കോട്ടയം ബസ് സ്റ്റാന്‍റിന് ശാപമോക്ഷം; 60 വര്‍ഷം പഴക്കമുള്ള കെട്ടിടം പൊളിച്ച് പുതിയത് പണിയാൻ തീരുമാനം

By Web TeamFirst Published Jun 13, 2021, 1:11 PM IST
Highlights

60 വര്‍ഷം പഴക്കമുള്ള ബസ് സ്റ്റാന്‍റിന്‍റെ ദുരവസ്ഥ ജീവനക്കാരാനാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ മന്ത്രിയോട് ചോദിക്കാം പരിപാടിയിലൂടെ നേരിട്ട് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. 

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്‍റെ മന്ത്രിയോട് ചോദിക്കാം പരിപാടിയിലൂടെ കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിന് ശാപമോക്ഷം. തകര്‍ന്ന ബസ് സ്റ്റാൻഡ് പൊളിച്ച് പുതിയത് പണിയാൻ സര്‍ക്കാര് തീരുമാനിച്ചു. 60 വര്‍ഷം പഴക്കമുള്ള ബസ് സ്റ്റാന്‍റിന്‍റെ ദുരവസ്ഥ ജീവനക്കാരാനാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ മന്ത്രിയോട് ചോദിക്കാം പരിപാടിയിലൂടെ നേരിട്ട് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. 

കോട്ടയം ബസ് സ്റ്റാന്‍റിലെ മനോജ് എന്ന ജീവനക്കാരനാണ് സ്റ്റാൻഡിലെ ദുരിതം മന്ത്രി ആന്‍റണി രാജുവിനോട് മന്ത്രിയോട് ചോദിക്കാം എന്ന പരിപാടിയിലൂടെ അറിയിച്ചത്.അന്ന് നല്‍കിയ ഉറപ്പ് ദിവസങ്ങള്‍ക്കകം പാലിക്കപ്പെടുകയാണ്.   കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാൻഡ് പുതിക്കിപ്പണിയുന്നതിനായി ഒരു കോടി 90 ലക്ഷം രൂപയുടെ ടെന്‍ഡര്‍ ക്ഷണിച്ചു. പുതിയ ബസ് ടെര്‍മിനലും യാര്‍ഡും നിര്‍മ്മിക്കാനാണ് തീരുമാനം. ഇതിനായി മണ്ണ് പരിശോധന ഇന്നലെ ഉദ്യോഗസ്ഥര്‍ എത്തി പൂര്‍ത്തിയാക്കി.

നിലവില്‍ ടെര്‍മിനല്‍ പൂര്‍ണ്ണമായും പൊളിച്ച് മാറ്റിയാണ് നിര്‍മ്മാണം.  ഇപ്പോള്‍ ബസുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് ടെര്‍മിനല്‍ മാറ്റും. അഞ്ചേക്കറോളും വരുന്ന സ്ഥലത്ത് പരമാവധി ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന രീതിയിലാകും യാര്‍ഡ് നിര്‍മ്മിക്കുക. ഒന്നര വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. 

ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കുമുള്ള ശുചിമുറി, പെട്രോള്‍ ബങ്ക്, ഷോപ്പിംഗ് കോപ്ലക്സ് എന്നിവയും അനുബന്ധമായി നിര്‍മ്മിക്കും. 
നിലവില്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ് ബസ് സ്റ്റാൻഡും പരിസരവും. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയാണുള്ളത്.  കെട്ടിടങ്ങളില്‍ വൃക്ഷങ്ങളുടെ വേരിറങ്ങിത്തുടങ്ങി. മഴ നനയാതിരിക്കാൻ ടിക്കറ്റ് മെഷീനും കംപ്യൂട്ടറും ടാര്‍പോളിൻ മൂടിയാണ് ഇട്ടിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!