
തൃശൂർ: പൊലീസ് ജീപ്പിന് പിഴയിട്ട എംവിഐയെ കൈവിട്ട് ഗതാഗത മന്ത്രി സിപി ജോൺ. എംവിഐ പിവി ബിജു അമിതാവേശം കാട്ടിയെന്നും ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തെന്നും മന്ത്രി സിപി ജോൺ പറഞ്ഞു. പിവി ബിജു അമിതാവേശം കാണിക്കുകയായിരുന്നു. വിഷയത്തിൽ നടപടി സ്വീകരിച്ചു. എന്നാൽ എന്ത് നടപടിയാണ് എടുത്തതെന്ന് പറയാനാകില്ലെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു.
സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവർ പ്രതീക്ഷിച്ചതിലും വേഗത്തിൽ കമ്മറ്റി സ്ഥാപിച്ചു. വളരെ വേഗത്തിൽ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കും. നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ഡിപ്പോകളുടെ വികസനത്തിനായി വികസന കമ്മറ്റികൾ രൂപീകരിച്ചു. ഈ കമ്മറ്റികളുടെ നിർദേശാനുസരണമാകും വികസന പദ്ധതികൾ നടപ്പാക്കുക. സ്ഥലം മാറ്റത്തിന് കാശ് നൽകരുതെന്ന് അഭ്യർത്ഥിക്കുന്നെന്നും മന്ത്രി പറഞ്ഞു.
വടക്കാഞ്ചേരിയിലാണ് പൊലീസിന്റെ വാഹനം പിടികൂടി എംവിഐ വി ബിജു പിഴയിട്ടത്. സംഭവത്തിൽ ബിജുവിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. ഒളിവിൽ ആയിരുന്ന എംവിഐ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വടക്കാഞ്ചേരി സ്റ്റേഷനിൽ ഹാജരായത്. ഇൻഷുറൻസ് ഉള്ള പൊലീസ് വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്നു ചൂണ്ടിക്കാട്ടി പിഴയിട്ടതിന് പിന്നാലെയാണ് പൊലീസ് ബിജുവിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്.
കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചതും സോഷ്യൽ മീഡിയ വഴി വാർത്ത പ്രചരിപ്പിച്ച് പൊലീസ് സേനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയതിനുമെതിരെയാണ് കേസെടുത്തത്. വടക്കാഞ്ചേരി പൊലീസിൻ്റെ നൈറ്റ് പട്രോളിങ് വാഹനത്തിനാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഇൻഷുറൻസുണ്ടായിട്ടും പിഴയിട്ടത്. ഇൻഷുറൻസ് ഇല്ലെന്ന് പറഞ്ഞ് എംവിഐ വാഹനം തടഞ്ഞ് നിർത്തുകയായിരുന്നു. ശേഷം പിഴയിടുകയും ചെയ്തു. പൊലീസ് വാഹനത്തിന് പിഴയിട്ടതിന് പിന്നാലെ എംവിഐ വാർത്താക്കുറിപ്പിറക്കി. പിന്നാലെ വാഹനത്തിൻ്റെ ഇൻഷൂറൻസ് രേഖ പൊലീസ് പുറത്തുവിടുകയും ചെയ്തു. ഇൻഷുറൻസുള്ള വണ്ടിയ്ക്ക് നാലായിരം രൂപയാണ് എം വി ഐ പിഴയിട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam