണം ലഭിക്കില്ലെന്ന് ബസ് ഉടമകൾ പറയുന്നു. ജീവനക്കാർക്ക് കൂലി കൊടുക്കാനും അറ്റകുറ്റപ്പണി നടത്താനും കടം വാങ്ങേണ്ട അവസ്ഥ ഉണ്ടാകും. ഈ സാഹചര്യം മുന്നിൽ കണ്ടാണ് സ്റ്റോപ്പേജ് അപേക്ഷ നൽകാനുള്ള തീരുമാനം. കോഴിക്കോട് ജില്ലയിലെ മുഴുവൻ ബസ്സുടമകളും അപേക്ഷ നൽകിക്കഴിഞ്ഞു. സംസ്ഥാനത്ത് ആകെ 12000 ത്തോളം ബസ്സുകളാണ് അപേക്ഷ നൽകിയിട്ടുള്ളത്. വരും ദിവസങ്ങളിൽ ബാക്കിയുള്ളവർ കൂടി അപേക്ഷ നൽകും.

ബസ് വ്യവസായ മേഖലയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നിരിക്കെ സ്റ്റോപ്പേജ് അപേക്ഷ നൽകിയാൽ നികുതി ഇളവും ഇൻഷൂറൻസ് അടക്കാനുള്ള സാവകാശവും ലഭിക്കും എന്നതും ഉടമകളെ താത്കാലികമായി സർവീസ് നിർത്തിവെക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.

ബസ് സര്‍വീസ് നടത്തിക്കൊണ്ടു പോകാന്‍ ചുരുങ്ങിയത് ദിവസം പതിനായിരം രൂപയെങ്കിലും വരുമാനം കണ്ടെത്തണം എന്നാണ് ബസുടമകള്‍ പറയുന്നത്. മുടക്കുമുതല്‍ തിരികെ കിട്ടാനും മെയിന്‍റിനന്‍സ്, വേതനം തുടങ്ങിയ ചെലവുകള്‍ക്കും ഇത്രയും പണം വേണമെന്നാണ് വാദം. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ ജി ഫോം പിന്‍വലിച്ച് ബസുകള്‍ നിരത്തിസലിറക്കുന്ന കാര്യം ആലോചിക്കും. അതല്ലെങ്കില്‍ നികുതി, ഇന്‍ഷുറന്‍സ് എന്നിവയില്‍ നിന്ന് ഒഴിവാക്കുകയും തൊഴിലാലി ക്ഷേമനിധി സര്‍ക്കാര്‍  അടയ്ക്കുകയും ചെയ്താല്‍ സര്‍വീസ് നടത്താമെന്നാണ് ബസുടമകളുടെ നിലപാട്. 

click me!