ഇ- ബുൾ ജെറ്റ് വ്ലോഗർമാര്‍ക്കെതിരായ നടപടി; ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രതികരണം

By Web TeamFirst Published Aug 9, 2021, 6:24 PM IST
Highlights

 നിയമലംഘനം അനുവദിക്കില്ലെന്നും നിയമം ലംഘിച്ചാല്‍ മുഖം നോക്കാതെ തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കണ്ണൂർ: ഇ- ബുൾ ജെറ്റ് വ്ലോഗർമാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഗതാഗത  മന്ത്രി ആന്റണി രാജു. ഇന്ന് രാവിലെയാണ് കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിന് ഇ- ബുൾ ജെറ്റ് വ്ലോഗര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ വണ്ടി രൂപമാറ്റം വരുത്തിയതിലെ നിയമലംഘനത്തിലാണ് മന്ത്രി പ്രതികരണം നടത്തിയത്. യുട്യൂബര്‍മാരാണെങ്കിലും നിയമലംഘനം അനുവദിക്കില്ലെന്നും നിയമം ലംഘിച്ചാല്‍ മുഖം നോക്കാതെ തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തും. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും മന്ത്രി അറിയിച്ചു.

അതേ സമയം പൊലീസ് തങ്ങളെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ഇവരുടെ ഇ- ബുൾ ജെറ്റ് വ്ലോഗർമാരായ ലിബിനും ഇബിനും ആരോപിച്ചത്. കണ്ണൂർ കളക്ടറേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.  തങ്ങളുടെ നെപ്പോളിയൻ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഓൾട്ടറേഷൻ വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂ‍ർ ആർടിഒ ഉദ്യോഗസ്ഥ‍ർ കസ്റ്റഡിയിലെടുത്തിരുന്നു. 

ഇക്കാര്യത്തിലെ തുടർ നടപടികൾക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസിൽ ഹാജരാവാനും ആവശ്യപ്പെട്ടു.  ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘ‍ർഷമുണ്ടായത്. വാൻ ആ‍ർടിഒ കസ്റ്റഡിയിൽ എടുത്ത കാര്യം ഇവ‍ർ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോയായി പങ്കുവച്ചിരുന്നു. ഇതേ തുട‍ർന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാ‍ർ കണ്ണൂ‍ർ ആർടിഒ ഓഫീസിലേക്ക് എത്തി. 

ഒടുവിൽ വ്ലോഗ‍ർമാരും ഉദ്യോ​ഗസ്ഥരും തമ്മിൽ വാക്കുതർക്കമാവുകയും തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തങ്ങളെ ത‍കർക്കാൻ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും വാൻ  ലൈഫ് വീഡിയോ ഇനി ചെയ്യില്ലെന്നും ഇബുൾ ജെറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

click me!